Saturday, 23 Nov 2024
AstroG.in

മണ്ഡലകാലത്തിന് പരിസമാപ്തിയായി ഗുരുവായൂരിൽ കളഭാട്ടം ബുധനാഴ്ച

മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഡിസംബർ 27 ബുധനാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും. കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് ഈ കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേകത്തോടെ ചൈതന്യവത്തായ ബിംബത്തില്‍ കളഭം നിറയുമ്പോൾ ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലെത്തും. എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭം ചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം അതിവിശിഷ്ടവും പുണ്യകരവും പ്രസിദ്ധവുമാണ്. പതിവിൽ ഇരട്ടി ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കും.

നാൽപത് ഉരുളയ്ക്കടുത്ത് കളഭമാണ് കളഭാട്ടത്തിനായി കരുതുന്നത്. ഇതിന്റെ ഒരുക്കത്തിനായി ക്ഷേത്രം ഓതിക്കൻമാർ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രം തന്ത്രിയാണ് രാവിലെ പൂജിച്ച കളഭം ഭഗവാന് അഭിഷേകം ചെയ്യുക. പിറ്റേന്ന് നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും. കളഭാട്ടദിനത്തിലെ ഭഗവദ് ദര്‍ശനത്തിനും പ്രത്യേകത ധാരാളമുണ്ട്. സഹസ്രകലശത്തിലൂടെ ഉത്സവകാലത്ത് ഭഗവദ്ചൈതന്യം വര്‍ദ്ധിക്കുമ്പോള്‍ മണ്ഡലകാലത്ത് പഞ്ചഗവ്യത്താലുള്ള അഭിഷേകമാണ് ചൈതന്യത്തികവ് നൽകുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കാണ് കളഭാട്ട ദിനത്തില്‍ ഉത്സവാഘോഷവും ചുറ്റുവിളക്കും നടത്തുന്നത്. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. വിശേഷാല്‍ എഴുന്നെള്ളിപ്പിന് ഗജവീരന്മാരും മേളക്കൊഴുപ്പേകാന്‍ പ്രമാണിമാരും നിരക്കുമ്പോള്‍ ഗുരുവായൂർ ഉത്സവതിമിർപ്പിലാകും. ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി. സന്ധ്യക്ക് തായമ്പക. രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പ്. കളഭം ഭക്തര്‍ക്ക് പിന്നീട് വിതരണം ചെയ്യും.

error: Content is protected !!