മന: ശാന്തിയ്ക്കും കാര്യസിദ്ധിക്കും ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാം
സംഹാരമൂർത്തിയാണ് ഭദ്രകാളി. മഹാമാരികളും ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ വേഗം മന:ശാന്തി ലഭിക്കും. ഉഗ്രരൂപിണിയായ ഭദ്രകാളിയെ ആരാധിക്കാൻ പറ്റിയ ദിവസമായ മീന ഭരണി 2021 മാർച്ച് 18 വ്യാഴാഴ്ചയാണ്. ഈ ദിവസം കാളീ മന്ത്രജപം തുടങ്ങാൻ നല്ല ദിവസമാണ്. അന്ന് പറ്റിയില്ലെങ്കിൽ ഏതെങ്കിലും ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ജപം ആരംഭിക്കാം.
മാസാശുദ്ധി, വാലായ്മ, പുല, എന്നിവ ഇല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ നെയ്‌വിളക്ക് കൊളുത്തി
കഴിയുന്നത്ര നേരം കാളീ മന്ത്രങ്ങൾ ജപിച്ചാൽ ദുർഘടസന്ധികളിൽ ആധിവ്യാധികളെല്ലാം
ഒഴിഞ്ഞ് മന: ശാന്തിയും കാര്യസിദ്ധിയും ലഭിക്കും. ഭദ്രകാളീ ദേവിയുടെ ഏറ്റവും ശക്തിയുള്ളതും അത്ഭുതശക്തിയുള്ളതുമായ മൂലമന്ത്രമാണ് ഈ സമയത്ത് പ്രധാനമായും ജപിക്കേണ്ടത്. ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്നതാണ് മൂലമന്ത്രം. ഇത് കുളിച്ച് ശുദ്ധമായ ശേഷം രാവിലെയും വൈകിട്ടും 48 പ്രാവശ്യം വീതം ജപിക്കണം. എല്ലാ തരത്തിലുമുള്ള ദുരിതവുമകറ്റാൻ
ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്.
പാപങ്ങൾ തീർത്ത് ശാന്തിയും സമാധാനവും നൽകുന്നതിന് മഹാകാളി മന്ത്രജപം നല്ലതാണ്.
ഈ മന്ത്രം ജപിക്കുന്നതിന് യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. അത്ഭുതശക്തിയുള്ള ഈ മന്ത്രം ജപിക്കുന്നതിലൂടെ മുൻജന്മപാപങ്ങൾപോലും മാറി സമാധാനവും സന്തോഷവും ലഭിക്കും. ഗുരുവിൽ നിന്നും മന്ത്രോപദേശം നേടണം.
അസുരശിരസ് കോർത്ത് മാലയണിഞ്ഞ് ശവത്തിന് മുകളിൽ നിൽക്കുന്ന ഭയാനക ചിത്രമാണ് മഹാകാളിയുടേത്. ഈ രൂപത്തിലുളള ഭദ്രകാളിയുടെ ധ്യാനശ്ലോകം 5 പ്രാവശ്യം ജപിച്ച് മനസിൽ ദേവീഭാവം ഉറപ്പിച്ച ശേഷം മന്ത്രം ജപിക്കണം. ഈ മന്ത്രം 48 തവണ വീതം 2 നേരം ജപിക്കണം. ജപാന്ത്യത്തിലും ധ്യാനശ്ലോകം 3 പ്രാവശ്യം ചൊല്ലണം. മുടങ്ങാതെ 28 ദിവസം വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. പാപശാന്തിക്കും മന:ശാന്തിക്കും പ്രയോജനപ്പെടും. ധ്യാനശ്ലോകവും മഹാകാളിമന്ത്രവും ചുവടെ:
ധ്യാനശ്ലോകം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം
നരമുണ്ഡം തഥാ ഖഡ്ഗം
കമലം ച വരം തഥാ
ചതുർഭുജാം ചലജ്ജിഹ്വാം
പൂർണ്ണചന്ദ്ര നിഭാനനാം
നീലോല്പലദളശ്യാമാം
ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം
ദംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം
സർവ്വദാം ച ദിഗംബരീം
ശവാസനസ്ഥിതാം ദേവീം
മുണ്ഡമാലാ വിഭൂഷിതാം
ഘോരരൂപാം ഭീഷണാസ്യാം
മഹാകാളീം സദാസ്മരേത്
മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചാണ്ഡാലിനി
സുമുഖീ ദേവീ മഹാകാളീം,
കാലഭൈരവപ്രിയങ്കരീ മഹാകാളീ
പിശാചിനീ വേദാന്തർജതേ
നിത്യേ സർവ്വപാപശമനം
ദേഹിദദാപയ ഹ്രീം ക്രീം നമ:സ്വാഹാ
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)