Sunday, 29 Sep 2024
AstroG.in

മണ്ണാറശാല ആയില്യം, മണ്ഡലകാല
ആരംഭം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2022 നവംബർ 13 – 19)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2022 നവംബർ 13 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മണ്ണാറശാല ആയില്യം, വൃശ്ചിക സംക്രമം, മണ്ഡലകാല ആരംഭം, ഓച്ചിറ 12 വിളക്കാരംഭം, വൈക്കത്തഷ്ടമി എന്നിവയാണ്. നവംബർ 16, തുലാം 30 ബുധനാഴ്ചയാണ് മണ്ണാറശാല ആയില്യം. നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസങ്ങളിൽ ഒന്നാണ് തുലാത്തിലെ ആയില്യം. അന്ന് നാഗപ്രതിഷ്ഠയുളള ഏതെങ്കിലും ക്ഷേത്രത്തിൽ നുറും പാലും നടത്തി പ്രാർത്ഥിച്ചാൽ നാഗദോഷങ്ങൾ പൂർണ്ണമായി മാറി കുടുംബത്തിനും സന്തതികൾക്കും എല്ലാ ഐശ്വര്യവും കൈവരും. നവംബർ 16 ബുധനാഴ്ച വൈകിട്ട് 7:15 മണിക്കാണ് സൂര്യസംക്രമം. മകം നക്ഷത്രം ഒന്നാം പാദത്തിൽ ചിങ്ങക്കൂറിലാണ് സൂര്യസംക്രമം നടക്കുക. മണ്ഡല, മകര വിളക്ക് ഉത്സവത്തിനായി അന്ന് വൈകിട്ട് ശബരിമല നട തുറന്ന് പുതിയ മേൽ ശാന്തി സ്ഥാനമേൽക്കും. തുടർന്ന് വൃശ്ചികപ്പുലരിയിൽ മണ്ഡലകാല മഹോത്സവം ആരംഭിക്കും. ശനി ദോഷം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മുക്തി നേടാൻ ഏറ്റവും ഉത്തമമാണ് മണ്ഡലകാലത്തെ ശബരിമല ദർശനവും അയ്യപ്പഉപാസനയും മറ്റ് അനുഷ്ഠാനങ്ങളും. നവംബർ 17 നാണ് വൈക്കത്തഷ്ടമിയും ഓച്ചിറ 12 വിളക്ക് ആരംഭവും. 2022 നവംബർ 13 ന് തിരുവാതിര നക്ഷത്രത്തിൽ തുടങ്ങുന്ന വാരം നവംബർ 19 ന് അത്തം നക്ഷത്രത്തിൽ അവസാനിക്കും.

ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ആശ്വാസം ലഭിക്കും. നീക്കിയിരുപ്പ് വർദ്ധിക്കും. സാമുഹ്യ പ്രവർത്തനങ്ങളിൽ നിന്നും ഉൾവലിയും. ഇഷ്ടമുള്ള ഒരു വ്യക്തിക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും. ഇക്കാര്യത്തിൽ അൽപ്പം വിവേകം പ്രകടിപ്പിക്കണം. വ്യക്തിപരമായി തിരക്ക് കൂടും. ജീവിതപങ്കാളിയെ പിരിഞ്ഞ് നിൽക്കേണ്ടി വരും. മികച്ച ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം. സഹപ്രവർത്തകർ അനുമോദിക്കും. സഹോദരങ്ങൾ അസുലഭമായ വിജയം കരസ്ഥമാക്കും. മാതാപിതാക്കൾ സഹായിക്കും. പ്രിയജനങ്ങളുമായി ഒത്തുചേരാനിടയുണ്ട്. പ്രൊഫഷണൽ കോഴ്‌സിന് പ്രവേശനം ലഭിക്കും. എല്ലാ ദിവസവും ഓം ഗം ഗണപതയേ നമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
രാഷ്ട്രീയ രംഗത്ത് അസൂയാവഹമായ ഉയർച്ച ലഭിക്കും. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരിച്ചു കിട്ടും. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കും. കഠിനാദ്ധ്വാനത്തിന് നല്ല ഫലം ലഭിക്കും. ഈശ്വരാധീനവും ഭാഗ്യവും വർദ്ധിക്കും. കരാർ പണിയിൽ ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾ കാരണം സന്തോഷം. ആഗ്രഹിച്ച ജോലി കിട്ടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദങ്ങൾ ഒഴിയും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കും. വിനോദയാത്ര നടത്താൻ പദ്ധതിയിടും. ശമ്പളം വർദ്ധിക്കും. കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യും. ജീവിത പങ്കാളിയോട് സത്യസന്ധത പുലർത്തും. കുടുംബ പ്രശ്നം പരിഹരിക്കാൻ കഴിയും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും. ശിവപ്രീതിക്ക് ധാര നടത്തി പ്രാർത്ഥിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. മാനസിക സന്തോഷം അനുഭവിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ പദ്ധതിയിടും. കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സമ്മർദ്ദം സൃഷ്ടിക്കും. വ്യാപാരത്തിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. പ്രണയ ബന്ധം ദൃഢമാക്കാൻ കഴിയും. തെറ്റിദ്ധാരണകൾ പൂർണ്ണമായും പരിഹരിക്കും. ജോലിയിൽ നല്ല പുരോഗതി കൈവരിക്കും. ക്ഷമാശീലം വർദ്ധിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. ജനങ്ങൾക്കിടയിൽ സ്വാധീനശേഷി കൂടും. ആഗ്രഹം സഫലമാകും. വിജയത്തിൽ മതിമറക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ മികച്ച വിജയം ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ശരിയായ ദിനചര്യയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. എല്ലാ തരത്തിലുള്ള ദീർഘകാല നിക്ഷേപങ്ങളും ഒഴിവാക്കണം. സുഹൃത്തുക്കളുമായി സമയം ചെലവഴിച്ച് ഉല്ലസിക്കാൻ കഴിയും. ബുദ്ധിശക്തിയും ചിന്താശേഷിയും വർദ്ധിക്കും. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോകും.സ്നേഹിക്കുന്നവരോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ശ്രമിക്കണം. വിവാഹം നിശ്ചയിക്കും. ജോലിയിൽ സ്വന്തം കഴിവ് തെളിയിക്കാൻ അവസരങ്ങൾ കൈവരും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. വ്യാപാരത്തിൽ പ്രതീക്ഷിക്കുന്ന ലാഭം നേടാനായെന്ന് വരില്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കുറയും. ഐടി രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശോഭിക്കും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ശ്രീകൃഷ്ണ പ്രീതിക്ക് തൃക്കൈവെണ്ണ നൽകുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ശുഭാപ്തിവിശ്വാസം ഗുണംചെയ്യും. പുതിയ പദ്ധതിയിൽ പണം നിക്ഷേപിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങളും അധികാരമുള്ള പദവികളും കരഗതമാകും. ആരോഗ്യം മെച്ചപ്പെടും. സന്താനത്തിന്റെ വിവാഹ കാര്യത്തിലെ തടസ്സങ്ങൾ മാറും. തെറ്റിദ്ധാരണ പരിഹരിക്കും. അകന്ന് കഴിഞ്ഞവർ അടുക്കും. ഭൂമി ക്രയവിക്രയത്തിൽ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. തർക്കം ഒഴിവാക്കണം. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണം. ദാമ്പത്യത്തിൽ മികച്ച പരസ്പര ധാരണ പ്രകടിപ്പിക്കും. ജോലിയിലെ പുരോഗതിയിൽ സഹപ്രവർത്തകർ അസൂയപ്പെടും. പരീക്ഷയിൽ നല്ല വിജയം നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ തുളസിമാല സമർപ്പിച്ച് പ്രാർത്ഥിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
സാമ്പത്തിക നില ഭദ്രമാകും. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബാദ്ധ്യതകൾ തീർക്കാനാകും. കാർഷിക രംഗത്ത് ആദായം വർദ്ധിക്കും. മാറ്റിവച്ച വിദേശ യാത്ര നടത്താനാകും. ഗൃഹനിർമ്മാണത്തിന് വീണ്ടും ശ്രമങ്ങൾ നടത്തും. ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കും. ഇൻഷ്വറൻസ് തുക അനുവദിച്ചു കിട്ടും. തടഞ്ഞുവച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സാമൂഹ്യ രംഗത്ത് മുന്നിട്ടിറങ്ങും. വിഷാദം ബാധിക്കും. ശരിയായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും. ശുഭ ചിന്തകൾ സമ്മാനിക്കുന്ന വ്യക്തികളുമായി കൂടുതൽ ഇടപഴകാൻ ശ്രമിക്കണം. ഒരു യാത്ര ഒഴിവാക്കാൻ കഴിയില്ല. ആരോഗ്യം സുക്ഷിക്കണം. സർപ്പപ്രീതിക്ക് നൂറുംപാലും സമർപ്പിച്ച് പ്രാർത്ഥിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ നീക്കും. പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കും. വിദേശ ഗുണം വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങൾ അനുകുലമാക്കി മാറ്റാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പുനരാരംഭിക്കും. മനസിൽ തോന്നുന്ന കാര്യങ്ങൾ ആരോടും നിർഭയമായി തുറന്നു പറയും. വിവേകപൂർവം കാര്യങ്ങളെ സമീപിക്കും. ബാദ്ധ്യതകൾ തീർക്കാനാകും. ഗൃഹോപകരണങ്ങൾ വാങ്ങും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാൻ കഴിയും. ചില തീരുമാനങ്ങൾ പുന: പരിശോധിക്കണം. ബന്ധങ്ങൾ
വളർത്താൻ ശ്രമിക്കണം. ധർമ്മശാസ്താ പ്രീതി നേടണം

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
വിദേശ സ്ഥാപനത്തിൽ മികച്ച ജോലിക്ക് അവസരം കരഗതമാകും. ജീവിതത്തിൽ നാനാവിധമായ പുരോഗതി കൈവരിക്കാൻ സാധിക്കും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് നിയമപരമായ കുരുക്കുകളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും മുക്തി നേടും. ബിസിനസുകാർ മികച്ച വിജയം കൈവരിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. നേത്ര സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യത. എല്ലാ കുടുംബ പ്രശ്‌നങ്ങളും മറികടക്കാൻ കഴിയും. വീട്ടുജോലികളിൽ പരസ്പരം സഹായിക്കണം. സ്നേഹിക്കുന്ന ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഏകാന്തത ഇഷ്ടപ്പെടും. ശ്രീമുരുകനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആശങ്കകൾ പരിഹരിക്കാൻ കഴിയും. സാമൂഹ്യ രംഗത്ത് സജീവമാകും. മുൻകാല സാമ്പത്തിക നഷ്ടങ്ങൾ നികത്താൻ സാധിക്കും. കർമ്മ രംഗത്ത് സമൂലമായ മാറ്റം വരുത്താൻ കഴിയും. വീട്ടിൽ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കും. സന്താനങ്ങളുടെ ജോലി സംബന്ധമായ നേടങ്ങളിൽ സന്തോഷിക്കും. പൂർവികസ്വത്ത്‌ ലഭിക്കും. കലാ, സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടും. ദീർഘനാളായി നടത്തുന്ന ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തും. പടിക്കൽ ചെന്ന് കലമുടയ്ക്കാതിരിക്കാൻ നോക്കണം. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. മക്കളുടെ പഠനത്തിന് ധാരാളം പണം ചിലവഴിക്കേണ്ടിവരും.,പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവപ്പെടും. കുടുംബാന്തരീക്ഷം അസ്വസ്ഥമാകാം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. ശിവപാർവതി പ്രീതിക്ക് ധാരയും പിൻവിളക്കും നടത്തി പ്രാർത്ഥിക്കണം

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ഗൃഹം നവീകരിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. മാനസിക സമ്മർദ്ദങ്ങൾ ഒഴിയും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ആകർഷകമായ ജോലി ലഭിക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. തർക്കങ്ങളിൽ വിജയം വരിക്കും. കാർഷിക വിളകളിൽ നിന്ന് മികച്ച ആദായമുണ്ടാകും. ഏറെക്കാലമായി അകന്ന് കഴിഞ്ഞവർ അഭിപ്രായഭിന്നത മറന്ന് ഒന്നിച്ചു നിൽക്കേണ്ട സാഹചര്യം സംജാതമാകും. പണം കൈമോശം വരാതെ നോക്കണം. പ്രതികൂലമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചിലർക്ക് സന്താനഭാഗ്യം കാണുന്നു. ജീവിതപങ്കാളിക്ക് നൽകിയ വാക്ക് പാലിക്കാത്തതിന്റെ പേരിൽ കലഹസാധ്യതയുണ്ട്. ബിസിനസ് വികസിപ്പിക്കാൻ സുഹൃത്തിന്റെ സഹായം
സ്വീകരിക്കും. വിഷ്ണു പ്രീതിക്കായി പ്രാർത്ഥിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആഗ്രഹങ്ങൾ സഫലമാകും. കുടുംബപരമായ എല്ലാ ഉത്തരവദിത്വങ്ങളും ഏറ്റെടുക്കും. തടസങ്ങൾ ഒഴിഞ്ഞ് പോകും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും മികച്ച വരുമാനമുണ്ടാകും. ഗൃഹ നിർമ്മാണം പൂർത്തിയാക്കും. ബിസിനസിൽ പുതിയ അവസരങ്ങൾ ബുദ്ധിപൂർവം പ്രയോജനപ്പെടുത്തും. വിദേശ യാത്രയ്ക്കുള്ള തടസ്സം നീങ്ങും. കോടതി നടപടികൾ അനുകുലമാകും. സമയം വെറുതെ പാഴാക്കരുത്. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി ശക്തമാക്കാൻ നല്ല അവസരങ്ങൾ ലഭിക്കും. അതെല്ലാം ശരിയായി പ്രയോജനപ്പെടുത്തണം. ദാമ്പത്യബന്ധം മെച്ചപ്പെടും. ജോലിയിൽ ചുറുചുറുക്ക് കാട്ടാത്തത് തിരിച്ചടിയാകും. മത്സര പരീക്ഷകളിൽ മികവ് പുലർത്തും. ശാസ്താപ്രീതിക്ക് പ്രാർത്ഥിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ചുമതലകൾ കൃത്യമായി നിറവേറ്റും. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബ കാര്യങ്ങളിൽ ശരിയായ നിലപാടുകൾ സ്വീകരിക്കും. രോഗമുക്തി നേടും.. വിദേശത്ത് ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ചെലവ് കർശനമായി നിയന്ത്രിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കും. സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ജീവിത പങ്കാളിയോട് മനസ്സ് തുറന്ന് ആശയവിനിമയം നടത്തും. പങ്കാളിയുടെ മധുരവുമുള്ള വാക്കുകൾ സന്തോഷം പകരും. ജോലിയിൽ ശോഭിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. മക്കളുടെ വിവാഹം തീരുമാനിക്കും. ഓം നമോ നാരായണായ ജപിച്ച് വിഷ്ണു പ്രീതി നേടണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,

+91 9847575559
Summary: Predictions: This week for you


error: Content is protected !!