Monday, 30 Sep 2024
AstroG.in

മഹാശിവരാത്രി അനുഷ്ഠിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും ശ്രേയസും സിദ്ധിക്കും

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
രാജസതാമസ ഗുണങ്ങളെ നിയന്ത്രിച്ച് ഓരോ മനസ്സിലും സത്ത്വികത വളർത്തുന്ന ശ്രേഷ്ഠമായ ആചരണമാണ്
മഹാശിവരാത്രി വ്രതം. കുംഭമാസത്തിൽ കൃഷ്ണപക്ഷ ചതുർദശി തിഥി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. താപസന്മാർക്കും ഗൃഹസ്ഥാശ്രമികൾക്കും ഒരു പോലെ പ്രധാനപ്പെട്ട ഒരു
വ്രതമാണിത്. ലോകരക്ഷയ്ക്കായി ശ്രീ മഹാദേവൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി എല്ലാവരും ആഘോഷിക്കുന്നത്.

ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നു സ്നാനദി കർമ്മങ്ങൾ കഴിച്ച ശേഷം ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ശിവസ്തുതികൾ, പഞ്ചാക്ഷരം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്ര ദർശനം നടത്തി ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകൽ ഉപവാസം നിർബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ച് കൊണ്ട് പകൽ ഭക്തിപൂർവ്വം വർത്തിക്കുക സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തിൽ ശിവലിംഗത്തിൽ കുവളമാല ചാർത്തുക. കൂവളത്തില കൊണ്ട് അർച്ചന നടത്തണം. ശുദ്ധജലം, പാൽ എന്നിവയവയാൽ അഭിഷേകം വേണം. കറുത്ത എള്ള് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണം. ശിവലിംഗത്തിൽ അർച്ചന നടത്തിയ പുഷ്പം, ഫലം, ജലം മുതലായവ തിരിച്ചെടുക്കാൻ പാടില്ല.
ഇത്തരത്തിൽ ഈ മഹാവ്രതം അനുഷ്ഠിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. ഐശ്വര്യവും ശ്രേയസും സിദ്ധിക്കും. മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യും എന്നാണ് പരമ്പരാഗത വിശ്വാസം.

ശിവരാത്രി മഹിമ

ശിവരാത്രി ദിവസം ഉറങ്ങാതെ വ്രതമിരുന്ന് രാത്രി നേരം ശ്രീപരമേശ്വരനെ ധ്യാനിച്ച് പൂജിക്കുന്നതിലൂടെ
ജീവിതവിജയം നേടിയ ഭക്തർക്ക് കണക്കില്ല. ശിവരാത്രി മഹിമയെപ്പറ്റി പുരാണങ്ങളിൽ ധാരാളം പരാമർശങ്ങൾ
ഉണ്ട്. അതിൽ നാലഞ്ചു ശ്ലോകങ്ങൾ താഴെ പറയുന്നു:

മാഘ കൃഷ്ണ ചതുർദ്ദശ്യാമുപവാസോതി ദുർലഭഃ
തത്രാപി ദുർലഭം മന്യേ രാത്രൗ ജഗരണം നൃണാം

(കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം വ്രതമനുഷ്ഠിക്കുന്നത് നല്ലത്. അന്ന് ഉറക്കമൊഴിഞ്ഞ്
ശിവനെ ഭജിക്കുന്നത് അതിലും നല്ലത്.)

അതീവ ദുർലഭം തത്ര ശിവലിംഗസ്യ ദർശനം
സുദുർലഭതരം തത്ര പൂജനം പരമേശിതുഃ

(അന്ന് ശിവലിംഗ ദർശനം വളരെ നല്ലത്. ശിവലിംഗ പൂജ ചെയ്യുന്നത് അതിലും ഉത്തമം. )

ഭവകോടിശതോപാത്തപുണ്യരാശി വിപാകതഃ
ലഭ്യതേ വാ പുൻസ്തത്ര ബില്വപത്രാർപ്പണം വിഭോഃ

(ആ പൂജയിൽ ശിവലിംഗത്തിൽ കൂവളത്തിന്റെ ഇല അർപ്പണം ചെയ്താൽ പലകോടി ജന്മമെടുത്ത് പുണ്യം ചെയ്താൽ ചിലർക്ക് മാത്രം കിട്ടുന്ന ഫലം ഈ പൂജ ചെയ്ത ആൾക്ക് കിട്ടും.)

വർഷാണാമായുതം യേന സ്നാനം ഗംഗ സരിജ്ജലേ
സുകൃതം ബിൽ വാർച്ചനേനൈവ തത് ഫലം ലഭ്യതേ നരൈഃ”

(പതിനായിരം വർഷം ഗംഗ നദിയിൽ കുളിക്കുന്ന ഒരുവൻ നേടുന്ന പുണ്യം ശിവരാത്രി ശ്രീ പരമേശ്വരനെ കൂവള ദളം കൊണ്ട് അർച്ചന ചെയ്താൽ കിട്ടും.)

അന്നോപവാസഃ കേനാപി കൃതഃ ക്രതുശതായതേ
രാത്രൗ ജാഗരണം പുണ്യം വർഷകോടി തപോധികം

(ശിവരാത്രി ഉറക്കമൊഴിയുന്നവർക്ക് നൂറ് യാഗങ്ങൾ ചെയ്ത ഫലം സിദ്ധിക്കും.)

ഏകേന ബില്വ പത്രേണ ശിവലിംഗാർച്ചനൈ കൃതേ
ത്രൈലോക്യേ തസ്യ പുണ്യസ്യ കോ വാ സാദ്ധൃശ്യമൃച്ഛതി

(ശിവരാത്രി ദിവസം ഒരു കൂവള ദളത്താൽ ശിവലിംഗാർച്ചന ചെയ്താൽക്കിട്ടുന്ന ഫലത്തിനു തുല്യമായ ഫലം മൂന്നുലകിലും വേറെയൊന്നില്ല)

ഉപവാസൗ ജാഗരണം സന്നിധിഃ പരമേശിതുഃ
ഗോകർണ്ണം ശിവലോകസ്യ നൃണാം സോപാന പദ്ധതിഃ

ഓം നമഃ ശിവായ.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Significance and Benefits of Maha Shivratri Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!