Friday, 22 Nov 2024
AstroG.in

മണ്ണാറശാല ആയില്യം, ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2023 നവംബർ 5 – 11 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
മണ്ണാറശാല ആയില്യം, രമാ ഏകാദശി, പ്രദോഷ വ്രതം,
ദീപാവലി വ്രതാരംഭം എന്നിവയാണ് 2023 നവംബർ 5 ന് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ
പ്രധാന വിശേഷങ്ങൾ. തിങ്കളാഴ്ചയാണ് മണ്ണാറശാല ആയില്യം. വാസുകി ഭാവത്തിലുളള നാഗരാജാവിന്റെ തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക പൂജകളും നൂറും പാലും പുതിയഅമ്മയായി സംവത്സര ദീക്ഷ നോൽക്കുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന്റെ പ്രത്യേക ദർശനം
ഇവയാണ് മണ്ണാറശാല ആയില്യത്തിന്റെ വിശേഷങ്ങൾ. നാഗാരാധനയ്ക്ക് പ്രധാന ദിവസമായ തുലാമാസത്തിലെ ആയില്യത്തിന് നാഗപ്രതിഷ്ഠയുളള ഏത് ക്ഷേത്രത്തിലും നൂറും പാലും നാഗപൂജയും നടത്തി പ്രാർത്ഥിച്ചാൽ നാഗദോഷങ്ങൾ മാറി കുടുംബത്തിനും സന്തതികൾക്കും എല്ലാ ഐശ്വര്യങ്ങൾ കൈവരും. തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി നവംബർ 9 വ്യാഴാഴ്ചയാണ്. അന്ന് രാവിലെ 7:12 മണിക്കും വൈകിട്ട് 5:50 മണിക്കും മദ്ധ്യേയാണ് ഹരിവാസരം. ഏകാദശി നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കണം. രമാഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോൽക്കുന്നത് ജീവിത വിജയത്തിനും തടസങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. നവംബർ 10 നാണ് ശിവപ്രീതികരമായ തുലാത്തിലെ കറുത്തപക്ഷ പ്രദോഷ വ്രതാചരണം. ഈ ദിവസം ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹങ്ങളും നടക്കും. നവംബർ 12 ഞായറാഴ്ചയാണ് ദീപാവലി . അതിന് വ്രതം എടുക്കുന്നവർ 11 ന് ശനിയാഴ്ച വ്രതം തുടങ്ങണം.
അന്ന് ചോതി നക്ഷത്രം ആദ്യ പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
വരുമാനം വർദ്ധിപ്പിക്കാന് പുതിയ മാർഗ്ഗം കണ്ടെത്തും.
ആഗ്രഹങ്ങൾ സാധിക്കും. മികച്ച ജോലി ലഭിക്കും. രോഗം
ശമിക്കും. അർപ്പണബോധവും കഠിനാദ്ധ്വാനവും ഗുണം
ചെയ്യും. ജീവിത പങ്കാളിയുമായുള്ള തർക്കം, പിണക്കം
എന്നിവ പരിഹരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുടുംബത്തോടൊപ്പം യാത്രയ്ക്ക് അവസരം
ലഭിക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് സമയം
അനുകൂലമായിരിക്കും. ചെലവ് നിയന്ത്രിക്കാൻ കഴിയും.
എന്നും ദുർഗ്ഗാ അഷ്ടോത്തരശതനാമാവലി ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
പുതിയ ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ജോലിയിൽ
പുരോഗതിയും വിജയവും നേടും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കും. വീടുപണി തുടങ്ങും. പ്രിയപ്പെട്ടവരുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. യാത്രകൾ ഫലവത്താകും. ബിസിനസ്സിൽ സാമ്പത്തിക നഷ്ടം നേരിടാൻ സാദ്ധ്യതയുണ്ട്. കടമകൾ
നിറവേറ്റാൻ കഴിയും. കുടുംബ ജീവിതത്തിൽ കൂടുതൽ സന്തോഷം ലഭിക്കും. പണമിടപാടുകളിൽ ജാഗ്രത വേണം.
ഓം നമോ നാരായണായ ദിവസവും 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
കർമ്മരംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുത്ത് വിജയിപ്പിക്കും. കുടുംബാംഗങ്ങൾക്കിടയിൽ പ്രിയം കൂടും. സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കും.
ദൗർബല്യങ്ങൾ അതിജീവിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും.
വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. ആഗ്രഹം
തുറന്നു പറയാൻ കഴിയും. വ്യാപാരത്തിൽ ലാഭമുണ്ടാകും. പ്രണയം പൂവണിയും. ഓഫീസിൽ മിതത്വം പാലിക്കണം.
ഓം നമഃ ശിവായ നിത്യവും 108 തവണ ജപിക്കണം.

കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മികച്ച ലാഭം കിട്ടുന്ന
നിക്ഷേപങ്ങൾ നടത്താൻ കഴിയും. വീട്, ഭൂമി ഇടപാടുകൾ
നടത്തും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകും. സാമൂഹ്യ രംഗത്ത് ശോഭിക്കും. അംഗീകാരങ്ങൾ
ലഭിക്കും. ജീവിതത്തിൽ സമൂലമായ മാറ്റത്തിനു സാധ്യത
കൂടുതലാണ്. എതിർപ്പുകൾ കുറയും. ശത്രുക്കളിൽ ചിലർ
സുഹൃത്തുക്കളാകും. മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടും. ബിസിനസ്സിൽ പുരോഗതി കൈവരിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
തൊഴിൽ രംഗത്ത് അവസരങ്ങളും ആഗ്രഹിച്ച നേട്ടവും വന്നുചേരും. അപ്രതീക്ഷിതമായ സംഭവങ്ങൾ ഗുണം ചെയ്യും. ഈശ്വരാനുഗ്രഹവും ഭാഗ്യവും ലഭിക്കും. വീട്, ഭൂമി വാങ്ങാൻ കഴിയും. പുതിയ പദവികൾ ഏറ്റെടുക്കും. ഒരു ബന്ധുവിന് പണം കടം കൊടുക്കും. എതിർപ്പുകൾ കുറയും. തടസ്സം നീങ്ങും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. മേലുദ്യോഗസ്ഥർ പ്രശംസിക്കും. ദിവസവും 108 ഉരു വീതം ഓം ശരവണ ഭവഃ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയും.
കലാരംഗത്ത് മികച്ച വിജയം വരിക്കും. സന്താനത്തിന്റെ വിവാഹം ഉറപ്പിക്കും. വിദേശയാത്രയ്ക്ക് ഭാഗ്യം ലഭിക്കും.
ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള
അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ കഴിയും. യാത്ര പോകും. വായ്പാ കുടിശ്ശികകൾ അടച്ചു തീർക്കാനാകും.
മുതിർന്നവർക്ക് രോഗ ദുരിതങ്ങളിൽ നിന്നും ആശ്വാസം
കിട്ടും. വെല്ലുവിളി നേരിടുന്നതിൽ കഴിവ് തെളിയിക്കും.
ഓം ക്ലീം കൃഷ്ണായ നമഃ എന്നും 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
അനാവശ്യ ചെലവ് നിയന്ത്രിക്കാൻ കഴിയും. പുതിയ
സംരംഭങ്ങൾ തുടങ്ങാൻ കഴിയും. സ്ഥലം മാറ്റം ലഭിക്കും.
ആഗ്രഹങ്ങൾ സഫലമാകും. ദാമ്പത്യ പ്രശ്നങ്ങൾക്ക്
പരിഹാരം കാണാൻ കഴിയും. ആരോഗ്യ സംബന്ധമായ
ഉത്കണ്ഠകൾ മാറും. കുടുംബ സ്വത്ത് കൈവശം വരും.
സഹോദരങ്ങൾ സഹായിക്കും. പുതിയ പദവികൾ കിട്ടും.
മാതാപിതാക്കളെ സന്തോഷിപ്പിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ
നിറവേറ്റും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഉന്നമനം ഉണ്ടാകും. പ്രതീക്ഷിച്ചതിലധികം
വരുമാനം ലഭിക്കും. വീട്ടിൽ മംഗള കർമ്മം നടക്കും. ഭാഗ്യം,
ഈശ്വരാധീനം എന്നിവ തിരിച്ചറിയുന്ന സന്ദർഭങ്ങൾ
ഉണ്ടാകും. ഭാവി ശ്രേയസ്സിന് ചില നിക്ഷേപങ്ങൾ നടത്തും.
സ്വജനങ്ങളുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സഹപ്രവർത്തകരുടെ അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ തിളങ്ങും. ഒരു രഹസ്യം തുറന്നുകാട്ടിയതിൽ ജാള്യത തോന്നും. പ്രണയം പൂവണിയും. എന്നും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
കാർഷിക രംഗത്ത് ആദായം വർദ്ധിക്കും. ദിനചര്യയിൽ
ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തും. കലാരംഗത്ത്
ശ്രദ്ധേയമാകും. ജോലിസംബന്ധമായ പ്രശ്നങ്ങൾക്ക്
പരിഹാരം കാണാനാകും.വ്യാപാരത്തിൽ പ്രതീക്ഷിച്ചതിൽ
കൂടുതൽ വിജയം നേടും. മുൻകാല നിക്ഷേപത്തിൽ നിന്ന് ധാരാളം പണം ലഭിക്കാൻ സാധ്യതയുണ്ട്. ശരിയായ
തീരുമാനങ്ങൾ എടുക്കാൻ കഴിയും. സന്താനഭാഗ്യത്തിന്
യോഗമുണ്ട്. ഔദ്യോഗികമായ സമ്മർദ്ദത്തിൽ ആശ്വാസം ലഭിക്കും. ജീവിതത്തിലെ ചില നല്ല മാറ്റങ്ങൾ ഉണ്ടാകും.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
സന്തോഷ വാർത്തകൾ കേൾക്കും. സ്വത്ത് തർക്കങ്ങൾ
രമ്യമായി പരിഹരിക്കാൻ കഴിയും. ഗൃഹ നിർമ്മാണം പുരോഗമിക്കും. പുതിയ വാഹനം വാങ്ങും. സമയത്തിനും പണത്തിനും വലിയ വിലയുണ്ട് എന്ന് മനസ്സിലാക്കാൻ
മറക്കരുത്. തെറ്റിദ്ധാരണകൾ പരിഹരിക്കും. ശത്രുത
അവസാനിപ്പിക്കും. മേലുദ്യോഗസ്ഥരുടെ സഹായങ്ങൾ
ലഭിക്കും. കലാരംഗത്ത് അപൂർവ്വനേട്ടങ്ങൾ സ്വന്തമാക്കും.
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ കഴിയും.
മാതാപിതാക്കൾക്ക് അഭിമാനിക്കാൻ ഇടയാക്കും. എന്നും
ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരുരുട്ടാതി 1,2,3)
ഒരു കുടുംബാംഗത്തിന്റെ ഇടപെടൽ മൂലം ഇഷ്ടങ്ങൾ നടക്കുന്നില്ല എന്ന ചിന്ത ശക്തമാകും. വിദ്വേഷവും കോപവും നിയന്ത്രിക്കണം. വിദേശ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ അല്ലെങ്കിൽ ആനുകൂല്യം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആഹാര രീതി
നിയന്ത്രിക്കണം. സാമ്പത്തിക പുരോഗതി കൈവരിക്കും.
ദാമ്പത്യത്തിൽ അപ്രതീക്ഷിതമായി സന്തോഷം ലഭിക്കും.
വിദ്യാർത്ഥികൾ സമയം പാഴാക്കരുത്. ആരോഗ്യസ്ഥിതി
മെച്ചപ്പെടും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമ്പത്തിക നേട്ടമുണ്ടാകും. ഗൃഹനിർമ്മാണത്തിന്
ആരംഭം കുറിക്കും. കർമ്മരംഗത്ത് വൻപിച്ച പുരോഗതി നേടും. പരീക്ഷകളിൽ വിജയം നേടും. സന്താനങ്ങളുടെ
കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഭൂമി ക്രയവിക്രയം
ചെയ്യാൻ പറ്റിയ സമയമാണ്. ആഗ്രഹിച്ച സ്ഥാനമാനം
ലഭിക്കും. വിദേശ യാത്രയ്ക്ക് നേരിട്ട തടസ്സം മാറിക്കിട്ടും.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. കുടുംബത്തിൽ ഒരു സന്താനഭാഗ്യം
കാണുന്നു. ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559
Summary: Predictions: This week for you

error: Content is protected !!