Saturday, 21 Sep 2024
AstroG.in

മനസ്സുരുകി, ഭദ്രകാളിയെ സ്തുതിച്ചാല്‍ അത്ഭുതകരമായ വളർച്ച നേടാം

ദേവനാരായണന്‍ നമ്പൂതിരി
ഒരു കാലത്ത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ പരക്കെ പാരായണം ചെയ്തിരുന്ന ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം. ഇന്നും പല ക്ഷേത്രങ്ങളിലും ധര്‍മ്മദേവതാസ്ഥാനങ്ങളിലും ഇതു തുടരുന്നുമുണ്ട്. ഇതിലെ ദിവ്യവും അതിശക്തവുമായ സ്‌തോത്രങ്ങള്‍ വീടുകളില്‍ സന്ധ്യാസമയത്ത് ജപിക്കുന്ന പതിവ് ഉണ്ടായിരുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം പോലെ വിശിഷ്ടമാണ് ഭദ്രകാളീമാഹാത്മ്യം ഒന്‍പതാം അദ്ധ്യായം ഒന്നു മുതല്‍ ഇരുപത്തൊന്‍പതുവരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്തുതി. പൂര്‍വ്വികമായ ദോഷങ്ങള്‍ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ഐശ്വര്യത്തിനുമായി ആര്‍ക്കും ജപിക്കാവുന്ന സ്‌തോത്രമാണിത്. ധര്‍മ്മദേവതാക്ഷേത്രങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യിച്ചിരുന്നതും ഒരുകാലത്ത് പതിവായിരുന്നു. ഇത്തരം ഉപാസനകള്‍ തുടര്‍ന്നാല്‍ ജീവിതത്തിലും കുടുംബത്തിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുക. ഏറെ വിശ്വാസവും ആത്മബന്ധവുമുള്ള പ്രിയക്ഷേത്രത്തിലെ ഭദ്രകാളിയെ തീവ്രമായി മനസ്സില്‍ ഭാവന ചെയ്ത് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യുകയോ അതിലെ സ്‌തോത്രങ്ങള്‍ എല്ലാ ദിവസവും ജപിക്കുകയോ ചെയ്യുക. അതിന് പറ്റുന്നില്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കാം. പുരോഗതിക്ക് പ്രതിബന്ധമായി നില്‍ക്കുന്ന പല ദോഷങ്ങളും ഉപദ്രവങ്ങളും പെട്ടെന്ന് ഇല്ലാതാകും.

മകനെ കാത്തിരിക്കുന്ന അമ്മയെപ്പോലെ

ഭദ്രകാളിയുമായി പൂര്‍വ്വബന്ധമുള്ളവരാണ് മിക്കവരും. ദേശദേവതയായി കേരളത്തില്‍ അങ്ങോളമിങ്ങോളം കണക്കെടുക്കാൻ കഴിയാത്ത തരത്തിൽ ഭദ്രകാളീ ക്ഷേത്രങ്ങളുണ്ടല്ലോ. ഒരു ദേശത്ത് കുടുംബവേരുകൾ ഉള്ളിടത്തോളം കാലം ഭദ്രകാളീപ്രീതി അനിവാര്യമാണ്. പൂര്‍വ്വ പരമ്പരയിയിൽ എവിടെയോ ഉണ്ടായിരുന്ന ഒരു അമ്മ, അല്ലെങ്കില്‍ അമ്മമാര്‍, പിതാക്കന്മാര്‍ ഇവർ പ്രാര്‍ത്ഥിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത ഒരു ദേവതയെ തലമുറകള്‍ക്കുശേഷം ആ പരമ്പരയിലെ ഒരാള്‍ ഭജിച്ച് പ്രസാദിപ്പിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. ദീര്‍ഘകാലമായി കാണാൻ കാത്തിരിക്കുന്ന മകനെ കാണുമ്പോൾ ഒരു അമ്മയ്ക്ക് ഉണ്ടാകുന്ന സന്തോഷം പോലെ ഇവിടെ ദേവിയുടെ അനുഗ്രഹ കടാക്ഷം പ്രവഹിക്കുന്നു. ഇത്തരത്തില്‍ ഭദ്രകാളിയുമായി പൂര്‍വ്വബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഭദ്രകാളിയെ ഇഷ്ടദേവതയായും ദേശദേവതയായും ആരാധിക്കുന്നതിനും പ്രയോജനപ്രദമായ ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.

ധര്‍മ്മദൈവസ്ഥാനം അറിയാത്തവർക്ക്

കരുത്തിന്റെ പ്രതീകമായ ഭദ്രകാളി തടസ്സങ്ങളെയും ബാധോപദ്രവങ്ങളെയുമൊക്കെ അതിശക്തമായി തട്ടിത്തകര്‍ക്കുന്നവളാണ്. മനസ്സുരുകി, ഭക്തിപൂര്‍വ്വം അമ്മയെ സ്തുതിച്ചാല്‍ മതി. ഇത്തരത്തിൽ അത്ഭുതകരമായ വളർച്ച നേടുന്ന കുടുംബങ്ങൾ നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാൽ ധാരാളം കാണാൻ കഴിയും. എന്നാൽ ഇക്കാലത്ത് പലര്‍ക്കും തങ്ങളുടെ ധര്‍മ്മദൈവം ഏതാണെന്നു പോലും അറിയില്ല. കുടുംബ ദേവത അഥവാ ധര്‍മ്മദൈവസ്ഥാനം എവിടെയാണ് എന്നോ, എങ്ങനെ ധര്‍മ്മദൈവാരാധന നടത്തണമെന്നോ അറിയില്ല. മൂലകുടുംബത്തില്‍നിന്നു വേര്‍പെട്ട് പല സ്ഥലങ്ങളിലും വിദേശത്തും താമസമുറപ്പിച്ചിട്ടുള്ളവര്‍ക്ക് യഥാവിധി കുടുംബദേവതയെ ആരാധിക്കാനാകുന്നില്ല. അവര്‍ക്കും ഭദ്രകാളിയെ ആരാധിക്കുന്നതിന് ഏറ്റവും നല്ല ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.

ഭദ്രകാളി മാഹാത്മ്യം അതിവിശിഷ്ടം

വിവിധ കോളേജിൽ സംസ്‌കൃത അദ്ധ്യാപകനായിരുന്ന പ്രൊഫ. കെ. വാസുദേവനുണ്ണി മലയാളത്തിൽ പരിഭാഷ ചെയ്ത ഭദ്രകാളി മാഹാത്മ്യം ഇപ്പോൾ ഏറെ പ്രചാരം നേടിയ അതിവിശിഷ്ടമായ ഒന്നാണ്. ഭദ്രകാളിയെ കുടുംബ ദേവതയായി ആരാധിക്കുന്നവർക്ക് ഒഴിവാകാൻ പറ്റാത്ത ഈ കൃതി മൂലവും മലയാള ഗദ്യപരിഭാഷയും സഹിതം സമ്പൂർണ്ണമാണ്. ഭദ്രകാളിയുടെ ആരാധനാ വിധികൾ, ധർമ്മ ദൈവമായി ആരാധിക്കുന്നതിന്റെ വിശദാംശങ്ങൾ, ഭദ്രകാളിയെ ആരാധിച്ചവരുടെ അത്ഭുതകരമായ അനുഭവങ്ങൾ, ജോതിഷപരമായ പ്രാധാന്യം ഇതെല്ലാം കൃതിയിലുണ്ട്. കൊച്ചി, സപര്യ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 320 രൂപ.

ദേവനാരായണന്‍ നമ്പൂതിരി, (ഫോൺ: 04842577007, മൊബൈൽ: 8547515253)

Story Summary: Significance of Bhadrakali Worshipping

error: Content is protected !!