Friday, 22 Nov 2024
AstroG.in

മണ്ണാറശാലയിൽ തിരുവാഭരണം ചാർത്തി പൂജ; എഴുന്നള്ളത്തും അമ്മയുടെ നുറുംപാലും ഇല്ല

ശൈവ – വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയമായ മണ്ണാറാശാല നാഗരാജക്ഷേത്രം ആയില്യം മഹോത്സവത്തിന് ഒരുങ്ങി. കന്നിമാസ ആയില്യമാണ് സർപ്പദൈവങ്ങളുടെ പിറന്നാളെങ്കിലും തുലാമാസത്തിലെ ആയില്യ ആഘോഷങ്ങൾക്കാണ് മണ്ണാറാശാലയിൽ പ്രാധാന്യം. മണ്ണാറാശാല ഇല്ലം വകയാണ് നാഗക്ഷേത്രം.

2021 ഒക്ടോബർ 30 നാണ് ഇത്തവണ മണ്ണാറശാല ആയില്യം. കോവിഡ് നിയന്ത്രണങ്ങൾ കാരണവും മണ്ണാറശാല അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലും അമ്മ നേരിട്ട് നടത്തേണ്ട പൂജകൾ ഒഴിവാക്കിയിട്ടുണ്ട്. അമ്മ തന്നെ ചെയ്യേണ്ട പൂജകൾ പകരം ആരും ചെയ്യാൻ പാടില്ല എന്നാണ് നിശ്ചയം. മറ്റ് പൂജകൾ കാരണവരുടെ നേതൃത്വത്തിൽ മുറപ്രകാരം നടക്കും. രോഹിണി നാളിൽ ആയില്യം അനുബന്ധമായ പൂജകൾ തുടങ്ങും. ആയില്യത്തിന് മുൻപായി നാലാം നാളായ പുണർതത്തിന് മുഴുക്കാപ്പ്, ചന്ദനം ചാർത്തൽ നടക്കും. സാധാരണ പൂയം നാളിൽ അമ്മയായിരിക്കും ഉച്ചപൂജ നടത്തുന്നത്. ഇത്തവണ അത് കാരണവർ നടത്തും. അദ്ദേഹം തന്നെ നിവേദ്യം സമർപ്പിച്ച് പൂജ നടത്തും. അന്ന് വൈകിട്ട് പൂയം തൊഴൽ ഭാഗമായി വിളക്ക് വച്ച് വാദ്യമേളവട്ടം ഉണ്ടാകും. ആയില്യ ദിവസം രാവിലെ നിർമ്മാല്യ ദർശന ശേഷം അഭിഷേകങ്ങൾ, വാസുകിക്ക് തിരുവാഭരണം ചാർത്തിയുള്ള പൂജ, ഉച്ച പൂജ എന്നിവ നടക്കും. ഉച്ചപൂജ കഴിഞ്ഞുള്ള എഴുന്നള്ളത്ത്, നൂറും പാലും തുടങ്ങിയ ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. അമ്മ നേരിട്ട് ദർശനം നൽകില്ലെന്ന് ദേവസ്വം കമ്മറ്റി ഭാരവാഹികളിൽ ഒരാളായ നാഗദാസ് തിരുമേനി പറഞ്ഞു. മണ്ണാറശാല ആയില്യം തൊഴുതാൽ മാനസിക സുഖം, ദാമ്പത്യസുഖം, സമ്പൽ സമൃദ്ധി, സന്താന ഭാഗ്യം, ത്വക് രോഗ ശമനം, ആരോഗ്യ വർദ്ധനവ്, രോഗമുക്തി, വിദ്യാ വിജയം തുടങ്ങി എല്ലാ ഐശ്വര്യങ്ങളും കൈവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ട് ദർശനം നേടാൻ കഴിയാത്തവർ ഈ വിശേഷദിവസം നാഗദേവതകളെ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ എല്ലാ അനുഗ്രഹവും ലഭിക്കും.

കോവിഡ് നിയന്ത്രണങ്ങൾ കാരണം പെതുജനങ്ങളെ ഉത്സവ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് ഹരിപ്പാട് പൊലീസ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അറിയിച്ചിട്ടുണ്ട്. ക്ഷേത്ര ആചാരങ്ങളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണം; സാമൂഹ്യ അകലം പാലിക്കണം. 10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ചടങ്ങിൽ പങ്കെടുക്കുത്.

Story Summary: Mannarasala Aayilyam 2021: Pooja Details


error: Content is protected !!