Sunday, 6 Oct 2024
AstroG.in

മന:സമാധാനം നേടാൻ ഏറ്റവും എളുപ്പവഴി ഇതാണ്

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനും ആരാധനാ മൂർത്തികളുടെ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിനും പ്രാർത്ഥന ഏറ്റവും ഗുണകരമാണ്. അത്ഭുതകരമായ ശക്തിയാണ് പ്രാർത്ഥനക്കുള്ളത്. ഇഷ്ടമൂർത്തികളുടെ നാമങ്ങളും മന്ത്രങ്ങളും സ്തുതികളും നിരന്തരമായി ജപിക്കുന്നതിലൂടെ, അപാരമായ അനുഗ്രഹവു
പുണ്യവും ലഭിക്കും. അങ്ങനെ നമുക്ക് അഭീഷ്ടസിദ്ധിയും കാര്യവിജയവും ഐശ്വര്യവുമുണ്ടാകും. ഏന്തെല്ലാം തടസങ്ങൾ നേരിടുന്നോ അതെല്ലാം അകലാനും ഏത് കാര്യത്തിലും വിജയം സുനിശ്ചിതമാക്കുന്നതിനും അനുഭവയോഗം വർദ്ധിപ്പിക്കുന്നതിനും ഈശ്വരാനുഗ്രഹം വഴി സാധിക്കും.

ദൈവാനുഗ്രഹം എങ്ങനെ നമ്മൾ അറിയും?

അത് ആർക്കും തന്നെ കാണിച്ചു തരാൻ കഴിയില്ല. ഒരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ അതിനെ കണക്കാക്കുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു പൂവിന്റെ സുഗന്ധം പോലെയാണ്. അതായത് സുഗന്ധം കാണിച്ചുതരാൻ കഴിയില്ല. പക്ഷേ അനുഭവിച്ചറിയാം. അതേപോലെ ഇഷ്ടവും ശത്രുതയും എന്താണ് എന്ന് ചോദിച്ചാൽ ഇതാണ് എന്ന് കാണിച്ചുതരാനാകില്ല. എന്നാൽ ഈ രണ്ടു വികാരങ്ങളെയും അനുഭവിച്ചറിയാം. അതുപോലെ ഭഗവാനെയും, പ്രാർത്ഥനശക്തിയെയും അനുഭവിച്ചറിയാം. പ്രാർത്ഥനയുടെ ഫലമായി പലതും നടക്കും എന്നതിൽ തർക്കമില്ല. അനുഭവത്തിലൂടെ മാത്രമാണ് പ്രാർത്ഥനാഫലം മനസിലാക്കാനാകുക. ഭൗതികമായി ചെയ്യേണ്ടത് ചെയ്തിട്ടും നേരെയാകാത്ത എന്തെല്ലാം പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ, പരിഹാര കർമ്മങ്ങളിലൂടെയും ശരിയായിട്ടുണ്ട്. മനുഷ്യരുടെ കഴിവിന് അപ്പുറമായ, അവർക്കാർക്കും നിർവചിക്കാൻ കഴിയാത്ത പല സത്യങ്ങളും ഈ മഹാപ്രപഞ്ചത്തിലുണ്ട്.
അത്തരം ശക്തികളെ പ്രാർത്ഥനയിലൂടെ സ്വാധീനിക്കാം.

നമ്മൾ നേരിടുന്ന എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണം ഈ ജന്മത്തിലെയും മുജ്ജന്മത്തിലെയും പാപങ്ങളാണ്. പാപനിവൃത്തിയുണ്ടായാൽ മാത്രമേ പുണ്യവും ഉണ്ടാകൂ. പുണ്യം ലഭിച്ചാൽ മാത്രമേ കർമ്മ ശുദ്ധിയും ഐശ്വര്യവും ലഭിക്കൂ. എല്ലാം ഉണ്ടെങ്കിലും മന:സമാധാനം ഇല്ലാതാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരക്കാർക്ക് ടെൻഷൻ അകറ്റി മന:ശാന്തി നേടാൻ ഉത്തമ മാർഗ്ഗമാണ്. ശിവഭജനവും പഞ്ചാക്ഷര ജപവും. തിങ്കളാഴ്ചകളിൽ വ്രതമെടുക്കുക, ശിവക്ഷേത്ര ദർശനം നടത്തുക, പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ഠിക്കുക – ഇതെല്ലാ മുജ്ജന്മപാപം പോലും നീക്കി മന: സമാധാനം നൽകും. തിരക്കും മറ്റ് പ്രാരാബ്ധങ്ങളും കാരണം വ്രതാനുഷ്ഠാനങ്ങൾ പറ്റിയില്ലെങ്കിലും പഞ്ചാക്ഷര മന്ത്ര ജപം പതിവാക്കണം. ഓം നമ: ശിവായ എന്നതാണ് പഞ്ചാക്ഷര മന്ത്രം. ഏറെ പ്രശസ്തമായ അത്ഭുതശക്തിയുള്ള ഈ മന്ത്രം ചൊല്ലുന്നതിന് ഒരു വ്രതവും എടുക്കേണ്ട. നിത്യേന രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കാം. പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലണം. ഇത് ശീലമാക്കുകയും ക്ഷേത്ര ദർശനം പതിവാക്കുകയും ചെയ്താൽ അത്ഭുതകരമായ മാറ്റം ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയും.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944 702 0655

error: Content is protected !!