Saturday, 23 Nov 2024
AstroG.in

മകരച്ചൊവ്വയിലെ കാളി, മുരുക ഉപാസനയ്ക്ക് ഇരട്ടിഫലം

ജ്യോതിഷരത്നം വേണുമഹാദേവ്

മകരത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയായ    മകരച്ചൊവ്വ സുബ്രഹ്മണ്യസ്വാമിയുടെയും ഭദ്രകാളി ദേവിയുടെയും അനുഗ്രഹം നേടാൻ അത്യുത്തമമാണ്. ജ്യോതിഷ ചക്രത്തിലെ പത്താമത്തെ  രാശിയായ മകരം ചൊവ്വയുടെ ഉച്ചക്ഷേത്രമാണ്. ചൊവ്വ ഏറ്റവും ബലവാനാകുന്ന ഈ രാശിയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയുമാണ്. ഓജരാശിയിൽ ചൊവ്വ നിൽക്കുന്നവർ മുരുകനെയും യുഗ്മരാശിയിൽ നിൽക്കുന്നവർ ഭദ്രകാളിയെയും പൂജിക്കണം.

ഓജരാശിയായ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളിൽ ചൊവ്വ നില്ക്കുന്നവർ ചൊവ്വ ദശയിലും അപഹാരത്തിലും ഗോചരാൽ ചൊവ്വ ദോഷമുള്ള സമയത്തും നിത്യവും സുബ്രഹ്മണ്യനെ ഉപാസിക്കണം. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം, പഞ്ചാമൃതാഭിഷേകം, ഷഷ്ഠി വ്രതാചരണം, സുബ്രഹ്മണ്യ സ്തുതികളുടെ ജപം എന്നിവ ഉത്തമമാണ്. ഇത്തവണ മകരച്ചൊവ്വ വരുന്ന 2021 ജനുവരി 19 ന് ഷഷ്ഠിയുമാണ്. അതിനാൽ ഈ മകരച്ചൊവ്വ അനുഷ്ഠാനപരമായി അതിവിശേഷപ്പെട്ടതാണെന്ന് ആചാര്യന്മാർ പറയുന്നു.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കർക്കടകം കന്നി, വൃശ്ചികം, മകരം, മീനം രാശികളിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും പ്രത്യേകിച്ച് ചൊവ്വ ദശാ കാലത്തും ഗോചരാരാൽ ചൊവ്വ അനിഷ്ടസ്ഥാനങ്ങളിൽ നിൽക്കുന്നവരും ഭദ്രകാളിയെ ഭജിക്കണം മകര ചൊവ്വ ദിവസമായ ജനുവരി 19 ന്  ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തി കടുംപായസ നിവേദ്യം, ചുവന്ന പൂക്കൾ കൊണ്ട് അർച്ചന, ചുവന്ന പട്ട് സമർപ്പണം ഇവ നടത്തുന്നത് ഉത്തമമായ ദോഷ പരിഹാരമാണ്.

ലഗ്നം, 4, 5, 9 എന്നിവിടങ്ങളിൽ ചൊവ്വ നിൽക്കുന്നവർ സൗമ്യ സങ്കല്പത്തിൽ ഭദ്രകാളിയെ ഭജിക്കണം. 2, 7, 10, 11 ഭാവങ്ങളിൽ ചൊവ്വ നില്ക്കുന്നവർ സുമുഖിയായ ഭഗവതിയെ ഭജിക്കുന്നത് നന്നായിരിക്കും 3, 6, 8, ഇവയിലുള്ളവർ കൊടുങ്കാളി, കരിങ്കാളി തുടങ്ങി തമോഗുണാധിക്യമുള്ള  കാളിയെ ഭജിക്കുന്നതുത്തമം.

എല്ലാ ഭദ്രകാളി / സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും  വിശേഷാല്‍ പൂജകളോടെയാണ് മകരമാസത്തിലെ  മകരച്ചൊവ്വ അഥവാ മുപ്പെട്ടുചൊവ്വ ആചരിക്കുന്നത്.

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

error: Content is protected !!