Monday, 1 Jul 2024
AstroG.in

മഞ്ഞപ്പട്ടുടുത്ത മുരുകനെ തൊഴുതാൽ അന്നം മുട്ടില്ല; വേൽ സുരക്ഷാകവചം

മംഗള ഗൗരി
ശ്രീ മഹാദേവന് സാക്ഷാൽ ശ്രീ പരമേശ്വരന് ഓങ്കാരപ്പൊരുൾ പകർന്നു നൽകിയ മഹാജ്ഞാനിയും മഹായോദ്ധാവും മഹാതപസ്വിയുമാണ് ശ്രീമുരുകൻ. ഷൺമുഖനായ സുബ്രഹ്മണ്യൻ്റെ ആറു മുഖങ്ങളിൽ അഞ്ചും ശിവൻ്റെ പഞ്ചഭാവങ്ങളും ആറാമത്തേത് ശക്തിഭാവവും ചേർന്നതാണ്. പന്ത്രണ്ട് കൈകളുള്ള വേലായുധസ്വാമിയുടെ പ്രധാന ആയുധങ്ങൾ വജ്റവും ശക്തിയുമാണ്. ശ്രീപാർവതിദേവി മകൻ്റെ ചൈതന്യം തിരിച്ചറിഞ്ഞ് ദിവ്യായുധമായ ശക്തി അതായത് വേൽ അസുരസംഹാരത്തിനായി സുബ്രഹ്മണ്യന് നൽകി. ശക്തി കൈയിൽ ധരിക്കുന്നവനായതിനാൽ ശക്തിധരൻ, വേലായുധൻ തുടങ്ങിയ പേരുകൾ കുമാരന് ലഭിച്ചു. പഴനി അടക്കം ചില ക്ഷേത്രങ്ങളിൽ വേലിനു പകരം ദണ്ഡം അതായത് ഇരുമ്പുലക്ക മുരുകൻ്റെ കൈകളിൽ കാണാം. അതുകൊണ്ട് സുബ്രഹ്മണ്യഭഗവാനെ ദണ്ഡപാണി, ദണ്ഡായുധപാണി എന്നിങ്ങനെയും അറിയപ്പെടുന്നു. കോഴി അഥവാ കുക്കുടത്തെ കൊടിയടയാളമായും മയിലിനെ വാഹനമായും ഭഗവാൻ സ്വീകരിച്ചു. അതിനാൽ കുക്കുടധ്വജൻ, മയൂരവാഹനൻ, ശിഖിവാഹനൻ, എന്നീ പേരുകളും മുരുകന് ലഭിച്ചു.

സുബ്രഹ്മണ്യ സ്വാമിയുടെ അവതാരം, മഹാത്മ്യം, ലീലകൾ, പേരുകൾ തുടങ്ങിയവ പറഞ്ഞു തുടങ്ങിയാൽ അനന്തമായി നീളും. ശിവപുരാണം, സ്കന്ദപുരാണം, മത്സ്യപുരാണം, വാമനപുരാണം, പത്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ലിംഗപുരാണം, വരാഹപുരാണം, ദേവീപുരാണം, വിഷ്ണു ധർമ്മോത്തപുരാണം, രാമായണം, മഹാഭാരതം എന്നിവയിലെല്ലാം സുബ്രഹ്മണ്യ ചരിതം കാണാം. ശിവ ശക്തി സംഭവനായ മുരുകന് ദക്ഷിണേന്ത്യയിൽ അതിശക്തമായ സ്വാധീനമുണ്ട്. ജ്ഞാനപ്പഴമായ ശ്രീ മുരുകന് തമിഴ്നാട്ടിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഉണ്ട്. ഇതിൽ തിരുപ്പറം കുൻട്രം, തിരുച്ചെന്തൂർ, തിരു ആവിനൻ കുടി എന്ന പഴനി, സ്വാമിമല, തിരുത്തണി, പഴമുതിർ ചോലൈ എന്നിവ ഭഗവാൻ്റെ ആറുപടൈവീടുകൾ എന്ന പേരിൽ പ്രസിദ്ധമാണ്. വള്ളി ദേവസേന സങ്കല്പത്തിലാണ് വേലായുധ സ്വാമിയെ കൂടുതലായി ആരാധിക്കുന്നത്. ബ്രഹ്മചാരിയായും ഭഗവാനെ ഉപാസിക്കുന്നുണ്ട്.

മഞ്ഞപ്പട്ടുടുത്ത മുരുകനെ തൊഴുതാൽ അന്നപാനാദികളും വസ്ത്രവും മുട്ടില്ല എന്നാണ് വിശ്വാസം. ശ്രീമുരുകനെപ്പോലെ തന്നെ മുരുകന്റെ ആയുധങ്ങളും ആഭരണങ്ങളും ശ്രേഷ്‌ഠമായി ഭക്തർ കരുതുന്നു. ഭഗവാൻ്റെ തോൾ വളകളും കണ്ഠാഭരണമായ നവരത്നമാലയും ജ്യോതിർസ്വരൂപം എന്നാണ് സങ്കല്പം. ഇതിൻ്റെ ദർശനം മനോമാലിന്യങ്ങളും ചിന്താപരമായ അന്ധകാരവും അകറ്റി സമാധാനവും ശാന്തിയുമേകും. ആറുപടൈ വീടുകൾ പോലുള്ള മഹാക്ഷേത്രങ്ങളിലെ മുരുകദർശനം മഹാഭാഗ്യവും പുണ്യപ്രദവുമായി കണക്കാക്കുന്നു. ഈ ദർശനം ലഭിക്കുന്നവരിൽ നിന്ന് അജ്ഞാനം അകന്ന് ജ്ഞാനം വർദ്ധിക്കും. അതുപോലെ ഭഗവാൻ്റെ കാതിൽ പ്രകാശിക്കുന്ന മണികുണ്ഡലങ്ങൾ ദർശിക്കുമ്പോൾ കുമാരസ്വാമിയുടെ കവിളിണകൾ മാത്രമല്ല ഭക്തരുടെ മനസും പ്രകാശമാനമാകുന്നു.

ഭഗവാന്റെ അരയിലെ പീതാംബരം ദർശിച്ച് തൊഴുതാൽ അന്നപാനാദികൾക്കും വസ്ത്രത്തിനും ഗൃഹത്തിനും ഒരു മുട്ടുമുണ്ടാകില്ല എന്നാണ് വിശ്വാസം. മുരുകകൃപ ലഭിച്ചാൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഒരു ക്ഷാമവും നേരിടില്ല. ഭഗവാൻ കൈയിൽ ഏന്തിയിരിക്കുന്ന വേൽ വിശിഷ്ടവും ദിവ്യവുമാണ്. ഭഗവാൻ്റെ പര്യായം തന്നെ വേൽമുരുകൻ എന്നാണ്. ഭക്തർ സുബ്രഹ്മണ്യസ്വാമിയെ ഏറ്റവും കൂടുതൽ സ്തുതിക്കുന്നത് വേൽമുരുകാ ഹരോ ഹര എന്ന് പ്രാർത്ഥിച്ചാണ്. വേൽ ഭഗവാൻ്റെ അലങ്കാരം മാത്രമല്ല തന്റെ ഭക്തർക്ക് ശത്രുക്കൾക്ക് ചുറ്റും സുരക്ഷാകവചം തീർക്കുന്ന ദിവ്യായുധം കൂടിയാണ്.

ക്ഷിപ്രഫലസിദ്ധിയാണ് ശ്രീ മുരുക പ്രാര്‍ത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തിൽ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം ധനു, കുംഭം തുടങ്ങിയ രാശികളിൽ നിൽക്കുന്നവരും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നിൽക്കുന്നവരും ചൊവ്വാ പ്രീതി നേടാൻ സുബ്രഹ്മണ്യ ഭജനം നടത്തുക തന്നെ വേണം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യരായം
ഓം ശരവണഭവഃ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

Story Summary: Significance of Lord Subramaniaya Worshipping

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!