Monday, 25 Nov 2024
AstroG.in

മകരച്ചൊവ്വ ദിവസം ഷഷ്ഠിവ്രതം; ശ്രേഷ്ഠം ഇരട്ടി ഫലദായകം

മംഗള ഗൗരി
ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠി വ്രതം നോറ്റ് ശ്രീമുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതിക്ക് എടുക്കുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠി വ്രതം.

ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠി തിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. 2024 ജനുവരി 16 നാണ് മകരത്തിലെ ഷഷ്ഠി. സുബ്രഹ്മണ്യ പ്രധാനമായ മകരച്ചൊവ്വ ദിവസം ഷഷ്ഠിവ്രതം കൂടി വരുന്നത് വളരെയധികം വിശേഷവും ഇരട്ടി ഫലദായകവുമാണ്. പൗഷ മാസത്തിലെ ഈ ഷഷ്ഠിയില്‍ സ്‌കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന്‍ വിഷ്ണു രൂപം പ്രാപിച്ച ദിവസമാണിത്. ഷഷ്ഠി തിഥി സമയം: ജനുവരി 16 വെളുപ്പിന് 2:16 മുതൽ രാത്രി 11:58 വരെ. ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാ ദോഷമുള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് വളരെയധികം നല്ലതാണ്.

ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കവചം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാട് , പ്രസാദമൂട്ട് എന്നിവ നടത്തണം. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച് വ്രതം അനുഷ്ഠിക്കുക.

ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു. മൂലമന്ത്രമായ ഓം വചദ്ഭുവേ നമഃ ഷഷ്ഠി ദിനത്തിൽ കഴിയുന്നത്ര തവണ ജപിക്കുന്നത് നല്ലതാണ്. ഷഷ്ഠിനാളിൽ മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക് സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യവും ജപിക്കാനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം.
സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

ഭഗവാനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. ശ്ലോക അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിച്ച കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.

Story Summary: Significance and Benefits Of Makara Shashi Vritham ( Powsha Masa Shashi )

error: Content is protected !!