Sunday, 6 Oct 2024
AstroG.in

മന്ത്രം എവിടെയിരുന്ന്, എങ്ങനെ ജപിക്കണം ?

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

പൂജാമുറിയിലിരുന്ന് മന്ത്രം ജപിക്കുന്നതാണ്
ഏറ്റവും ഉത്തമം. ദേവീ ദേവന്മാരുടെ ചിത്രങ്ങളും
വിഗ്രഹങ്ങളും തീർച്ചയായും പൂജാ മുറയിൽ ഉണ്ടാകുമല്ലോ. അതിന് മുൻപിൽ ഇരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. രാവിലെയാണെങ്കിലും വൈകിട്ടാണെങ്കിലും കുളിച്ച് ഏറ്റവും ശുദ്ധിയും
വൃത്തിയുമുള്ള വസ്ത്രം ധരിച്ച് വേണം മന്ത്രജപം. വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഏതൊരു മന്ത്രജപത്തിനും ഉത്തമമായി കണക്കാക്കുന്നത്. ഏതെങ്കിലും പ്രത്യേക കാര്യസാദ്ധ്യത്തിനുള്ള മന്ത്രജപത്തിന് മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് ആചാര്യൻ നിഷ്കർഷിച്ചാൽ അത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വളരെ പെട്ടെന്നു തന്നെ ഫലസിദ്ധി ലഭിക്കാറുണ്ട്.

വെറും നിലത്തിരുന്ന് ജപിക്കാൻ പാടില്ല. പലകയിലോ, പായിലോ, വൃത്തിയുള്ള ഒരു പട്ടുതുണി വിരിച്ച് അതിലോ ഇരുന്നു കൊണ്ട് നമുക്ക് ജപിക്കാം. വിളക്ക് കത്തിച്ചു വച്ചു ജപിക്കുകയാണ് ഏറ്റവും ഉത്തമം. നിലവിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കൊളുത്തുക. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് മൂല എന്നീ അഞ്ചു ദിക്കിലേക്ക് തിരിയിട്ട് വിളക്ക് തെളിക്കുന്നത് ഏറ്റവും ഉത്തമമാണ്. ഇതിനെ ഭദ്രദീപം എന്നാണ് പറയുക. കിഴക്കു തുടങ്ങിയോ പടിഞ്ഞാറു തുടങ്ങിയോ പ്രദക്ഷിണമായി വേണം വിളക്കുതെളിക്കാൻ.

നെയ്യ് ഒഴിച്ചു വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ എള്ളെണ്ണ ഒഴിച്ച് വിളക്കു കത്തിച്ചാലും മതി. വെളിച്ചെണ്ണ ഒഴിക്കുന്നതിലും തെറ്റില്ല. ഏറ്റവും
ഉത്തമം നെയ് വിളക്ക് തന്നെയാണ്. ഇപ്രകാരം വിളക്ക് കത്തിച്ചു വച്ച് ശ്രദ്ധയോടു കൂടി മന്ത്രജപം ചെയ്യുക.

ഒരു ഗുരുനാഥനുണ്ടെങ്കിൽ അദ്ദേഹത്തിൽ നിന്നും സ്വീകരിച്ച മന്ത്രം ഇപ്രകാരം ജപിക്കുക. മന്ത്രജപത്തിന് ഉത്തമനായ ഗുരു ഉള്ളതാണ് എപ്പോഴും നല്ലത്.
ജപിക്കേണ്ട മന്ത്രം തിരഞ്ഞെടുക്കുന്നതിനും ജപരീതി പറഞ്ഞു തരുന്നതിനുമെല്ലാം ഗുരുപദേശം സഹായിക്കും. ഇങ്ങനെ ഗുരുനാഥൻ മന്ത്രം പകർന്നു തരുന്നതിനെയാണ് മന്ത്രദീക്ഷ എന്നു പറയുന്നത്.
അങ്ങനെ ഗുരുനാഥനായി ആരും ഇല്ലെങ്കിൽ ദക്ഷിണാമൂർത്തിയെ സ്മരിച്ച് തെറ്റുകൂടാതെ ഏതെങ്കിലും ഗ്രന്ഥത്തിൽ നോക്കി സ്വയം ജപിക്കാം.

ബീജാക്ഷര മന്ത്രങ്ങൾ വളരെ ശ്രദ്ധിച്ചു മാത്രമേ ജപിക്കുവാൻ പാടുള്ളു. ഒരോ ദേവതയ്ക്കും പ്രത്യേകം
ബീജാക്ഷരങ്ങളുണ്ട്. ഈ ബീജാക്ഷരങ്ങൾ മന്ത്രത്തിന് പ്രത്യേകമായ ശക്തി പകർന്നു നൽകുന്നു. ഓം, ശ്രീം,
ഹ്രീം, ക്ലീം, ഐം, ക്രീം, ദും, ഹും, ഹം, ഗം, രം, ഇം തുടങ്ങി ബീജാക്ഷരങ്ങൾ ധാരാളമുണ്ട്. ശക്തി വിശേഷം വളരെ കൂടുതലായതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് അത്തരം മന്ത്രങ്ങൾ ഫലസിദ്ധി തരും. അതുപോലെ തന്നെ വളരെ പെട്ടെന്നു തന്നെ വിപരീത ഫലങ്ങൾ/ദോഷഫലങ്ങൾ തരുന്നതിനും അവയ്ക്കു ശക്തിയുണ്ടെന്നുള്ള കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടാണ് മന്ത്രങ്ങൾ ഉപദേശം സ്വീകരിച്ച് ജപിക്കണമെന്ന് പറയുന്നത്.

(ജപമാലയും ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളും:
അടുത്ത പോസ്റ്റിന് കാത്തിരിക്കുക.)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

error: Content is protected !!