മനം നൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി രക്ഷിക്കും
ബ്രഹ്മദേവനെ കഠിന തപസ് ചെയ്ത് പ്രീതിപ്പെടുത്തി അസുരചക്രവർത്തിയായ ഹിരണ്യകശിപു കുറെ വിചിത്ര വരങ്ങൾ സമ്പാദിച്ചു: എല്ലാ ലോകങ്ങളെയും കീഴടക്കണം. മനുഷ്യനോ മൃഗമോ തന്നെ വധിക്കരുത്. ആയുധം കൊണ്ടും ആയുധം ഇല്ലാതെയും വധിക്കരുത്. അകത്തുവച്ചും പുറത്തുവച്ചും വധിക്കരുത്. ഭൂമിയിൽ വച്ചും ആകാശത്തു വച്ചും പാതാളത്തിൽ വച്ചും വധിക്കരുത്. രാത്രിയിലും പകലും വധിക്കരുത്. ശാന്ത സ്വരൂപനെങ്കിലും തിന്മകളോട് വിട്ടുവീഴ്ച കാണിക്കാത്ത ശ്രീ മഹാവിഷ്ണുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഹിരണ്യകശിപു കൗശലപൂർവം ഈ വരങ്ങൾ സ്വന്തമാക്കിയത്. എന്നാൽ ലോകപാലകനായ, സർവ്വശക്തനായ വിഷ്ണുവിന്റെ കൈയ്യിൽ എല്ലാ തന്ത്രങ്ങൾക്കും മറുമരുന്നുണ്ടെന്ന കാര്യം അസുരരാജൻ ഓർത്തില്ല.
ഒടുവിൽ ലോകത്തെ മൊത്തം പീഡിപ്പിച്ച ഹിരണ്യകശിപുവിനെ ഭഗവാൻ നിഗ്രഹിക്കുക തന്നെ ചെയ്തു. സ്വന്തം മകനായിട്ടു പോലും വിഷ്ണുഭക്തനായതിന്റെ പേരിൽ പ്രഹ്ളാദനെ അതി ഭീകരമായി ദണ്ഡിച്ചതാണ് ഭഗവാന്റെ കണ്ണിൽ മാപ്പില്ലാത്ത തെറ്റായത്. അതേത്തുടർന്നാണ് ശ്രീ മഹാവിഷ്ണു മനുഷ്യനും മൃഗവും ചേർന്ന വിചിത്രജീവിയായ നരസിംഹമായി അവതരിച്ച് അസുരനെ യമപുരിക്കയച്ചത്. ഹിരണ്യകശിപു നേടിയ വരങ്ങളത്രയും ഭഗവാൻ മറി കടന്നു. രാത്രിയും പകലുമല്ലാത്ത ത്രിസന്ധ്യക്ക് ആയുധമല്ലാത്ത സ്വന്തം നഖം കൊണ്ട്, അകത്തും പുറത്തുമല്ലാത്ത പടിവാതിലിൽ വച്ച് ആകാശത്തും പാതാളത്തിലും ഭൂമിയിലുമല്ലാത്ത സ്വന്തം മടിയിൽ കിടത്തിയാണ് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ സംഹരിച്ചത്. കൃതയുഗത്തിൽ വിഷ്ണു ഭഗവാനെടുത്ത നാല് അവതാരങ്ങളിൽ അവസാനത്തേതാണ് നരസിംഹാവതാരം.
ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്‌ളാദൻ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. പ്രഹ്‌ളാദന്റെ ഭക്തിയും വിശ്വാസവും മൂലം ഹിരണ്യകശിപു എന്തൊക്കെ ചെയ്‌തെങ്കിലും പ്രഹ്‌ളാദനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. വിഷ്ണുനാമത്തിന് പകരം ഓം ഹിരണ്യായ നമ: എന്ന് ജപിക്കണം എന്ന് പ്രഖ്യാപിച്ച ഹിരണ്യകശിപുവിനെ ഭയപ്പെടാതെ പ്രഹ്‌ളാദൻ നാരായണനാമ ജപം തുടർന്നു. രക്ഷിക്കാൻ ആരുമില്ലാത്ത ആരും ആശ്രയമില്ലാത്ത സ്വന്തം മകനെ ഹിരണ്യകശിപു അതിക്രൂരമായി ഉപദ്രവിച്ചു. പീഡനമേറ്റ് പുളഞ്ഞ പ്രഹ്ളാദൻ തുണിലും തുരുമ്പിലുമെല്ലാം എന്റെ നാരായണനുണ്ടെന്ന് ഹിരണ്യകശിപുവിനോട് പറഞ്ഞു. തന്നെ രക്ഷിക്കാൻ നാരായണൻ വരുമെന്ന് പറഞ്ഞ പ്രഹ്ളാദന്റെ ദീനമായ വിലാപം കേട്ട ക്ഷണത്തിൽ തുണു പിളർന്നാണ് ഭഗവാൻ അവതരിച്ചത്. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് ഭക്തനായ പ്രഹ്‌ളാദനെ രക്ഷിച്ച ശേഷം ഭഗവാൻ തിരോധാനം ചെയ്തു. ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട് എന്നാണ് നരസിംഹാവതാരത്തിന്റെ സാരം.
സ്വന്തം ഭക്തന്റെ രക്ഷയ്ക്കായി മഹാവിഷ്ണു വിചിത്രരൂപം ധരിച്ചത് വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുർദ്ദശിയിൽ, ചോതി നക്ഷത്രത്തിലാണ്. ഈ ദിവസമാണ് നരസിംഹജയന്തി. 2020 മേയ് 6 ന് ആണ് ഇത്തവണ നരസിംഹാവതാര ആചരണം.
നരസിംഹ ഉപാസനയ്ക്ക് ഉത്തമ ദിവസമാണിത്. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് തലേദിവസവും ജയന്തി ദിവസവും വ്രതമെടുത്ത് നരസിംഹ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ശത്രു ശല്യവും ഭയവും രോഗങ്ങളും അകന്ന് സർവ്വകാര്യങ്ങളിലും വിജയമുണ്ടാകാം. ആഗ്രഹസാഫല്യം, ഋണമോചനം, തൊഴിൽ ഭാഗ്യം, വിവാഹലബ്ധി ഇവയെല്ലാം നരസിംഹ ഉപാസനയുടെ ഫലസിദ്ധികളാണ്. തുളസിമാലയും ചെത്തിപ്പൂവുമാണ് ഭഗവാന് പ്രിയപ്പെട്ട സമർപ്പണങ്ങൾ. കടുംപായസവും പാനകവുമാണ് വഴിപാടുകൾ.
ഉഗ്രം വീരം മഹാവിഷ്ണുംജ്വലന്തം സർവതോമുഖംനൃസിംഹം ഭീഷണം ഭദ്രംമൃത്യു മൃത്യും നമാമ്യഹം എന്ന നരസിംഹ മന്ത്രം വ്രത്രമെടുക്കുന്നവർ ജയന്തി ദിവസം 36 തവണ ചൊല്ലണം. എല്ലാചോതി നക്ഷത്രദിവസവും വ്രതമെടുക്കാനുംനരസിംഹ പ്രീതികരമായ കർമ്മങ്ങൾക്കുംനല്ലതാണ്. നിത്യജപത്തിനും നരസിംഹ മന്ത്രം ഉത്തമമാണ്. ആഗ്രഹസാഫല്യമുണ്ടാകും.
നരസിംഹസ്വാമിയുടെ ക്ഷേത്രങ്ങൾ എണ്ണിയാൽ തീരാത്തത്ര നാട്ടിലുണ്ട്. ശത്രുസംഹാരത്തിന്റെ പ്രധാനമൂർത്തിയായി വിശ്വാസികൾ ഭജിക്കുന്ന നരസിംഹ സ്വാമിയുടെ പ്രധാന ക്ഷേത്രങ്ങളിലൊന്ന് ആന്ധ്രയിലെ അഹോ ബിലം ആണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉഗ്രശക്തിയുള്ള നരസിംഹമൂർത്തി ചരിത്രപ്രസിദ്ധമാണ്. കണ്ണൂരിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം, കോഴിക്കോട് തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം, കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം , ആലപ്പുഴ തുറവൂർ നരസിംഹ ക്ഷേത്രം, മാവേലിക്കര മറ്റം നരസിംഹ ക്ഷേത്രം, ചെങ്ങന്നൂർ നരസിംഹ ക്ഷേത്രം, പാലാ തെക്കേക്കര നരസിംഹ സ്വാമി ക്ഷേത്രം, പാലായിൽ നിന്ന് കുറവിലങ്ങാട് പോകുമ്പോൾ പാലക്കാട്ടുമലയിലുള്ള നരസിംഹസ്വാമി ക്ഷേത്രംരാമപുരം ക്ഷേത്രം, കോട്ടയം മാങ്ങാനം നരസിംഹ ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ആലുവ കടങ്ങല്ലൂർ നരസിംഹ ക്ഷേത്രം, കൊല്ലം ഭരണിക്കാവിനടുത്ത് ആനയടി പഴയിടം നരസിംഹ ക്ഷേത്രം, പടിഞ്ഞാറ് ദർശനമായി ഒറ്റക്കൽ ശ്രീകോവിലിൽ ശ്രീ നരസിംഹ സ്വാമി കുടികൊള്ളുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം ജില്ലയിലെ ഏരൂർ തൃക്കോയിക്കൽ ശ്രീ മഹാനരസിംഹ ക്ഷേത്രം, ചാലക്കുടിക്ക് സമീപം മേലൂർ വിഷ്ണുപുരം നരസിംഹസ്വാമി ക്ഷേത്രം , എറണാകുളം ജില്ലയിൽ പിറവം കക്കാട് നരസിംഹസ്വാമി ക്ഷേത്രം, പാലക്കാട് വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നരസിംഹമൂർത്തി ക്ഷേത്രങ്ങൾ. ചങ്ങനാശ്ശേരിയിൽ പഞ്ചപാണ്ഡവന്മാരാൽ സ്ഥാപിതമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ തുല്യ പ്രാധാന്യത്തോടെ നരസിംഹസ്വാമി പ്രതിഷ്ഠയുണ്ട്.
ജ്യോതിഷൻ വേണു മഹാദേവ്,+91 9847475559