മക്കൾ നല്ലവരാകാൻ ഒരേ ഒരു വഴി
ഗന്ധാരി കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ഭഗവാൻ കൃഷ്ണനോട് പറഞ്ഞു: “കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്”. പുഞ്ചിരി പൊഴിച്ചു കൊണ്ട് ഭഗവാൻ മറുപടി പറഞ്ഞു: “ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. ഒരോരുത്തരും അവർ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുഭവിക്കുന്നു; അത്ര മാത്രം”. എന്നിട്ട് ഭഗവാൻ ഗാന്ധാരിയോട് ചോദിച്ചു: “ഒരു അമ്മ എന്ന നിലയിൽ അവിടുന്ന് എപ്പോഴെങ്കിലും മക്കളെ ശാസിച്ചിട്ടുണ്ടോ..? അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, ദേവിയും ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം. കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ നിഷ്ഠരാക്കി. അങ്ങനെ ഒരു പരിചരണം, ശ്രദ്ധ, ദേവിയുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി”.
അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി ആകരുത്. കണ്ണു തുറന്നിരുന്ന കുന്തി ആകണം എന്നാണ് ഭഗവാൻ ഉദ്ബോധിപ്പിക്കുന്നത്. എക്കാലവും ഇത് പ്രസക്തമാണ്. മാതാപിതാക്കൾ നന്നായി ശ്രദ്ധിച്ചു വളർത്തുന്ന മക്കൾ ഒരിക്കലും വഴി തെറ്റിപ്പോകില്ല.