Monday, 23 Sep 2024
AstroG.in

മള്ളിയൂർ ഗണപതിയുടെ മടിയിലിരുന്ന് ഭാഗവതം കേള്‍ക്കുന്ന ശ്രീകൃഷ്ണന്‍

ഭാഗവത ചൂഡാമണി പള്ളിക്കല്‍ സുനില്‍

മറ്റെങ്ങും കാണാനാകാത്ത വൈഷ്ണവ, ഗണപതി പ്രതിഷ്ഠയാണ് മള്ളിയൂര്‍ ശ്രീകോവിലില്‍ കുടികൊള്ളുന്നത്. മഹാഗണപതിയുടെ മടിയിലിരുന്ന് ഭാഗവതകഥ കേള്‍ക്കുന്ന ശ്രീകൃഷ്ണഭഗവാന്‍. ഗണപതിയുടെ മടിയില്‍ ഭാഗവതം കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വിഗ്രഹം തന്ത്രശാസ്ത്രം അനുവദിക്കുന്നതല്ല. പിന്നെങ്ങനെ ഈ പ്രതിഷ്ഠ സംഭവിച്ചു? അതും ശ്രേഷ്ഠാചാര്യനായ മള്ളിയൂര്‍ തിരുമേനിയുടെ ആത്മീയ കര്‍മ്മപരിസരത്ത് ?

മള്ളിയൂര്‍ തിരുമേനി തന്നെ ഈ പ്രതിഷ്ഠാ രഹസ്യം ഒരിക്കല്‍ വിശദീകരിച്ചു: “ബീജഗണപതിക്ക് നാല് കൈകളാണുള്ളത്. അതുതന്നെ രണ്ട് പ്രകാരത്തില്‍ പറയും. പരശു, ജപമാല, കൊമ്പ്, ലഡു എന്നിവ കൈകളിലേന്തിയതാണ് ഒന്ന്. രണ്ടാമത്തേത് പാശം, തോട്ടി, കൊമ്പ്, വരദം എന്നിവയാണ്. എന്നാലിവിടെ തോട്ടിയും കയറുമുണ്ട്. വരമുദ്രയില്ല, മോദകത്തട്ടുണ്ട്. ഇങ്ങനെയാണ് വലം പിരി രൂപത്തിലുള്ള ഗണപതിയുടെ മൂലഭാവം. തന്ത്രശാസ്ത്രത്തില്‍ രണ്ട് പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്: ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിൽ ജപിക്കാവൂ; മറ്റൊന്നും പാടില്ല. രണ്ട്: ഓരോ ദേവനും അര്‍ച്ചിക്കാവുന്നതും നിഷിദ്ധവുമായ പൂക്കളുണ്ട്. ഇതനുസരിച്ച് ഉത്തമ പുഷ്പങ്ങള്‍ മാത്രമേ ചാര്‍ത്താവൂ. ഇങ്ങനെ നോക്കുമ്പോള്‍ ആദ്യം പറഞ്ഞ ശാസ്ത്രം ഞാന്‍ തെറ്റിച്ചു. രണ്ടാമത്തേതില്‍ കൈവച്ചില്ല. ഗണപതിക്ക് അര്‍ച്ചിക്കാന്‍ അനുവദിച്ചിട്ടുള്ള, അലങ്കരിക്കാവുന്ന പൂക്കള്‍ മാത്രമേ ശ്രീകോവിലില്‍ എടുക്കൂ. ഗണപതിക്ക് മുന്നില്‍ ധ്യാന ശ്ലോകത്തിന് പകരം ഭാഗവതമാണ് ഞാന്‍ വായിച്ചത്. ഭഗവാന്റെ അരികില്‍ സാളഗ്രാമം വച്ച് പൂജയും നടത്തി. ശരിയും ശാസ്ത്രവും ഒന്നും നോക്കാതെ ഭഗവത് സമര്‍പ്പണമാണ് എന്റെ മനസ്സില്‍ നിറഞ്ഞൊഴുകിയത്. ഞാനത് നിരന്തരമായി ചെയ്തു. മഹാഗണപതിയെ ഭാഗവതം വായിച്ചു കേള്‍പ്പിച്ചും പുഷ്പാഞ്ജലി നടത്തിയും വൈഷ്ണവ ഉപാസന ചെയ്തും ഞാന്‍ എന്റെ ഭഗവത് സേവ മുടങ്ങാതെ നിര്‍വഹിച്ചു. ഇതൊന്നും ശാസ്ത്രവിധി പ്രകാരമല്ല. എനിക്ക് ഇങ്ങനെയൊക്കെ തോന്നി. ഞാനത് ചെയ്തു. എന്തോ ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവണം എന്റെ ഗണപതി വിഗ്രഹത്തില്‍ ശ്രീകൃഷ്ണന്‍ തെളിഞ്ഞുവന്നു. എന്റെ മനസിൽ മാത്രമല്ല പല ദേവപ്രശ്നങ്ങളിലും ഇത് തന്നെ കണ്ടു.”

നാലു പതിറ്റാണ്ടിലേറെയായി ശ്രീകോവിലിന് മുന്നില്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി സാളഗ്രാമം വച്ച് ഭാഗവതം വായിച്ചു വരികയായിരുന്നു. ആ ആത്മസര്‍പ്പണത്തിന്റെ ഫലമായി ഗണപതിയില്‍ വിഷ്ണുചൈതന്യം കുടികൊണ്ടു എന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞത്.

ഭാഗവത മഹാഗുരു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ആവിഷ്‌ക്കരിച്ച ആചാരാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു തലമുറ അനുയായികള്‍ ഇവിടുണ്ട്. ഭാഗവതകഥ കേള്‍ക്കുന്നതിലൂടെ നേടാന്‍ കഴിയുന്ന ഊര്‍ജ്ജസ്വലതയും കര്‍മ്മകുശലതയുമാണ് ഗണപതി ഭഗവാന്റെയും ശ്രീകൃഷ്ണ ഭവാന്റെയും അപൂര്‍വ്വ സംഗമം ദ്യോതിപ്പിക്കുന്നത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുണ്ടാകേണ്ട ഐക്യഭാവവും മള്ളിയൂരില്‍ പ്രത്യക്ഷമാകുന്നു. ഭക്തജന മാനസസരോവരത്തിലെ ഭാഗവത പരമഹംസ ആചാര്യന്റെ ഭക്തിയില്‍ നിറഞ്ഞു വന്ന മഹാദര്‍ശനം വില്വമംഗലവും പൂന്താനവും, മേല്‍പ്പത്തൂരും കുറൂരമ്മയും മഞ്ജുളയും ദര്‍ശിച്ചതുപോലെ മള്ളിയൂര്‍ തിരുമേനിയും ദര്‍ശിച്ചു. അതാണ് മള്ളിയൂര്‍ മഹാത്മ്യം. ദിവ്യാത്മാവായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി തന്നെയാണ് ഈ ക്ഷേത്രം
പുനരുദ്ധരിച്ച് ഇന്നത്തെ പ്രസിദ്ധിയില്‍ എത്തിച്ചത്. കിഴക്ക് ദര്‍ശനം. ഉപദേവതകളായി ശിവന്‍, വിഷ്ണു, ശാസ്താവ്, അന്തിമഹാകാളന്‍, ദുര്‍ഗ്ഗ, ഭദ്രകാളി, യക്ഷി, ബ്രഹ്മ രക്ഷസ് എന്നിവര്‍ കുടികൊള്ളുന്നു.

വിനായകചതുര്‍ത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 10,008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതി ഹോമമാണ് വിനായക ചതുർത്ഥി ദിവസത്തെ പ്രധാന വഴിപാട്. പഞ്ചരത്‌ന കീര്‍ത്തന ആലാപനം, ആനയൂട്ട്, ഗജപൂജ, കാഴ്ച ശ്രീബലി, വലിയ വിളക്ക്, പള്ളിവേട്ട എന്നിവയെല്ലാം അന്നിവിടെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണ ദര്‍ശനം. കോട്ടയം ജില്ലയില്‍ കുറുപ്പന്തറ ദേശത്താണ് ക്ഷേത്രം.

മുക്കുറ്റി പുഷ്പാഞ്ജലിയാണ് വിശേഷ വഴിപാട്. തീവ്ര സാധനയോടെ ചെയ്യുന്ന കർമ്മമായതിനാൽ ഒരു ദിവസം 5 മുക്കുറ്റി പുഷ്പാഞ്ജലിയേ നടത്തൂ. വേരോടെ പറിച്ചെടുത്ത 108 ചുവട് മുക്കുറ്റി പ്രത്യേകം ഒരുക്കിയ തൃമധുരത്തിൽ മുക്കി സമർപ്പിക്കും. ഇത് നടത്താൻ വർഷങ്ങളോളം ബുക്ക് ചെയ്ത് ഭക്തർ കാത്തിരിക്കുന്നു. 2034 വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. ഇപ്പോൾ നടക്കുന്നത് 2010 ൽ ബുക്ക് ചെയ്ത വഴിപാടുകളാണ്. ബുക്കിംഗ് വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ : 04829- 243455, 6282671793. വിവാഹ തടസം മാറാൻ 28 കദളിപ്പഴം കൊണ്ടുള്ള പഴമാല, രോഗ ദുരിതം തീരാൻ അരിപ്പൊടി, ശർക്കര, നാളികേരം ഇവ കലർത്തി ആവിയിൽ വേവിക്കുന്ന തടി നിവേദ്യം, പിതൃദോഷം മാറാൻ ചതുർത്ഥിയൂട്ട്, പാൽ പായസം, മുഴുക്കാപ്പ്, തുലാഭാരം, ഉദയാസ്തമയപൂജ, സഹസ്ര കലശം, മഹാഗണപതി ഹോമം ഇവയെല്ലാമാണ് മള്ളിയൂരിലെ മറ്റ് വഴിപാടുകൾ.

ഭാഗവത ചൂഡാമണി പള്ളിക്കല്‍ സുനില്‍
+91 9447310712

Story Summary: Malliyoor Sree MahaGanapathy Temple The Unique Vaishnava Ganapathy Temple


error: Content is protected !!