മണ്ണാറശാല ആയില്യത്തിന് നാഗാരാധന നടത്തിയാൽ മന:സുഖം, ധനം, സന്താനം, ദാമ്പത്യ വിജയം
മംഗള ഗൗരി
മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രം വിശ്വ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിനൊരുങ്ങി. 1198 തുലാം മാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ നവംബർ 14, 15, 16 തീയതികളിലാണ് ഉത്സവം. പല നാഗരാജാ ക്ഷേത്രങ്ങളിലും നാഗദേവതകളുടെ പിറന്നാൾ കന്നിമാസത്തിലെ ആയില്യമാണ്; മണ്ണാറശാലയിൽ തുലാമാസത്തിലെ ആയില്യത്തിനാണ് മഹോത്സവം. ഇത്തവണ തുലാമാസത്തിൽ രണ്ട് ആയില്യമുള്ളത് കൊണ്ടും രണ്ടാമത്തെ ആയില്യം 6 നാഴികയിൽ കൂടുതൽ ഉള്ളതിനാലും മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസം 30, നവംബർ 16 നാണ്. തുലാം മാസത്തിലെ പിറന്നാൾ ആചരിക്കേണ്ടതും നവംബർ 16 നാണ്. കിഴക്ക് ദർശനമായ ഈ ക്ഷേത്രം മണ്ണാറശാല ഇല്ലം വകയാണ്.
ഭൂമിയുടെ അവകാശികളായ നാഗദേവതകളുടെ അനുഗ്രഹം ലഭിച്ചാൽ എല്ലാ ദുരിതങ്ങളും ഒഴിഞ്ഞ് ആഗ്രഹസാഫല്യം കൈവരും. അതിനാലാണ് നാടെങ്ങും നാഗരാധന അതിശക്തമായി നിലനിൽക്കുന്നത്. സ്ത്രീകൾ മുഖ്യപൂജാരിണികൾ ആകുന്നത് മണ്ണാറശാല ക്ഷേത്രത്തിന്റെ വ്യത്യസ്തയാണ്. പൂജാരിണിയായ അന്തര്‍ജ്ജനത്തെ വലിയമ്മ എന്ന് വിളിക്കുന്നു. ഇത് പാരമ്പര്യമായി തുടരുന്ന സ്ഥാനമാണ്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതല്‍ കുംഭത്തിലെ ശിവരാത്രി വരെ, കര്‍ക്കടകം ഒന്നു മുതല്‍ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുമ്പുള്ള 12 ദിവസങ്ങൾ എന്നിവയാണ് വലിയമ്മ പൂജ നടത്തുന്ന ദിനങ്ങൾ.
ക്ഷേത്രത്തിലെ സര്‍പ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പന്‍ കാവിലും നൂറും പാലും നല്‍കല്‍ എന്നിവയും വലിയമ്മയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നത്. മണ്ണാറശാല ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. പണ്ട് ക്ഷേത്രത്തിലെ പൂജ പുരുഷന്മാര്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. ഒരിക്കല്‍ കന്നി ആയില്യത്തിന് തലേദിവസം പൂജാരിയായിരുന്ന നമ്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ചപൂജ നടത്താന്‍ ആളില്ല; പകരക്കാരനുമില്ല. അപ്പോള്‍ ആയില്യപൂജ മുടങ്ങരുതേ എന്ന ഇല്ലത്തെ അന്തര്‍ജ്ജനത്തിന്റെ പ്രാര്‍ത്ഥനയെത്തുടർന്ന് അശരീരി മുഴങ്ങി: ‘ ഉച്ചപൂജയും ആയില്യപൂജയും അന്തര്‍ജ്ജനം തന്നെ നടത്തട്ടെ. ‘ അതനുസരിച്ച് അവര്‍ പൂജ ചെയ്തു.
പിന്നീടങ്ങോട്ട് എല്ലാ പൂജകളും അവര്‍ തന്നെ നടത്താന്‍ തുടങ്ങി. ഭൗതിക ജീവിതം വെടിഞ്ഞ് വ്രതവും പൂജയുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന സ്ഥാനം ലഭിച്ചു. അങ്ങനെയാണ് ഇല്ലത്തെ അന്തര്‍ജ്ജനം മണ്ണാറശാല അമ്മയായി മാറിയത്. ആദ്യത്തെ അമ്മ ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു. മറ്റുള്ളവരെല്ലാം മുന്‍ഗാമിയുടെ ദേഹവിയോഗ ശേഷം സ്ഥാനമേറ്റവരാണ്. ഭൗതികശരീരം എടുക്കും മുമ്പുതന്നെ പുതിയ അമ്മയുടെ സ്ഥാനാരോഹണം നടക്കും. ഇല്ലത്തിനും ക്ഷേത്രത്തിനും മദ്ധ്യേയുള്ള ഒരു സ്ഥലത്താണ് സംസ്കാരം നടക്കുക. നാഗദേവതകളും ഭക്തരും ദു:ഖമാചരിക്കും. അന്ന് ക്ഷേത്രത്തില്‍ പാലും പഴവും മാത്രമേ നേദിക്കുകയുള്ളു. അതും ഒരു നേരം മാത്രം. വലിയമ്മമാരില്‍ ഏറെക്കാലം ആ സ്ഥാനത്തിരുന്നത് സാവിത്രി അന്തര്‍ജ്ജനമാണ്.
90 വയസ്സുവരെ ജീവിച്ച ഈ അമ്മയ്ക്ക് വളരെയധികം സിദ്ധികളുണ്ടായിരുന്നു. പതിന്നാലാം വയസ്സില്‍ അമ്മയായി. 75 കൊല്ലത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. ഉമാദേവി അന്തര്‍ജ്ജനമാണ് ഇപ്പോൾ വലിയമ്മ. 1993 മുതല്‍ അവര്‍ ഈ സ്ഥാനത്ത് തുടരുന്നു. മണ്ണാറശാല അമ്മയായിക്കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം പാടില്ല. ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. അഥവാ പോകേണ്ടി വന്നാല്‍ ഇരുട്ടിന് മുമ്പേ തിരിച്ചെത്തണം. പൂജ, വ്രതം, ധ്യാനം എന്നിവയുമായി എപ്പോഴും കഴിയണം. അമ്മയല്ലാതെ ചില തന്ത്രിമാരും മണ്ണാറശാലയില്‍ പൂജ നടത്താറുണ്ട്. അവയൊന്നും പ്രധാന പൂജകളല്ല.
ആശ്രയിക്കുന്നവർക്ക് അഭയമേകുന്ന മണ്ണാറശാല അമ്മ നാഗാരാധനയിലെ അപൂർവ്വസാന്നിദ്ധ്യമാണ്. ഭഗവാന്റെ അമ്മ എന്ന സങ്കല്പത്തിൽ അമ്മയെ വണങ്ങി അനുഗ്രഹം വാങ്ങിയാൽ എല്ലാ സർപ്പദോഷങ്ങളും തീരും. ശൈവ, വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനാ സമന്വയവും മണ്ണാറശാലയിൽ കാണാം. വൈഷ്ണവ സങ്കല്പത്തിൽ നാഗരാജാവ് അനന്തനാണ്. ശൈവത്തിൽ വാസുകിയും. ഇവ തമ്മിൽ ഭേദമില്ലെന്നതിന് മണ്ണാറശാലയിലെ ആരാധനാവിധികൾ തെളിവാകുന്നു. പ്രധാന പ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയിൽ വിഷ്ണു ശയ്യയായ അനന്തനുണ്ട്. തുലാം ആയില്യത്തിന് വാസുകിയുടെ എഴുന്നള്ളത്തും ആയില്യം പൂജയും നടക്കും. ഇത് തൊഴാൻ പതിനായിരങ്ങളാണ് എത്തുന്നത്. ഇതിൽ പങ്കെടുത്ത് വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ മന:സുഖം, ഐശ്വര്യം, ധനലാഭം, സന്താന ലാഭം, ദാമ്പത്യ വിജയം, ത്വക്ക്‌രോഗ മുക്തി, ആരോഗ്യ വർദ്ധനവ്, തുടങ്ങിയവയെല്ലാം ലഭിക്കും. നല്ലെണ്ണ, കരിക്ക്, പാൽ, തേൻ, പനിനീർ, മഞ്ഞൾപ്പൊടി ഇവയാണ് നാഗർക്ക് അഭിഷേകം നടത്തുന്ന ദ്രവ്യങ്ങൾ. കളഭം ചാർത്താൻ മഞ്ഞപ്പാവാട വിശേഷം. കമുകിൻപൂക്കുല, സുഗന്ധപുഷ്പങ്ങളായ പിച്ചി, മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി ഇവയും നാഗർക്ക് പ്രിയങ്കരമാണ്. കളദിപ്പഴം, വെള്ളച്ചോറ്, പാൽപ്പായസം, ശർക്കര, പായസം, തെരളി, അപ്പം, അടവ എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ.
നവംബർ 14, പുണർതത്തിന് മഹാദീപക്കാഴ്ചയാണ് മണ്ണാറശാലയിലെ മുഖ്യ അനുഷ്ഠാനം; കുടുംബത്തിലെ കാരണവര്‍ എം.കെ പരമേശ്വരന്‍ നമ്പൂതിരി മഹാദീപക്കാഴ്ചയ്ക്ക് തിരി തെളിക്കും. പൂയം നാളായ 15 ന് രാവിലെ 9:30ന് നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജയുണ്ടാകും. അന്ന് വൈകിട്ട് 5 മുതല്‍ പൂയം തൊഴല്‍ നടക്കും.ആയില്യം നാളിൽ വെളുപ്പിന് 4 ന് നട തുറന്ന് നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി വിശേഷാല്‍ പൂജ നടത്തും. അന്ന് ഉച്ചയ്ക്ക് ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം 2.30ന് സര്‍പ്പംപാട്ട് തറയിലും മേളവാദ്യസേവ നടക്കും. ഉത്സവ ഭാഗമായി എല്ലാദിവസവും മഹാപ്രസാദമൂട്ട്, കലാപരിപാടികൾ എന്നിവയും മണ്ണാറശാല നാഗരാജ പുരസ്‌കാരം ദാനവും നടക്കും.
Story Summary: Significance of Mannarasala Aayilyam