Sunday, 6 Oct 2024
AstroG.in

മന്ത്രം മുറിഞ്ഞാൽ എന്ത് പറ്റും, എത്ര തവണ ജപിച്ചാൽ ഫലം കിട്ടും?

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ
അല്ല മന്ത്രങ്ങൾ; സങ്കല്‌പിക്കുന്ന ദേവതയുടെ
ശബ്ദ പ്രതീകമാണ്. ആ ദേവതയുടെ അപാരമായ
ശക്തി ചൈതന്യങ്ങളെല്ലാം അടങ്ങിയിരിക്കുന്നത്
ഈ നാദരൂപത്തിന്റെ അക്ഷരങ്ങളുടെ
ഘടനയിലാണ്. ശുദ്ധമായ ചിത്തത്തോടെ ആവർത്തിച്ചു ജപിക്കുന്നവരെ മന്ത്രങ്ങൾ രക്ഷിക്കുന്നത് അതിനാലാണ്.

പാപ ദുരിത ശാന്തിക്കും ഇഷ്ടകാര്യസിദ്ധിക്കും
ഏറ്റവും ഗുണകരമാണ് മന്ത്രജപം. അതിലൂടെ
നമ്മുടെ മനസ്സ് ശുദ്ധീകരിക്കും. നമ്മൾ ചെയ്യുന്ന ഏതൊരു കാര്യത്തിലും കൂടുതൽ വിജയ സാദ്ധ്യത ഉണ്ടാകും. ഈശ്വരീയമായ അനുഗ്രഹം നമുക്ക് ലഭിക്കുമ്പോൾ മനസ്സ് തെളിമയാർന്നതാകും. അതിനൊപ്പം നമ്മൾ ചെയ്യുന്ന എല്ലാ കർമ്മത്തിനും ഈശ്വരീയമായ പിൻബലം കൂടി ലഭിക്കും. അതോടെ ഏതൊരു കർമ്മവും കൂടുതൽ ശ്രദ്ധയോടെ, ഭക്തിയോടെ, നല്ല സാമർത്ഥ്യത്തോടെ ചെയ്യാൻ നമുക്ക് കഴിയും. മന്ത്രജപം നമുക്ക് ജീവിതവിജയം ഉണ്ടാക്കിത്തരും എന്നതാണ് അതിൻ്റെ പ്രധാന ഗുണം.

മന്ത്രജപം രാവിലെയും വൈകിട്ടും ചെയ്യണം.
രാവിലെ എത്ര നേരത്തേ ചെയ്യാൻ കഴിയുമോ അത്രയും നേരത്തേ ചെയ്യുക. സൂര്യോദയത്തിന്
ഒരു യാമം മുൻപു തൊട്ടുള്ള സമയം ജപത്തിന് ഏറ്റവും ഉത്തമമാണ്. ഉദയം രാവിലെ ആറു മണിക്കാണെങ്കിൽ വെളുപ്പിന് മൂന്നു മണിമുതൽ ജപത്തിന് ഉത്തമമാണ്. സൂര്യോദയ ശേഷമുളള ഒരു യാമവും ജപത്തിന് നല്ലതാണ്.
എന്നു പറഞ്ഞാൽ 6 മണിക്കാണ് ഉദയമെങ്കിൽ കാലത്ത് 9 മണി വരെ ജപത്തിന് നല്ല സമയമാണ്‌.

രാവിലെയും വൈകിട്ടും സൗകര്യപ്രദമായി ഏത് സമയമാണോ ജപത്തിന് തിരഞ്ഞെടുക്കുന്നത് എല്ലാ ദിവസവും അതേ സമയം തന്നെ ജപിക്കുവാൻ ശ്രമിക്കണം. വൈകിട്ടും ജപ സമയം നിശ്ചയിക്കുന്നത് ഇതേപോലെ തന്നെയാണ്. അസ്തമയത്തിന് ഒരു യാമം മുൻപും പിൻപുമുള്ള
ഒരോയാമം. അസ്തമയം 6 മണിക്ക് എങ്കിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 മണിവരെയും 6 മണി മുതൽ 9 വരെയും ജപം നടത്താം. ഇതിൽ എന്നും ജപിക്കാൻ കഴിയുന്ന ഒരു സമയം കണ്ടെത്തി എല്ലാ ദിവസവും ആ സമയത്തു തന്നെ ജപിക്കുക. ജപസംഖ്യയും അതേപോലെ ഒരേരീതിയിൽ തുടരണം.

സാധാരണ എല്ലാ മന്ത്രങ്ങൾക്കും 108 തവണയാണ് ജപസംഖ്യയായി ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. അത്രയും തവണ ജപിക്കുവാൻ സമയമില്ലെങ്കിൽ
64, 36,28,12, 8 എന്നിങ്ങനെ ജപസംഖ്യ ക്രമപ്പെടുത്താം. രാവിലെയും വൈകിട്ടും, എല്ലാ ദിവസവും, ജപിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത്, ഒരേ ജപസംഖ്യ, ഒരേ താളത്തിൽ ജപിക്കണം എന്ന് ചുരുക്കം.

താളം എന്ന് പറഞ്ഞാൽ മന്ത്രം ജപിക്കുമ്പോൾ അതിവേഗം ജപിക്കാൻ പാടില്ല. വേഗം കൂടിയാൽ മന്ത്രങ്ങൾ മുറിയും. അക്ഷരത്തെറ്റുകൾ ഉണ്ടാകും. അതേസമയം വളരെ സാവകാശത്തിലും
ജപിക്കാൻ പാടില്ല. അപ്പോഴും അക്ഷരത്തെറ്റിനും മന്ത്രം മുറിയുന്നതിനും സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾ തെറ്റാതെ ശ്രദ്ധയോടെ ജപിച്ചാൽ മാത്രമേ മന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന
തരത്തിലെ ഫലപ്രാപ്തി ഉണ്ടാവുകയുള്ളു.
എങ്ങനെയെങ്കിലും ജപിച്ചാൽ അഗ്രഹിക്കുന്ന ഫലപ്രാപ്തി ലഭിക്കില്ല എന്നു സാരം.

അതുകൊണ്ടു തന്നെയാണ് ആചാര്യന്മാരെല്ലാം
തന്നെ മന്ത്രം ഗുരുമുഖത്തു നിന്നും സ്വീകരിക്കണമെന്ന് നിഷ്കർഷിച്ചത്. ഗുരുമുഖത്തു നിന്നു മന്ത്രം സ്വീകരിക്കുമ്പോൾ അത് തെറ്റാനുള്ള സാദ്ധ്യത കുറവാണ്. ആചാര്യൻ പറഞ്ഞു തരുന്നത് കൂടെയിരുന്ന് ചൊല്ലി പഠിച്ചാൽ തെറ്റാനുള്ള സാദ്ധ്യത ഉണ്ടാകില്ല. അതിനൊപ്പം പിന്നീട് നമുക്ക് പ്രാർത്ഥന മുന്നോട്ടു കൊണ്ടു പോകുന്നതിനും ഗുരുനാഥൻ്റെ അനുഗ്രഹം പ്രയോജനപ്പെടും.

(മന്ത്രം എവിടെയിരുന്ന്, എങ്ങനെ ജപിക്കണം ?
അടുത്ത പോസ്റ്റിന് കാത്തിരിക്കുക.)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

error: Content is protected !!