മഹാശിവരാത്രി നാൾ കൂവളത്തില സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലിയാൽ ഇരട്ടിഫലം
തരവത്ത് ശങ്കരനുണ്ണി
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. ശിവപാർവതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളുണ്ട്. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് പ്രകൃതി വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ പൂജയ്ക്കായി ബില്വപത്രം സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകുമെന്ന് പറയുന്നു. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് മഹാശിവരാത്രി.
കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരി ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങി ദേവതുല്യനായി മാറും. കൂവളത്തില കൊണ്ട് ശിവനെ, മഹാദേവനെ അർച്ചിക്കുന്നതിലൂടെ ജന്മാന്തരപാപങ്ങളെല്ലാം തന്നെ നശിക്കും. അഷ്ടാംഗഹൃദയത്തിൽ സർവരോഗ സംഹാരിയായ കൂവളത്തെ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നത് ഗ്രഹദോഷങ്ങൾ ശമിപ്പിക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുകയും ചെയ്യും.
മാസപ്പിറവി, പൗർണ്ണമി, അമാവാസി, അഷ്ടമി, നവമി, ചതുർത്ഥി, തിങ്കളാഴ്ച, ശിവരാത്രി എന്നീ ദിവസങ്ങളിൽ കൂവളത്തില ഇറുക്കുന്നതു ശിവകോപത്തിന് തന്നെ കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്ന് ഇറുത്തു വച്ച് പിറ്റേന്നു പൂജ നടത്താവുന്നതാണ്. കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് ഇലകൾ അടർത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കരുത്. തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിയിട്ട് ഇറുക്കുന്നതാണ് ഏറ്റവും ഉത്തമം.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340
Story Summary: Benefits of Offering Bilvapatra and Bilvashtakam Recitation on Maha Shivratri
Copyright 2024 Neramonline.com. All rights reserved