Saturday, 23 Nov 2024
AstroG.in

മത്സര പരീക്ഷകളിൽ തിളക്കമാർന്ന വിജയത്തിന് ഹയഗ്രീവ ഉപാസന

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വിദ്യാഭിവൃദ്ധിക്ക് സാധാരണ എല്ലാവരും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയുമാണ് ഭജിക്കുന്നത്. എന്നാൽ വിദ്യാഭിവൃദ്ധിക്കും വിദ്യാവിജയത്തിനും ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷകളിലെ തിളക്കമാർന്ന വിജയത്തിനും
ഹയഗ്രീവനെ ഉപാസിക്കുന്നതും അത്യുത്തമമാണ്.
ഹയഗ്രീവ ഗോപാലം മന്ത്രമാണ് വിദ്യാഭിവൃദ്ധിക്കും
വിദ്യാവിജയത്തിനും ഓർമ്മശക്തി കൂടുന്നതിനും ജപിക്കേണ്ടത്.

ഹയഗ്രീവ ഗോപാല മന്ത്രം
ഓം ഉൽഗിരൽ പ്രണവോൽഗീഥ
സർവ വാഗീശ്വരേശ്വര
സർവ്വവേദമയ ചിന്ത്യ
സർവം ബോധയ ബോധയ ക്ലീം ശ്രീം

സർവവിജ്ഞാന ലബ്ധി സമ്മാനിക്കുന്ന ഈ മന്ത്രത്തിന്റെ സാരാംശം ഇതാണ് : പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനെ, എല്ലാ അറിവുകളുടെയും അധിപതേ, എല്ലാ വേദങ്ങളോടും കൂടിയവനെ, ധ്യാനിക്കേണ്ടവനെ, എല്ലാം എനിക്ക് മനസിലാക്കി തരിക.

ഹയഗ്രീവ ഗോപാല മന്ത്രം നിത്യേന രാവിലെ 108 തവണ വീതമാണ് ജപിക്കേണ്ടത്. ജപദിനങ്ങളിൽ മത്സ്യമാംസാദികൾ ത്യജിക്കണം. ഇതിനൊപ്പം ബുധനാഴ്ച വ്രതമെടുത്ത് സാരസ്വത-ബ്രഹ്മി-ഘൃതം സേവിക്കുന്നതും നല്ലതാണ്. സ്വരസ്വതി മന്ത്രമായ ഓം സം സരസ്വത്യൈ നമ: നിത്യേന രാവിലെ 108 പ്രാവശ്യം ജപിക്കുന്നതും ഗുണകരമാണ്. ഹയഗ്രീവാവതാരത്തെപ്പറ്റി പല കഥകളുണ്ട്. അതിൽ മൂന്ന് ഐതിഹ്യങ്ങൾക്കാണ് എറെ പ്രചാരം. ആദ്യ കഥ ഇതാണ് : ഒരിക്കൽ അഗ്‌നി, ഇന്ദ്രൻ, വായു, യജ്ഞൻ (വിഷ്ണു) എന്നിവർ ചേർന്ന് ഒരു യജ്ഞം തുടങ്ങി യജ്ഞത്തിൽ നിന്നും കിട്ടുന്ന ഹവിർഭാഗം എല്ലാ ദേവന്മാർക്കും ഭാഗിച്ചു കൊടുക്കാം എന്നായിരുന്നു യജ്ഞം തുടങ്ങും മുമ്പുള്ള തീരുമാനം. എന്നാൽ യജ്ഞൻ (വിഷ്ണു) ആ തീരുമാനത്തെ മറികടന്ന് മുഴുവൻ ഹവിർ ഭാഗവും തട്ടിയെടുത്ത് ‌സ്ഥലം വിട്ടു. ദേവന്മാർ യജ്ഞനെ പിന്തുടർന്നു. യജ്ഞൻ ദേവീദത്തമായ വില്ലിന്റെ സഹായത്താൽ സകല ദേവന്മാരെയും പിൻതിരിപ്പിച്ചു. ഒടുവിൽ ദേവന്മാർ ‘ചിതലി’നെ സമീപിച്ച് ധനുസിലെ ഞാൺ കടിച്ചു മുറിക്കുകയും അപ്പോൾ നിവർന്ന വില്ലിന്റെ ആഘാതമേറ്റ് യജ്ഞന്റെ തലതെറിച്ചു പോകുകയും ചെയ്തു. താൻ ചെയ്ത അപരാധത്തിന് യജ്ഞൻ മാപ്പ് ചോദിച്ചപ്പോൾ ദേവന്മാർ അശ്വനി ദേവൻമാരെ നിയോഗിച്ച് യജ്ഞന്റെ കബന്ധത്തിൽ ഒരു അശ്വമുഖം ബന്ധിപ്പിച്ചു.

രണ്ടാമത്തെ ഐതിഹ്യം ഇങ്ങനെ: ഒരിക്കൽ ബ്രഹ്മാദി ദേവതകൾ ആർക്കാണ് ശ്രേഷ്ഠത എന്നറിയാൻ ഒരു പരീക്ഷണം നടത്തി. ഒടുവിൽ എല്ലാ വിധത്തിലും മഹാവിഷ്ണു തന്നെയാണ് ശ്രേഷ്ഠൻ എന്നു വ്യക്തമായപ്പോൾ കോപാകുലനായ ബ്രഹ്മാവ് വിഷ്ണുവിന്റെ തല തെറിച്ചു പോകട്ടെ എന്ന് ശപിച്ചു. ശാപഗ്രസ്തനായ വിഷ്ണു നഷ്ടപ്പെട്ട തലയുടെ ഭാഗത്ത് ഒരു കുതിരയുടെ മുഖം വച്ച് ദേവന്മാർക്ക് വേണ്ടി നടത്തിയ ഒരു യാഗത്തിൽ പങ്കെടുത്തു. യാഗം അവസാനിച്ചപ്പോൾ ഭഗവാൻ ധർമ്മാരണ്യത്തിൽ പോയി തപസ്‌ ആരംഭിച്ചു. അവിടെ വച്ച് അശ്വമുഖം പോയി പൂർവ്വരൂപം കിട്ടി. ഇതാണ് രണ്ടാമത്തെകഥ .

ഹയഗ്രീവാവതാരത്തിൽ ഹയഗ്രീവൻ എന്ന അസുരനെ വിഷ്ണു നിഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കഥ. അസുരനായ ഹയഗ്രീവൻ ബാല്യത്തിൽ സരസ്വതീ നദീതീരത്ത് പോയി തപസ്‌ ചെയ്തു. ആയിരം സംവത്‌സരം കഴിഞ്ഞപ്പോൾ ദേവി പ്രത്യക്ഷയായി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു. അജയ്യനും മരണമില്ലാത്തവനും ആയിത്തീരണമന്ന് ഹയഗ്രീവൻ ആവശ്യപ്പെട്ടു. അങ്ങനെ ഒരു വരം തരാൻ നിർവാഹമില്ലെന്ന് ദേവി പറഞ്ഞു. അപ്പോൾ ഗർവിഷ്ടനായ ഹയഗ്രീവൻ ഹയഗ്രീവനല്ലാതെ തന്നെ ആരും വധിക്കില്ലെന്ന വരം തരാൻ ആവശ്യപ്പെട്ടു. ദേവി ആ വരം കൊടുക്കുകയും ചെയ്തു.സന്തോഷം
കൊണ്ട് മതിമറന്ന അസുരൻ ത്രിലോകങ്ങൾക്കും ദ്രോഹം ചെയ്യുവാൻ തുടങ്ങി. ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാവിഷ്ണു ദേവന്മാരുടെ യാചന കേട്ട് വർഷങ്ങളോളം ഹയഗ്രീവനോട് യുദ്ധം ചെയ്തു. പക്ഷെ ഹയഗ്രീവനെ തോൽപ്പിക്കുവാൻ കഴിഞ്ഞില്ല. അത്യന്തം ക്ഷീണിതനായ വിഷ്ണു വിശ്രമിക്കുവാൻ വില്ലിൽ തല വച്ച് ഉറങ്ങി. ആ സമയത്ത് ഞാൺ മുറിഞ്ഞ് വില്ല് നിവർന്ന് വിഷ്ണുവിന്റെ തല തെറിച്ചു പോയി. ആ സമയത്ത് ദേവന്മാർ ഒരു കുതിരയുടെ തല എടുത്ത് വിഷ്ണു കബന്ധത്തിൽ വച്ചു. തുടർന്ന് വിഷ്ണു ഹയഗ്രീവരൂപത്തിൽ യുദ്ധം ചെയ്ത് ഹയഗ്രീവനെ വധിച്ചു. സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!