മഹാദേവനുമൊത്ത് ചേരുമ്പോൾ ഹനുമാന് ശക്തി കൂടുന്നതിന് കാരണം
വേദാഗ്നി അരുൺ സൂര്യഗായത്രി
ഒരിക്കൽ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഗൗതമാശ്രമത്തിലേക്ക് അവരവരുടെ വാഹനങ്ങളിൽ പോവുകയായിരുന്നു. അപ്പോൾ ഹനുമാനെ കാണാനിടയായി. മഹാദേവൻ അരുളിച്ചെയ്തു:
ഹനുമാൻ, നീ എൻ്റെ കാളപ്പുറത്തിരുന്ന് ഒരു പാട്ടു പാടിയാലും. ഹനുമാൻ ശിരസ് നമിച്ച് ഭഗവാനെ അറിയിച്ചു: കാളപ്പുറമേറാൻ അങ്ങേക്കല്ലാതെ ത്രാണിയില്ല, എന്നു മാത്രമല്ല ഞാൻ അപരാധിയായെന്നും വരും. പകരം അങ്ങയെ വഹിച്ചുകൊണ്ടു ഞാൻ പാടാം. അങ്ങനെ ഭഗവാനെ വഹിച്ചുകൊണ്ട് ഹനുമാൻ,
തൻ്റെ ശിരസ് ഭഗവാനഭിമുഖമാക്കി പാട്ടു പാടി. അത് ആസ്വദിച്ചാണ് ശ്രീ പരമേശ്വരൻ ഗൗതമാശ്രമത്തിലെത്തിയത്.
ഗൗതമൻ ഏവരേയും സ്വീകരിച്ചിരുത്തി. ഹനുമാൻ്റെ പാട്ടുകേട്ട് ഉണങ്ങിയ മരങ്ങളും തടികൊണ്ടുള്ള ഗൃഹോപകരണങ്ങളും വരെ കിളിർത്തു.ശിവനെ വന്ദിച്ചു നിന്ന ആഞ്ജനേയനെ ഭഗവാൻ അനുഗ്രഹിച്ചു. പിന്നീട് ഒരു കാൽ കൈത്തലത്തിലും മറ്റേക്കാൽ മുഖത്തും വച്ചു. കാൽവിരൽ കൊണ്ട് മൂക്കിൽ പിടിക്കുകയും ചെയ്തു. മുത്തുമണിമാല മാരുതിയുടെ കഴുത്തിൽ ഇട്ടു കൊടുത്തു.
ഇതു കണ്ടു നിന്ന വിഷ്ണു പറഞ്ഞു. ഇങ്ങനെ ഒരാൾ ബ്രഹ്മാണ്ഡത്തിലുണ്ടാവില്ല. എന്തെന്നാൽ പാർവ്വതിക്കു പോലും ആ തൃപ്പാദം ദർശിക്കാൻ കഴിഞ്ഞിട്ടില്ല. വിഷ്ണുവായ എനിക്കു പോലും അങ്ങ് പാദം കാണിച്ചു തന്നിട്ടില്ല. ഞങ്ങൾ (ബ്രഹ്മാവും വിഷ്ണുവും) മത്സരിച്ചിട്ടും കണ്ടെത്താനും കഴിഞ്ഞില്ല. അങ്ങനെയുള്ള തൃപ്പാദങ്ങൾ രണ്ടും ഇതാ ഹനുമാൻ്റെ ദേഹത്ത് വിരാജിക്കുന്നു. ഇതിൽപ്പരം എന്തു ഭാഗ്യമാണ് വേണ്ടത്.
ഇത് കേട്ട് ഭഗവാൻ മഹാദേവൻ പറഞ്ഞു: വിഷ്ണുഭഗവാനോളം പ്രിയപ്പെട്ട ഒരാൾ എനിക്കില്ല, പാർവ്വതിയിലല്ലാതെ മറ്റാരിലും എനിക്ക് പ്രീതിയുമില്ല. ഞാനാരേയും ധ്യാനിക്കുന്നുമില്ല, ഉപാസിക്കുന്നുമില്ല. എല്ലാം എന്നിൽ തന്നെയാണുള്ളത്
ഇതു പറഞ്ഞ ശേഷം ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ ഹനുമാനെ അനുഗ്രഹിച്ചു.
വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം
+91 960 500 20 47