Saturday, 23 Nov 2024
AstroG.in

മത സൗഹാർദ്ദത്തിന്‍റെ മനോഹാരിതയിൽപാളയം ഗണപതി ക്ഷേത്രഗോപുര സമർപ്പണം

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവനന്തപുരം പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമർപ്പണവേദി മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി. തലസ്ഥാന നഗരിയിൽ മതസൗഹാർദ്ദത്തിൻ്റെ പ്രതീക ഭൂമിയായ പാളയത്ത് ഇനി ഗണപതി ക്ഷേത്ര ഗോപുരവും, മുസ്ലിം ജമാ അത്ത് പള്ളിയുടെ മിനാരവും സെന്റ് ജോസഫ്‌സ് കത്തീഡ്രൽ കമാനവും ഒന്നിച്ച് തല ഉയർത്തി നിൽക്കും.

വിഷു സന്ധ്യയിൽ ക്ഷേത്ര ഗോപുരം, തിടപ്പള്ളി, ഭജനമണ്ഡപം എന്നിവയുടെ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ എ.അജികുമാർ, ബോർഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എൻജിനിയർ ആർ. അജിത്ത് കുമാർ, മുൻ പ്രസിഡൻ്റ് കെ.അനന്തഗോപൻ, മുൻ

ബോർഡ് മെമ്പർ എസ്. എസ്.ജീവൻ, ഗോപുരം പണികഴിപ്പിച്ച് നൽകിയ ഉദയ സമുദ്ര ഗ്രൂപ്പ്‌ ഹോട്ടൽസ് മാനേജിങ് ഡയറക്ടർ ചെങ്കൽ രാജശേഖരൻ നായർ, പത്നി ചലച്ചിത്രതാരം രാധ, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, സെൻ്റ് ജോസഫ്സ് കത്തീഡ്രൽ ഫാദർ. സജി ഇളമ്പശേരിൽ, സംഗീത സംവിധായകൻ, എം ജയചന്ദ്രൻ, ഗായകൻ മണക്കാട് ഗോപൻ, സൗത്ത് പാർക്ക് റാണി മോഹൻദാസ്, പാളയം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പാളയത്തെ മുസ്ലിം, ക്രിസ്ത്യൻ, ദേവാലയങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണച്ചടങ്ങിൽ സന്യാസിമാരും ഇമാമും, വൈദികനും ഒരേ വേദിയിൽ അണിനിരന്ന് കൗതുകമായി. 50 അടി നീളവും 20 അടി വീതിയിലും 50 അടി ഉയരത്തിലുമാണ് ഗോപുരം നിർമിച്ചത്. 18 അടി പൊക്കത്തിലുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിലെ മുഖ്യ ആകർഷണം.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!