മന്ത്രം എങ്ങനെ ജപിക്കണം?
ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തിയുള്ള പുണ്യാക്ഷരങ്ങളാണ് മന്ത്രങ്ങൾ. നല്ല അന്തരീക്ഷത്തിൽശരിയായ സ്പന്ദനങ്ങളിൽ, ജപിക്കുന്ന മന്ത്രങ്ങൾ നമ്മുടെ മനസിനെ മാത്രമല്ല ഇന്ദ്രിയങ്ങളെയും ശാന്തമാക്കും. ശക്തിയുള്ള ഒരു മന്ത്രം ജപിക്കുമ്പോൾ ലഭിക്കുന്ന ശാന്തി മറ്റൊന്നിനും തരാനാകില്ല. എന്നാൽ എങ്ങനെയാണ് മന്ത്രം ജപിക്കേണ്ടതെന്ന് പലർക്കും അറിയില്ല. വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉള്ളിൽ വച്ചു കൊണ്ടാണ് പലരും മന്ത്രം ജപിക്കുന്നത്. ചിലർ അതിന്റെ ആത്മീയമായ പ്രാധാന്യം മനസിലാക്കി ഈശ്വര സാക്ഷാത്ക്കാരത്തിനാണ് ജപിക്കുന്നത്. ചിലർ ധ്യാനത്തിനാണ് മന്ത്രങ്ങളെ ആശ്രയിക്കുന്നത്; മറ്റ് ചിലർ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന്.
എന്തിനുവേണ്ടിയായാലും ശരിയായ രീതിയിൽ ജപിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ.എപ്പോൾ മന്ത്രം ജപിച്ചാലും ഉച്ചാരണശുദ്ധിയും പരസ്പര ബന്ധവും ഉറപ്പാക്കുക വേണം. തെറ്റായ ഉച്ചാരണം ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്ന് മനസിലാക്കണം. കഠിനമായ പദങ്ങൾ ജപിക്കേണ്ടിവരുമ്പോൾ സംശയമുണ്ടാകും; അത് തീർക്കാൻ പണ്ഡിതന്മാരായ നല്ല ആചാര്യന്മാരെ സമീപിക്കാൻ മടിക്കാണിക്കരുത്. തുടക്കത്തിൽ ലളിതമായ മന്ത്രങ്ങൾ അക്ഷരചേർച്ചയും അർത്ഥവും മനസിലാക്കി ജപിച്ചു തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഒരോ മന്ത്രവും ചൊല്ലി ബലപ്പെടുത്താൻ അതിന് പറഞ്ഞിട്ടുള്ളത്ര തവണ ജപിക്കണം. ഇതിനെ മന്ത്രസിദ്ധി വരുത്തുക എന്നാണ് പറയുന്നത്. ഒരു രാത്രി വെളുക്കുമ്പോൾ ആർക്കും തന്നെ മന്ത്രസിദ്ധി ആർജ്ജിക്കാൻ കഴിയില്ല. അതിന് നല്ല സാധന വേണം. നിരന്തരം നിശ്ചിത തവണ മന്ത്രം ജപിച്ച് ബലപ്പെടുത്തായാൽ മാത്രമേ മന്ത്രങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്തുന്ന നല്ല മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയൂ. അതിന് മാസങ്ങൾ തന്നെ വേണ്ടിവരും. ചിലപ്പോൾ വർഷങ്ങളും. അത് നമ്മുടെ സാധനയുടെ ദൃഢതയെ ആശ്രയിച്ചാണിരിക്കുന്നത്.
മന്ത്രം ഫലം തരുന്നില്ലെന്ന് ചിന്തിച്ച് ഇടയ്ക്ക് വച്ച് ജപം നിറുത്തരുത്; മറ്റൊരു മന്ത്രത്തെ ആശ്രയിക്കുകയും ചെയ്യരുത്. നല്ലൊരു ആചാര്യനിൽ നിന്നും മന്ത്രജപത്തെക്കുറിച്ച് മനസിലാക്കിയ ശേഷം ജപം തുടങ്ങുകയാണ് ഏറ്റവും ഉത്തമം. ജപമാല ഉപയോഗിക്കുമ്പോൾ കൈയ്യിൽ അത് ശരിയായ രീതിയിൽ എങ്ങനെ പിടിക്കണമെന്നും മറ്റും ആചാര്യൻ നിങ്ങൾക്ക് പറഞ്ഞുതരും. ആചാര്യനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നാലുപേർ നല്ലതു പറയുന്ന ആചാര്യനെ മാത്രമേ തിരഞ്ഞെടുക്കാവൂ.
മന്ത്രജപത്തിന് ജപമാല വേണമെന്നൊന്നുമില്ല. വിരൽ മടക്കിയും മറ്റും ജപസംഖ്യ തിട്ടപ്പെടുത്തുവാൻ കഴിയുമെങ്കിൽ ജപമാല ആവശ്യമില്ല. എന്നാൽ ജപമാലയുള്ളത് ഏകാഗ്രത കൂട്ടുന്നതിന് നല്ലതാണ്. ജപമാല രൂദ്രാക്ഷമായിരിക്കുന്നത് ആത്മാവിനും ശരീരത്തിനും വളരെ പ്രയോജനം ചെയ്യും. മന്ത്രം ജപിക്കുമ്പോൾ കഴിയുമെങ്കിൽ കണ്ണടച്ചിരിക്കണം. അത് ഏകാഗ്രത വർദ്ധിപ്പിക്കുക മാത്രമല്ല ഓരോ മന്ത്രവും സൃഷ്ടിക്കുന്ന സ്പന്ദനങ്ങൾ ശരീരത്തിലുണ്ടാക്കുന്ന അനുഭൂതി അനുഭവിച്ചറിയുവാനും നമ്മളെ സഹായിക്കും. കണ്ണടച്ചിരിക്കുന്നത് ജപം തുടങ്ങിയാലുടൻ മനസിനെ സ്വസ്ഥമാക്കുകയും ശരീരത്തെ തപോനിദ്രയിലേക്ക് നയിക്കുകയും ചെയ്യും.
മന്ത്രം ജപിക്കുമ്പോൾ ധ്യാനിക്കുന്ന ദേവതാ രൂപം സങ്കല്പത്തിൽ തെളിയിക്കണം. ഉദാഹരണത്തിന് മഹാമൃത്യുഞ്ജയമന്ത്രമാണ് ജപിക്കുന്നതെങ്കിൽ ഭഗവാൻ ശ്രീപരമേശ്വരന്റെ രൂപം മനസിൽ നിറയണം. അത് നമ്മളെ ആ ദേവതയുമായി പെട്ടെന്ന് ബന്ധിപ്പിക്കും; നമുക്ക് ചുറ്റും ആ ദേവതയുടെ സാന്നിദ്ധ്യം വിലയം കൊള്ളുകയും ക്രമേണ അത് ശക്തിപ്പെടുകയും ചെയ്യും. അങ്ങനെയാകുമ്പോൾ അമ്പലത്തിലോ പൂജാമുറിയിലോ തന്നെ വേണമെന്നില്ല എവിടെയിരുന്നും നമുക്ക് മന്ത്രം ജപിക്കാൻ കഴിയും.
പലരും മന്ത്രം ഉച്ചത്തിൽ ജപിക്കാറുണ്ട്. അത് ശരിയായ രീതിയല്ല. മെല്ലെ ചൊല്ലുക; പക്ഷേ ആ മന്ത്രണം നമ്മുടെ കാതുകൾക്ക് കേൾക്കാൻ പറ്റുന്നത്ര ഉച്ചത്തിലാകണം. ഒരിക്കലും യാന്ത്രികമായോ എങ്ങനെയെങ്കിലും ഒന്ന് പൂർത്തിയാക്കാനോ തീർന്നു കിട്ടുന്നതിനോ വേണ്ടി മന്ത്രം ജപിക്കരുത്. ശരിക്കും ഒരു അനുഭവമാക്കി വേണം മന്ത്രജപം; അർത്ഥമറിഞ്ഞ്, ആഴമറിഞ്ഞ് വേണം ജപം.
എവിടെയിരുന്നും മന്ത്രം ജപിക്കാമെങ്കിലും നല്ലത് പൂജാമുറിയോ ക്ഷേത്രമോ തന്നെയാണ്. കഴിയുന്നതും തുറസ്സായ ഇടം വേണ്ട; ഭാഗികമായി മറച്ച സ്ഥലമായിരിക്കണം; സൂര്യന് അഭിമുഖമായാൽ ഏറ്റവും നല്ലത്. നിത്യേന ജപസ്ഥലം മാറ്റരുത്. പതിവായി ഒരിടത്തിരുന്ന് ജപിച്ചാൽ ആ അന്തരീക്ഷത്തിൽ ഭഗവത് സാന്നിദ്ധ്യം നിറയ്ക്കാൻ പെട്ടെന്ന് നമുക്ക് കഴിയും.
പതിവായി മന്ത്രം ജപിച്ചാൽ എന്നും ക്ഷേത്രത്തിൽ പോകുകയും വഴിപാട് നടത്തുകയും ചെയ്യേണ്ടി വരില്ല. മന്ത്രജപത്തിനുവേണ്ടി പ്രത്യേകിച്ച് എങ്ങോട്ടും പോകേണ്ടതുമില്ല. അതിനാൽ നിത്യജപം ശീലമാക്കുക. അപ്പോൾ അസുഖം പിടിച്ചാൽ പോലും സ്വന്തം കിടക്കയിലിരുന്ന് ജപിക്കാം; മന്ത്രജപം മുടങ്ങില്ല.
വീട്ടിലെ പ്രശ്‌നങ്ങൾക്കും മറ്റ് പ്രാരാബ്ദങ്ങൾക്കുമിടയിൽ നിന്നും ഓ… പ്രാർത്ഥിച്ചില്ലെന്ന് പറഞ്ഞ് ഓടിച്ചെന്ന് മന്ത്രം ജപിക്കാനിരിക്കുന്നതിൽ ഒരു കാര്യവുമില്ല. ശാന്തമായ മനസോടെ, ഏകാഗ്രതയോടെ നിശ്ചിതസമയം ജപത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ അതിന് മുതിരാവൂ.
നിങ്ങൾക്കു മാത്രമായ സമയമാണത്; അത് ഏറ്റവും ഭംഗിയായി പ്രയോജനപ്പെടുത്തണം. മറ്റൊരു ഇടപെലും ആ സമയത്ത് അനുവദിക്കരുത്. മൊബൈൽ ഫോൺ പോലുള്ള വസ്തുക്കളൊന്നും ഏഴയലത്ത് അടുപ്പിക്കരുത്.നമ്മുടെ ആഗ്രഹത്തിനും ആവശ്യത്തിനും യോജിക്കുന്ന മന്ത്രം തിരഞ്ഞെടുക്കണം. അതിന് വിധിച്ചിട്ടുള്ള ചിട്ടകൾ പാലിച്ച് തികഞ്ഞ ഏകാഗ്രതയോടെ നല്ല അന്തരീക്ഷത്തിൽ നിശ്ചിത സമയം നിശ്ചിത ദിനങ്ങൾ ജപിച്ചു നോക്കൂ; അത്ഭുതകരമായിരിക്കും അതിന്റെ ഫലം. ഓം ഗം ഗണപതയെ നമ: ഓം നമ:ശിവായ, ഓം നമോ ഭഗവതെ വാസുദേവായ, ഓം ദും ദുർഗ്ഗായെനമ:ഓം നമോ നാരായണായ…. പ്രത്യേകിച്ച് ആഗ്രഹം ഒന്നും ഇല്ലെങ്കിൽ തന്നെ ഇതിൽ ഏത് മന്ത്രം വേണോ തിരഞ്ഞെടുത്ത് ജപിച്ച് തുടങ്ങുക. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം സുഖവും നിർവൃതിയും അധികം വൈകാതെ നമ്മൾ അനുഭവിച്ചു തുടങ്ങും.
– പി.എം ബിനുകുമാർ
Mobile: +919447694053