Saturday, 23 Nov 2024
AstroG.in

മണ്ഡല – മകരവിളക്ക് കാലത്തെ
അയ്യപ്പ ഭജനയ്ക്ക് പത്തിരട്ടി ഫലം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കലിയുഗ വരദനായ അയ്യപ്പനെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി നേടുന്നതിനും ആഗ്രഹസാഫല്യത്തിനും പറ്റിയ ഏറ്റവും ലളിതമായ മാർഗ്ഗമാണ് അയ്യപ്പഭജനം.

ചെറിയ ഒരു ഇടവേളയൊഴിച്ച് തുടർച്ചയായി രണ്ടു മാസത്തോളം ശബരിമല നട എല്ലാ ദിവസവും തുറക്കും എന്നതാണ് മണ്ഡല – മകരവിളക്ക് കാലത്തിന്റെ പ്രത്യേകത. അതിനാൽ ഈ പുണ്യ കാലത്ത് ചെയ്യുന്ന ശ്രീ ധർമ്മശാസ്താ ഉപാസനാ കർമ്മങ്ങൾക്ക് പത്തിരട്ടി ഫലമാണ്. മന്ത്രജപം, ഉപാസന, ഹോമം, യന്ത്രലേഖനം എന്നിവയ്ക്ക് ഏറ്റവും നല്ല സമയമാണ് വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡലകാലം.

ശബരിമല, എരുമേലി, ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ എന്നിവയാണ് കേരളത്തിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ഈ 41 ദിനവും ഉത്സവതുല്യമായി ആചരിക്കുന്നു. കോവിഡ് ഭീഷണിയിൽ അയവു വന്ന സാഹചര്യത്തിൽ ദിവസവും 30,000 ഭക്തർക്ക് സന്നിധാനത്ത് പ്രവേശനമുണ്ടാകുമെന്ന് അറിയുന്നു.

മത്സ്യമാംസാദികൾ ത്യജിച്ചു വേണം മണ്ഡലവ്രതം എടുക്കാൻ. ബ്രഹ്മചര്യവും പാലിക്കണം. ലഘുഭക്ഷണം കഴിക്കുക. എല്ലാദിവസവും രാവിലെ കുളികഴിഞ്ഞ് അയ്യപ്പന്റെ ധ്യാന ശ്ലോകം ജപിച്ച ശേഷം അല്ലെങ്കിൽ കേട്ട ശേഷം ഓം ഘ്രൂം നമ: പരായഗോപ്‌ത്രേ എന്ന മൂലമന്ത്രം
108 തവണ ജപിക്കുക. ഒപ്പം ശനിയാഴ്ചവ്രതം നോറ്റ് സാധുക്കൾക്ക് അന്നദാനം, അയ്യപ്പക്ഷേത്രദർശനം, നീരാജനം തെളിക്കൽ എന്നിവ നടത്തിയാൽ അതി കഠിനമായ ശനിദോഷങ്ങൾ പോലും അകലും. ശനിയാഴ്ച ദിവസങ്ങളിൽ പൂർണ്ണ ഉപവാസം വേണം. രാവിലെ അയ്യപ്പക്ഷേത്രദർശനം നടത്തണം. 12 ശനിയാഴ്ച ഇങ്ങനെ ചെയ്താൽ അനുകൂല ഫലം കണ്ടുതുടങ്ങും.

നെയ്യഭിഷേകം
അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് നെയ്യഭിഷേകം ആണ്. ശബരിമല ദർശനം നടത്തുന്നവർ നെയ് തേങ്ങ കൊണ്ടു പോകുകയും നെയ്യഭിഷേകം നടത്തുകയും ചെയ്യാറുണ്ട്. എല്ലാ ശാസ്താ ക്ഷേത്രത്തിലും നെയ്യഭിഷേകം നടത്താം. മൂന്നുനാഴി നെയ്യാണ് അഭിഷേകത്തിന് നല്‌കേണ്ടത്. തലേന്ന് ക്ഷേത്രപൂജാരിയെ നെയ്യ് ഏല്പിച്ച് അഭിഷേകത്തിന് ചുമതലപ്പെടുത്തണം. 5 ശനിയാഴ്ച ഇങ്ങനെ ചെയ്യിക്കുന്നത് പാപശമനത്തിന് ഗുണകരം. അഭിഷേകം ചെയ്ത നെയ് വാങ്ങി പ്രസാദമായി 21 ദിവസം പുലർച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.

കരിക്കഭിഷേകം
അയ്യപ്പപ്രീതിക്ക് ഉത്തമമായ മറ്റൊരു വഴിപാട് കരിക്കഭിഷേകമാണ്. ഏഴു കരിക്ക് അഭിഷേകം ചെയ്യണം. രോഗശാന്തിയും ആരോഗ്യസിദ്ധിയും ഫലം. അഞ്ചുദിവസം തുടർച്ചയായി ചെയ്യുക.

ഭസ്മാഭിഷേകം
വിഘ്‌ന നിവാരണം, ത്വക്‌രോഗശാന്തി,വിദ്യാവിജയം എന്നിവയ്ക്ക് ഗുണകരമാണ് ശാസ്താവിന് ഭസ്മാഭിഷേകം നടത്തുക.12 പിടി (2 കൈകളും കൂടി) ഭസ്മം കൊണ്ടാണ് ഭസ്മാഭിഷേകം നടത്തേണ്ടത്. തുടർച്ചയായി 7 ദിവസം ചെയ്യിക്കുക.

എള്ളുപായസം
എള്ളു ചേർന്ന ശർക്കര പായസം അയ്യപ്പസ്വാമിയുടെ ഇഷ്ടനിവേദ്യമാണ്. 7 ശനിയാഴ്ച ഉത്രം നക്ഷത്രം,ബുധനാഴ്ച എന്നീ ദിവസങ്ങൾ ഈ വഴിപാട് നടത്താൻ ഗുണകരമാണ്. പാപശമനം, അഭീഷ്ടസിദ്ധി എന്നിവ ഉണ്ടാകും.

ശംഖുപുഷ്പം അർച്ചന
നീല ശംഖുപുഷ്പം കൊണ്ട് അർച്ചന നടത്തുന്നത് അഭീഷ്ടസിദ്ധിക്കും വിഘ്‌നനിവാരണത്തിനും നല്ലതാണ്.

നീരാജനം
എള്ളു കിഴിയുണ്ടാക്കി ശാസ്താവിന് നീരാജനം കത്തിക്കുന്നത് അഭിഷ്ടസിദ്ധിക്ക് പ്രയോജനകരമാണ്. തുടർച്ചയായി 12 ദിവസം ചെയ്താൽ വേഗം ഫലം കിട്ടും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 09447020655

error: Content is protected !!