Friday, 22 Nov 2024
AstroG.in

മന:സമാധാനത്തോടെ ജീവിക്കാൻ ഇങ്ങനെയെല്ലാം സർപ്പപ്രീതി നേടാം

മംഗള ഗൗരി

നമ്മുടെ ആരാധനാ രീതികളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നാഗാരാധന. മിക്ക തറവാടുകളിലും കാവുണ്ട്. വിപുലമായ രീതിയിൽ സർപ്പാരാധന നടക്കുന്ന പ്രസിദ്ധ സർപ്പക്ഷേത്രങ്ങളും ധാരാളമുണ്ട്. അത്യാദരപൂർവമാണ് ഈ സന്നിധികളെ ഭക്തർ കാണുന്നത്. നാഗത്തറകൾ ഇല്ലാത്ത ക്ഷേത്രങ്ങൾ കുറവാണ്. നാഗരാജാവ്, നാഗകന്യക, നാഗയക്ഷി ഇങ്ങനെ വ്യത്യസ്ത സങ്കല്പങ്ങളിൽ നാഗാരാധന നടത്തുന്നു. മറ്റു സന്നിധികളിൽ നിന്ന് വ്യത്യസ്തമായ പൂജാരീതികളാണ് നാഗക്ഷേത്രങ്ങളിലുള്ളത്.

സർപ്പപ്രീതി നേടാൻ അനേകം അനുഷ്ഠാനങ്ങൾ പ്രചാരത്തിലുണ്ട്. അഷ്ടനാഗപൂജ, സർപ്പസംസ്‌കാരം, സർപ്പബലി, സർപ്പംപാട്ട്, പുള്ളുവപ്പാട്ട്, നാഗത്തെയ്യം, നാഗത്തേറ്റം, കുറുന്തിനിപ്പാട്ട്, തിരിയുഴിച്ചിൽ, കമ്പളം, ആയില്യപൂജ, പാൽപ്പായസഹോമം, കളമെഴുത്ത്. മഞ്ഞൾപ്പൊടി നേദ്യം, നൂറും പാലും തുടങ്ങിയവയാണ് സർപ്പാരാധനയിലെ പ്രധാന അനുഷ്ഠാനങ്ങൾ .

നാഗങ്ങളും സർപ്പങ്ങളും

നാഗങ്ങളും സർപ്പങ്ങളും ഒന്നല്ല. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ നില്ക്കുന്നവയാണ് നാഗങ്ങൾ. എന്നാൽ സർപ്പങ്ങൾ സർവ്വവ്യാപിയാണ്. നാഗങ്ങൾ പാതാളത്തിൽ വസിക്കുന്നു എന്നാണ് സങ്കല്പം. ഭൂമിയിലെ അവരുടെ പ്രതീകങ്ങളാണ് സർപ്പങ്ങൾ. സർപ്പങ്ങളും നാഗങ്ങളും രണ്ടാണെങ്കിലും രണ്ടും ഒരുപോലെയാണ് സാധാരണ ആരാധനയിൽ ഉപയോഗിക്കുന്നത്.

നാഗങ്ങളെയും സർപ്പങ്ങളെയും തിരിച്ചറിയാൻ ചില ലക്ഷണങ്ങളുണ്ട്. നാഗങ്ങൾക്ക് പ്രത്യേകമായ എടുപ്പും തനിമയും വൃത്തിയും ഭംഗിയും ഇഴച്ചിലിന് അഴകും ഉയർന്ന് ഒന്നിലധികം ഫണങ്ങളും ഉണ്ടാവും. വളരെ ദൂരെ സഞ്ചരിക്കുന്ന സ്വഭാവവും ഇവയ്ക്ക് ഉണ്ടാവില്ല. വിഷം വളരെ കുറവാണ്. മറ്റ് ജീവജാലങ്ങളെ കൂടുതൽ വിഷം ഏൽപ്പിക്കില്ല. ശ്രേഷ്ഠ ഭക്ഷണപ്രിയരും സാവധാനം ആഹാരം കഴിക്കുന്നവരുമാണ്.

സർപ്പങ്ങൾക്ക് എണ്ണമയം കൂടുതൽ തോന്നിപ്പിക്കും. വളരെ വേഗത്തിൽ ചലിക്കുന്നവയാണ്. വിഷം കൂടുതൽ ഉള്ളവയാകും. ഒരു ഫണം മാത്രമേ കാണൂ. പറക്കുന്നത്ര വേഗത ഇവയ്ക്കുണ്ട്. എന്നാൽ ഇതിന്റെ ഇഴച്ചിൽ അത്ര ഭംഗിയോടെയായിരിക്കില്ല. ഇരയെ കൊന്ന് ഭക്ഷിക്കുന്ന ശീലവും സർപ്പങ്ങൾക്കുണ്ട്.

അഷ്ടനാഗങ്ങൾ
വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ, ശംഖപാലൻ, അനന്തൻ ഇവയാണ് അഷ്ടനാഗങ്ങൾ. വാസുകിയെ മഹാദേവൻ കർണ്ണാഭരണമായി സങ്കൽപിച്ച് അണിയുന്നു. നാഗത്തെ പൂണൂലാക്കിയ ശിവഭാവമാണ് ദക്ഷിണാമൂർത്തി. ഭക്തർക്ക് നാഗം ആഭരണമായ വിഗ്രഹദർശനം തന്നെ പുണ്യം എന്നാണ് പറയുക. നാഗത്തെ ആഭരണമായും, പൂണുലായും ധരിച്ച ദേവതകൾ ക്ഷിപ്രപ്രസാദികളായി നിലകൊള്ളുന്നു. സകല സങ്കടങ്ങളും തീരുന്നതിനും സന്താനദുരിത മോചനത്തിനും സന്താന സൗഭാഗ്യത്തിനും ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനത്തോടെ ജീവിക്കുന്നതിനും നാഗാരാധന പോലെ ഉത്തമമായി മറ്റൊന്നുമില്ല.

സർപ്പപ്രതിഷ്ഠ
കാവുകളിലും ക്ഷേത്രങ്ങളിലുമാണ് സർപ്പങ്ങളെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കരിങ്കൽ ബിംബങ്ങൾ, ചിത്രകൂടങ്ങൾ എന്നിവ കൂടാതെ നാഗരാജാവിന്റെ വലിയ പ്രതിമ കാവുകളിൽ പൂജിക്കുന്ന പതിവും ഉണ്ട്. ചില പുരാതന കുടുംബങ്ങളിലും നാഗപ്രതിഷ്ഠ കാണാം. നാഗപ്രതിഷ്ഠ ഏറ്റവും ശുദ്ധമായി സംരക്ഷിക്കണം. മാസമുറ, പുല, വാലായ്മ തുടങ്ങിയ അശുദ്ധികൾ പ്രതിഷ്ഠയെയോ കാവിനെയോ തീണ്ടരുത്. അതിനാൽ വീടുകളിൽ സർപ്പപ്രതിഷ്ഠ വയ്ക്കാത്തതാണ് നല്ലത്. പകരം ക്ഷേത്രങ്ങളിലോ കാവിലോ ആയില്യപൂജയിലും മറ്റും ഭക്തിപൂർവം പങ്കെടുത്ത് പ്രാർത്ഥിക്കുന്നതാണ് ഫലപ്രദം.

ആയില്യപൂജ
ആയില്യം സർപ്പങ്ങളുടെ ജന്മനക്ഷത്രമായാണ് സങ്കല്പം. കന്നിമാസത്തെ ആയില്യമാകട്ടെ നാഗരാജാവിന്റെ ജന്മദിനമത്രേ. അതുകൊണ്ടാണ് കന്നിയിലെ ആയില്യം ഏറ്റവും പ്രധാനമാകുന്നത്. 2021 ഒക്ടോബർ 2 നാണ് ഇത്തവണ കന്നിമാസത്തെ ആയില്യം. എല്ലാ മാസത്തിലും ആയില്യത്തിന് സർപ്പപ്രീതിക്ക് നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും, സർപ്പബലി തുടങ്ങിയവ നടത്താറുണ്ട്. നാഗരാജ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം മണ്ണാറശ്ശാല നാഗരാജക്ഷേത്രമാണ്. വെട്ടിക്കോട്, അനന്തൻകാട്, പാമ്പുമേക്കാവ്, നാഗർകോവിൽ എന്നിവ മറ്റ് പ്രധാന നാഗരാജക്ഷേത്രങ്ങളാണ്.

പാൽപ്പായസം
സർപ്പത്തെ കൊല്ലുക, സർപ്പസ്ഥാനം തകർക്കുക എന്നിവയ്ക്കുള്ള പരിഹാരമാണ് നാഗ ക്ഷേത്രത്തിൽ പാൽപ്പായസഹോമം നടത്തുക. സ്വർണ്ണനാഗവും, വെള്ളിമുട്ടയും ചെമ്പുറ്റിൽവച്ച് സകല ദുരിതങ്ങളും ആവാഹിച്ച് വേണം പായസഹോമം നടത്താൻ. ഒപ്പം നൂറും പാലും സർപ്പബലിയും കൂടി നടത്തേണ്ടതാണ്.

നൂറുംപാലും
സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന പ്രധാനപ്പെട്ട നിവേദ്യം നൂറുംപാലുമാണ്. സർപ്പങ്ങൾക്ക് നൽകുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിനെ പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവ കൊണ്ട് പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ട് അലങ്കരിച്ചിട്ട് വേണം നൂറുംപാലും തർപ്പിക്കാൻ. കദളിപ്പഴം, അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക് ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്.

തിരിയുഴിച്ചിൽ
സർപ്പപ്രീതിക്കും സന്താനലാഭത്തിനുമായി നാഗ ക്ഷേത്രങ്ങളിൽ നടത്തുന്ന ചടങ്ങാണ് തിരിയുഴിച്ചിൽ. ഉത്തരകേരളത്തിൽ നാഗപ്രീതിക്ക് വണ്ണാന്മാർ നടത്തുന്നതാണ് കുറന്തിനിപ്പാട്ട്. സന്താനം ഇല്ലാത്ത സ്ത്രീകൾക്ക് വേണ്ടി വീടുകളിൽ നടത്തുന്ന കർമ്മമാണിത്.

പുള്ളുവർ പാട്ട്
നാഗപ്രീതിക്കാണ് പുള്ളുവർ പാട്ടുനടത്തുന്നത്. പുള്ളവക്കുടവുമായി വീടുതോറും കയറിയിറങ്ങി നാഗസ്തുതി പാടുന്ന പുള്ളുവർ ഇപ്പോൾ അപൂർവ്വമാണെങ്കിലും ക്ഷേത്രങ്ങളിലാണ് ഇവരെ കൂടുതൽ കാണുന്നത്. ഐശ്വര്യവും ആരോഗ്യവും ഉണ്ടാവാൻ ഭക്തർ പേരും നാളും പറഞ്ഞ് പുള്ളുവപ്പാട്ട് പാടിക്കുന്നതാണ് പതിവ്.

നാഗ മന്ത്രങ്ങൾ
നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഒട്ടേറെ മന്ത്രങ്ങൾ പ്രചാരത്തിലുണ്ട്. മന: ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഇവ ജപിക്കാം. നാഗാരാധനയിൽ ആഭ്യന്തര, ബാഹ്യ ശുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം മറക്കരുത്. ശുദ്ധിയില്ലങ്കിൽ തിരിച്ചടി നേരിടും.

അഷ്ടനാഗമന്ത്രങ്ങൾ
ഓം അനന്തായ നമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാർക്കോടകായ നമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ഓം ഗുളികായ നമ:
അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്

നാഗരാജമൂലമന്ത്രം
ഓം നമ: കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമ:

നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

നാഗയക്ഷിമൂലമന്ത്രം
ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

നവനാഗസേ്താത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം
സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം

മംഗള ഗൗരി

Story Summary: Significance Of Naga Upasana and Naga Mantras

error: Content is protected !!