Sunday, 22 Sep 2024
AstroG.in

മകരസംക്രമ പൂജ ഇത്തവണ അത്യപൂർവ അനുഭവം

മകര സംക്രമത്തിന്റെ തലേ ദിവസമായ ജനുവരി 14ന് ശബരിമല തിരുനട  ഇത്തവണ അടയ്ക്കില്ല. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് ഇത്തവണ ജനുവരി  15ന് പുലര്‍ച്ചെ രണ്ടുമണി ഒന്‍പതു മിനിറ്റിനാണ്. ആ സമയത്ത് മകരസംക്രമ പൂജ നടത്തേണ്ടതിനാലാണ്  ഈ മാറ്റം.ജനുവരി15ന് രണ്ടു മണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. ഇതിനുശേഷം ഹരിവരാസനം പാടി  മൂന്നു മണിയോടെ അടയ്ക്കുന്ന നടനാലുമണിക്ക് മകരവിളക്കിനായി വീണ്ടും തുറക്കും.ചൊവ്വാഴ്ച രാത്രി കഴിഞ്ഞ് ബുധനാഴ്ച പുലരുന്നതിനിടയിലെ ഒരു മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ ആ രാത്രി മുഴുവന്‍ ഭക്തർക്ക് ദര്‍ശനം ലഭിക്കും. അത്യപൂര്‍വ്വമായാണ് ഇത്തരം  ഒരു സാഹചര്യം  വരുന്നത്.

ധനു രാശിയില്‍ നിന്ന് സൂര്യൻ മകരം രാശിയിലേക്ക്  പ്രവേശിക്കുന്നതാണ്  മകരസംക്രമം. ദക്ഷിണായനം കഴിഞ്ഞ്  ഉത്തരായനം തുടങ്ങുന്ന ഈ ദിനം  സദ്‌കര്‍മ്മങ്ങള്‍ക്ക് ഏറ്റവും ഉത്തമമാണ്. പകലിന്റെ ദൈര്‍ഘ്യം ഈ കാലയളവില്‍ കൂടുതലാണ്. മകര സംക്രമ ദിനത്തില്‍ ഉത്തരായനം ദേവന്മാര്‍ക്ക് പകലാണ്. ഈ സമയം സ്വര്‍ഗവാതില്‍ തുറന്നിരിക്കും എന്നാണ് വിശ്വാസം. ഈ ദിവസംസന്ധ്യയ്ക്കാണ് അയ്യപ്പ ഭഗവാൻ തിരുവാഭരണം ചാർത്തി അനുഗ്രഹം ചെരിയുന്നതും മകരവിളക്ക് തെളിയുന്നതും.

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന്‍ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തില്‍ ലയിച്ചത് മകര സംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്‌ളാദ സൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിച്ചതെന്നുമാണ്  ഐതിഹ്യം. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷമാണ്. ഈ ദീപാരാധനയോടൊപ്പം ശബരിമലയിലെ പൊന്നമ്പലമേട്ടിൽമകരജ്യോതി തെളിയും. ഇതാണ്  മകരവിളക്ക്;  മൂന്നു പ്രാവശ്യമാണ് മകരവിളക്ക്  തെളിയുക. ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം കാണാൻ ലക്ഷക്കണക്കിന് ഭക്തർ  എല്ലാക്കൊല്ലവും എത്താറുണ്ട്.

പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി പരിണമിച്ചത്‌ എന്നും വിശ്വസിക്കപ്പെടുന്നു.  
മകരവിളക്കും മകരജ്യോതിയും തമ്മിൽ സാങ്കേതികമായി വ്യത്യാസമുണ്ട്. മകരസംക്രമ ദിവസം  ആകാശത്ത് തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി. എന്നാൽ ആലങ്കാരികമായി പൊന്നമ്പലമേട്ടിൽ മനുഷ്യരാൽ തെളിയിക്കുന്ന മകരവിളക്കിനെ മകരജ്യോതി എന്നും പറയുന്നു.
അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് സമ്മാനിച്ച  ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ. പന്തളത്ത് സൂക്ഷിച്ചിരിക്കുന്ന ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിൽ  ശബരിമലയിൽ  കൊണ്ട് വരും. ഇവയാണ് മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിൽ അയ്യപ്പനെ അണിയിക്കുന്നത്. 

– വേണു മഹാദേവ്+ 9847475559

error: Content is protected !!