Friday, 20 Sep 2024
AstroG.in

മന:സംഘർഷങ്ങളും ദുരിതങ്ങളും അകറ്റാനും കാര്യസിദ്ധിക്കും ജപിക്കാം ഈ ശിവസ്തോത്രം

മംഗള ഗൗരി

മാനസിക സംഘർഷങ്ങളും ദുരിതങ്ങളും അകറ്റി ശാന്തമായി ജീവിക്കാനും ജീവിതത്തിൽ പുരോഗതി കൈവരിക്കാനും ഏറ്റവും ഗുണകരമാണ് നിത്യേനയുള്ള ശിവപഞ്ചാക്ഷര സ്‌തോത്ര ജപം. മുജ്ജന്മാർജ്ജിത പാപങ്ങൾ പോലും മാറി ശാശ്വതസുഖമേകുന്ന ശിവലോകപ്രാപ്തിക്ക് ഈ സ്‌തോത്ര ജപം സഹായിക്കും. വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാതടസം മാറാനും ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിക്കാനും പരീക്ഷകളിൽ നല്ല വിജയം നേടാനും കാര്യസിദ്ധിക്കും ശിവപഞ്ചാക്ഷര സ്‌തോത്ര ജപം ഗുണകരമാണെന്ന് ആചാര്യന്മാർ പറയുന്നു. മത്സര പരീക്ഷകൾ എഴുതുന്നവർക്കും ഫലം അറിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറാകുന്നവർക്കും വരെ പ്രയോജനപ്പെടുന്ന ഈ സ്‌തോത്രം ശ്രീ ശങ്കരചാര്യർ രചിച്ചതാണ്. നമഃ ശിവായ അക്ഷരങ്ങളിലാണ് ഓരോ സ്‌തോത്രവും ആരംഭിക്കുന്നത്. സ്‌തോത്രവും അർത്ഥവും:

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ നകാരായ നമ:ശിവായ

സർപ്പശ്രേഷ്ഠനെ മാലയായി ധരിച്ചവനും മൂന്നു കണ്ണുകളുള്ളവനും തിരുവുടലിൽ ഭസ്മം പൂശിയിരിക്കുന്നവനും മഹേശ്വരനും ശുദ്ധനും ആദ്യന്തങ്ങളില്ലാത്തവനും ദിക്കുകൾ വസ്ത്രമാക്കിയ ദിഗംബരനും നകാര രൂപിയുമായ ശിവന് നമസ്‌കാരം.

മന്ദാകിനീ സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹു പുഷ്പ സുപൂജിതായ
തസ്‌മൈ മകാരായ നമ:ശിവായ

ഗംഗാജലവും ചന്ദനവും കൊണ്ട് അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരൻ തുടങ്ങിയവരുടെ പ്രഭുവും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരപുഷ്പം മുതലായ അനവധി പുഷ്പങ്ങൾ കൊണ്ട് പൂജിക്കപ്പെടുന്നവനും മകാര രൂപിയുമായ ശിവന് നമസ്‌കാരം.

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാദ്ധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷദ്ധ്വജായ
തസ്‌മൈ ശികാരായ നമ:ശിവായ

മംഗള സ്വരൂപനും പാർവ്വതിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷപ്രജാപതിയുടെ യാഗത്തെ നശിപ്പിച്ചവനും ഐശ്വര്യമുള്ള നീലകണ്ഠത്തോട് കൂടിയവനും വൃഷഭമാകുന്ന കൊടിയടയാളത്തോടു കൂടിയവനും ശികാര സ്വരൂപനുമായ ശിവന് നമസ്‌കാരം.

വസിഷ്ഠ കുംഭോത്ഭവ ഗൗതമാദി
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്‌മൈ വകാരായ നമ:ശിവായ

വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ മുതലായ മഹർഷീശ്വരന്മാരാലും ദേവദിക്പാലകന്മാരാലും
പൂജിച്ചുകൊണ്ടിരിക്കുന്നവനും ചന്ദ്രൻ, സൂര്യൻ, അഗ്‌നി എന്നിങ്ങനെ മൂന്നു കണ്ണുകളോടുകൂടിയവനും വകാര സ്വരൂപനുമായ ശിവന് നമസ്‌കാരം.

യക്ഷസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യകാരായ നമ:ശിവായ

കുബേര മിത്രമായതിനാൽ യക്ഷ സ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടാധരനും പിനാക പാണിയും സനാതനനും ദിവ്യനും ദിഗംബരനും ദേവനും യകാര സ്വരൂപനുമായ ശിവന്‌ നമസ്‌കാരം

പഞ്ചാക്ഷരമിദം പുണ്യം
യ: പഠേ ശിവ സന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേന സഹ മോദതേ

ശിവ സന്നിധിയിൽ ശിവ സാന്നിദ്ധ്യത്തോടെ ഈ പഞ്ചാക്ഷരസ്‌തോത്രം ചൊല്ലുന്നവർ ശിവലോകം പ്രാപിച്ച് ശിവനോടുകൂടി നിത്യാനന്ദം അനുഭവിക്കും.

Story Summary : Significance of Siva Panchakshara Sthotra Recitation

error: Content is protected !!