Saturday, 23 Nov 2024
AstroG.in

മണ്ടയ്ക്കാട്ടമ്മ കനിഞ്ഞാൽ എന്തും നടക്കും; ചിതലിൽ ചന്ദനം നിറച്ച് കൊട ദർശനം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

പഴയ തിരുവിതാംകൂറിലെ ഏറ്റവും പ്രധാന ദേവീ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ടയ്ക്കാട്ടമ്മൻ കോവിൽ ഈ വർഷത്തെ കൊട മഹോത്സവത്തിന് ഒരുങ്ങുന്നു. എല്ലാ വർഷവും കുംഭത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ച ആണ് മണ്ടയ്ക്കാട്ട് കൊട. 15 അടി ഉയരമുള്ള ഒരു മൺപുറ്റാണ് പാർവതീ സങ്കല്പത്തിൽ ആരാധിക്കുന്നത്. കൊടുങ്ങല്ലൂരമ്മയാണ് മണ്ടയ്ക്കാട്ടുള്ളതെന്നും വിശ്വസിക്കുന്നു; സ്വയം ഭൂദേവിയാണിത്. കുംഭച്ചൂടിൽ ചിതൽപ്പുറ്റിൽ ഉണ്ടാകുന്ന വിള്ളലുകളിൽ ചന്ദനം നിറച്ച് നികത്തുന്നതാണ് കൊട മഹോത്സവത്തിലെ പ്രധാന ചടങ്ങ്. ഇതിനായി ഭക്തർ ആഘോഷമായി കളഭം എഴുന്നള്ളിക്കാറുണ്ട്.

10 ദിവസം നീളുന്ന മഹോത്സവം കുംഭത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊടിയേറ്റോടെ തുടങ്ങുന്ന ഉത്സവം കൊട എന്ന പേരിലാണ് പ്രസിദ്ധം. തമിഴിൽ കൊടൈ വിഴ എന്നറിയപ്പെടുന്നു. 41 ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടും ശരണം വിളികളുമായി ഭക്തർ കൊട ഉത്സവകാലത്ത് ഇവിടെ എത്തുന്നു. അതിനാൽ സ്ത്രീകളുടെ ശബരിമലയായും പ്രസിദ്ധം. ആഗ്രഹസാഫല്യം ദുരിത മോചനം തുടങ്ങിയ കാര്യസിദ്ധിക്കായി കൊടയോട് അനുബന്ധിച്ച് സ്ത്രീകൾ ആചരിക്കുന്ന ഒരു പ്രധാന അനുഷ്ഠാനമാണ് പൊങ്കാല.
ഈ ദിവസം അമ്മയുടെ സന്നിധിയിൽ പൊങ്കാലയിട്ട് മണ്ടയപ്പ വഴിപാട് നടത്തിയാൽ എല്ലാദുരിതങ്ങളും അകലും. അരി, പയറ്, ശർക്കര എന്നിവ ചേർത്താണ് മണ്ടയപ്പം ഉണ്ടാക്കുന്നത്. ഇതാണ് മണ്ടയ്ക്കാട്ടെ പ്രധാന വഴിപാട്. കൊട മഹോത്സവത്തിന് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊട, ഭരണി കൊട എന്നീ വിശേഷ പൂജകൾ ഉണ്ട്.

കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ഭക്തരുടെ വൻ ഒഴുക്കാണ് ഇവിടേക്ക്. വൈകുണ്ഠസ്വാമികളുടെ അഖിലത്തിരട്ട് എന്ന പുസ്തകത്തിൽ ഈ ക്ഷേത്രം പരാമർശിക്കുന്നുണ്ട്. കന്യാകുമാരിയിൽ കുളച്ചലിന് സമീപം മണ്ടയ്ക്കാട് ഗ്രാമത്തിൽ അറബിക്കടലിന്റെ തീരത്താണ് കോവിൽ. സംസ്ഥാന പാതയിൽ
കുളച്ചലിൽ നിന്നും 4 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേക്ക്. നാഗർകോവിലിൽ നിന്ന് 21 കി.മീ. തിരുവനന്തപുരത്ത് നിന്ന് 62 കി.മീ. തിരുവിതാംകൂർ സർക്കാർ കൊല്ലവർഷം 980, ക്രിസ്തുവർഷം 1805 ൽ ആദ്യം ഏറ്റെടുത്ത ക്ഷേത്രം ഇതാണ്. കൊന്നക്കോട് എന്ന നായർ തറവാടിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രത്തിലെ വരുമാനം കണ്ടാണ് ഖജനാവിലേക്ക് മുതൽ കൂട്ടാൻ വേലുത്തമ്പി ദളവ ക്ഷേത്രം ഏറ്റെടുത്ത് സർക്കാരിന്റേതാക്കിയത്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ +91 9847575559

Summary: Mandaikadu Kodai: The most important festival observed at Mandaikadu Bhagavathi Amman Kovil

error: Content is protected !!