മകര സംക്രമം തിങ്കളാഴ്ച പുലർച്ചെ; ഉത്തരായന പുണ്യകാലം തുടങ്ങുന്നു
ജോതിഷി പ്രഭാ സീന സി.പി
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം കൊടുത്തു വിടുന്ന നെയ് ഭഗവത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്. അന്ന് വൈകിട്ട് 6.30ന് പന്തളം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം ചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധന നടക്കും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ഉദിച്ചുയരും.
ജനുവരി 15 തിങ്കളാഴ്ച തന്നെയാണ് മകര മാസപ്പുലരി. ഉത്തരായന പുണ്യ കാലം ആരംഭിക്കുന്നു എന്നതാണ് മകര സംക്രമത്തിന്റെ പ്രത്യേകത. ഈ സമയത്ത് സൂര്യന്റെ ഗതി വടക്കോട്ടായിരിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടകം 1 വരെയാണ് ഈ ഗതി. ഉത്തരായനത്തില്‍ സൂര്യശക്തി വര്‍ദ്ധിക്കും. ആത്മീയകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് അഭിഷ്ടസിദ്ധി നേടാന്‍ അനുകൂല സമയം. നിഷ്ഠയുള്ള ഉപാസനയിലൂടെ ഈ സമയത്ത് വേഗത്തില്‍ ഈശ്വരാനുഗ്രഹം നേടാനാകും. ഉപനയനത്തിനും അഷ്ടബന്ധകലശത്തിനും ക്ഷേത്രപ്രതിഷ്ഠയ്ക്കും ദേവപ്രശ്‌നചിന്തയിലൂടെ ദേവന്റെ ഹിതാഹിതങ്ങള്‍ മനസിലാക്കാനും മന്ത്രോപദേശം സ്വീകരിക്കുന്നതിനും
മറ്റ് പല ശുഭകാര്യങ്ങള്‍ക്കും ഉത്തരായനം ശ്രേഷ്ഠമാണ്.
അവതാരോദ്ദേശം പൂർത്തിയാക്കി ശ്രീ അയ്യപ്പൻ ശബരിമല ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചത്
മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ളാദ സൂചകമായാണ് പൊന്നമ്പലമേട്ടിൽ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഐതിഹ്യം. അയ്യപ്പന്റെ ജനനം മകര സംക്രമ ദിവസമാണ് എന്നും
ഐതിഹ്യമുണ്ട്. ശബരിമലയിൽ ഭക്തർ മകരജ്യോതി ദർശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം. ഈ ദിവസം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകർഷിക്കുന്നത്. സംക്രമസന്ധ്യയിൽ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം ലഭിക്കുന്നതാണ്.
കാലഗണന പ്രകാരം ദേവന്മാരുടെ പകലാണ് ഉത്തരായനം. മകര സംക്രമ ദിനത്തില്‍ ഈ പകൽ തുടങ്ങും. ഈ സമയം സ്വര്‍ഗവാതില്‍ തുറക്കും എന്നാണ് വിശ്വാസം. അതിനാൽ ഉത്തരായന കാലെത്തെ ആറു മാസത്തില്‍ മരിക്കുന്നവര്‍ സ്വർഗ്ഗം പ്രാപിക്കും എന്നാണ് വിശ്വാസം. സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ശരശയ്യയില്‍ ഉത്തരായനം കാത്തുകിടന്ന കഥ പ്രസിദ്ധമാണ്. ഭാരത യുദ്ധത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു – ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.
തീര്‍ത്ഥ സ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണ് മകര സംക്രമം എന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകര സംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്ന് വിശ്വസിച്ചു വരുന്നു. മകര സംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കര്‍ണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു.
ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)
Story Summary : Significance of Makara Sankramam, Makara Vilakku and Utharayana Punyakalam