Saturday, 21 Sep 2024
AstroG.in

മന:ശാന്തിയുണ്ടെങ്കിൽ ശരീരസുഖം ലഭിക്കുമോ ?

ജോതിഷി പ്രഭാസീന സി.പി

മനസ്സിന് ശാന്തിയുണ്ടെങ്കിൽ ശരീരത്തിന് സുഖം തന്നെയെന്ന് മുതിർന്നവർ പറയുമായിരുന്നു. അതിന്റെ അർത്ഥം രോഗങ്ങൾ വരാതിരിക്കാൻ മനസ്സിനെ നേരെ നിർത്തണമെന്നു മാത്രമല്ല മനസ്സിനെ ശാന്തിയിലേക്ക് നയിച്ചാൽ അതു ശരീരത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്നതിനു തുല്യമാണെന്നാണ്.

നമ്മെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണം മന:ശാന്തിയില്ലാത്തത് ആണെന്നാണ് കണ്ടുപിടിത്തം. മനശാന്തി നഷ്ടപ്പെട്ട് മനസംഘർഷം കൂടി വരുന്നത് കാരണം ഉണ്ടാകുന്ന അസുഖമായ അൾസറിനെപ്പറ്റി ആധുനിക വൈദ്യ ശസ്ത്രം പ്രദിപാദിക്കുന്നുണ്ട്. ടെൻഷൻ കൂടുമ്പോൾ ശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്പാദനം വർദ്ധിക്കുന്നു. ഇതാകട്ടെ ചെറുകുടലിലെ മ്യൂക്കസ് കവചത്തെ ഭേദിച്ച് കുടലിന്റെ പേശികളിൽ ഉഗ്രവ്രണങ്ങളുണ്ടാക്കും. വ്രണങ്ങൾ വളർന്നു വളർന്ന് അൾസറായും ചിലപ്പോൾ അത് ക്യാൻസർ തന്നെയായും മാറുന്നുണ്ട്. ഇങ്ങനെ കണ്ടു വരുന്ന രോഗങ്ങളെ ‘സൈക്കോ സോമാറ്റിക് ‘ രോഗങ്ങൾ എന്നാണ് വിളിക്കുന്നത്. മനസിനുണ്ടാകുന്ന രോഗം വളർന്ന് ശരീരത്തെ വ്യാപിക്കുന്ന അവസ്ഥയാണിത്.

ഇതിൽ നിന്നുള്ള മോചനത്തിന് ധ്യാനം ഗുണകരമാകും എന്നാണ് പൂർവികർ പഠിപ്പിച്ചിട്ടുള്ളത്. ശാന്തമായി, ഏകാഗ്രതയോടെയിരുന്ന് സർവ്വ ചരാചരങ്ങളിലും തന്നിലും കുടികൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കൽപ്പിച്ച് നടത്തുന്ന ഉപാസനയാണ് ധ്യാനം. യുഗങ്ങൾ കൊണ്ടു മാത്രം നടക്കാനിടയുള്ള മന:സംസ്ക്കരണം ത്വരിതപ്പെടുത്തി ഈ ജന്മത്തിൽ തന്നെ പരിണാമം സാക്ഷാത്കരിക്കാനുള്ള സാധനയാണെന്നും ധ്യാനത്തിന് വിശേഷണമുണ്ട്.

ധ്യാനത്തിന്റെ ഗുണങ്ങളെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. മനസ്സിന്റെയും ബുദ്ധിയുടെയും ശക്തി നേടിയെടുക്കുവാൻ ഒരൊറ്റ മാർഗ്ഗമേ ആധുനിക ശാസ്ത്രം ഉപദേശിക്കുന്നുള്ളൂ. അത് ധ്യാനത്തിന്റെ മാർഗ്ഗമാണ്. മനസ്സിനെ ഏകാഗ്രമാക്കി ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിച്ച് ധ്യാനിച്ചാൽ മനസ്സിനെ മറ്റെല്ലാം ചിന്തകളിൽ നിന്നും മോചി പ്പിക്കാൻ കഴിയും.

ധ്യാനം അഗാധതലത്തിലെത്തുമ്പോൾ മസ്തിഷ്ക്കത്തെ അനേകം മടങ്ങ് പ്രവർത്തന നിരതമാക്കാനാകുമത്രെ. വൈദേശിക സർവ്വകലാശാലകൾ തങ്ങളുടെ അംഗീകൃത മെഡിക്കൽ ഗ്രന്ഥങ്ങളിൽ ധ്യാനത്തിന് അർഹമായ സ്ഥാനമാണ് ഇപ്പോൾ നൽകി വരുന്നത്.

പ്രഭാതത്തിൽ കണ്ണടച്ച് ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് ഏകാഗ്രതയോടെ ഇരുന്ന് ശ്വാസത്തിന് പ്രത്യേക താളം നല്‍കിയാണ് ധ്യാനിക്കേണ്ടത്. സമാധാനപൂര്‍ണമായ അവസ്ഥയില്‍ വളരെ മെല്ലെ ശ്വാസമെടുത്ത് അല്പ നേരം ഇരുന്നാൽ മനസും ചിന്തകളും ശുഭോർജ്ജം കൊണ്ട് നിറയും. അങ്ങനെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി പ്രവർത്തിക്കുവാൻ സാധിക്കും.

ധ്യാനം മാനസികമായ വ്യായാമമാണ്. അതിനാല്‍ മാനസികമായ ഏതൊരു വ്യായാമം തുടങ്ങും പോലെ തന്നെ വളരെ സാവധാനം ക്ഷമയോടെ ധ്യാനം ആരംഭിക്കണം. ആദ്യം കണ്ണടച്ച് ഏകാഗ്രതയോടെ ഇരിയ്ക്കുക ശ്രമകരമാകും. അതിനാല്‍ തുടക്കത്തിൽ അഞ്ചു പത്ത് മിനിട്ടു മാത്രം ദിവസവും ഇതിന് വേണ്ടി മാറ്റിവയ്ക്കുക. നിശ്ചലമായി ഇരിക്കുന്നതും മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നതും വളരെ സാവകാശത്തില്‍ വേണം. ക്രമേണ ധ്യാന സമയം കൂട്ടണം.

മാനസികമായി എല്ലാവരും തളർന്നു നിൽക്കുന്ന ഈ കോവിഡ് മഹാമാരി കാലത്ത് പുതിയ ഉന്മേഷവും ഉണർവും നേടി ജീവിതത്തെ പ്രതീക്ഷാഭരിതവും പ്രകാശമാനവുമാക്കാൻ നിത്യേനയുള്ള ധ്യാനത്തിന് കഴിയും.

ജോതിഷി പ്രഭാസീന സി.പി
ഹരിശ്രീ ,പി ഒ : മമ്പറം ,വഴി പിണറായി , കണ്ണൂർ ജില്ല

  • 91 9961442256
    Email: prabhaseenacp @ gmail.com
    Story Summary: Health & Mental Benefits of Meditation
error: Content is protected !!