Monday, 30 Sep 2024
AstroG.in

മഹാശിവലിംഗം ഉത്സവലഹരിയിൽ ഭക്തർക്ക് സമർപ്പിച്ചു

നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ  111.2 അടി ഉയരമുള്ള വിശ്വവിസ്മയമായ  മഹാശിവലിംഗം  2019 നവംബർ 10 ഞായറാഴ്ച കാലത്ത് ഭക്തർക്ക് സമർപ്പിച്ചു.

തുടർന്ന്  ദർശനത്തിന്  തുറന്നു കൊടുത്തു. ഷഡാധാര ചക്രസങ്കല്പത്തിൽ എട്ട് നിലകളായി ഈ ശിവലിംഗം വിഭാവന ചെയ്ത് സാക്ഷാത്കരിച്ച ചെങ്കൽ ക്ഷേത്രാചാര്യൻ സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ്  സമർപ്പണ  ചടങ്ങുകൾ നടന്നത്.  വെളുപ്പിന്  ഗണപതി ഹോമത്തോടെയാണ് പൂജകൾ തുടങ്ങിയത്. മഹാരുദ്രം, ഗോപൂജ എന്നിവയ്ക്ക്  ശേഷമായിരുന്നു ശിവലിംഗ സമർപ്പണ ചടങ്ങ്. ശിവലിംഗത്തിന്റെ ആദ്യത്തെ നിലയിൽ 108 ശിവലിംഗ പ്രതിഷ്ഠകളുണ്ട്. ഇതിൽ വലിയ ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം അഭിഷേകം നടത്താം. ഉള്ളിലെ മറ്റ് 6 നിലകളിൽ ഭക്തർക്ക് ധ്യാനത്തിലിരിക്കാം.  എട്ടാമത്തെ നില കൈലാസ പ്രതീകമാണ്. ഇവിടെ ആയിരം ഇതളുള്ള സഹസ്രാരചക്രത്തിന്റെ അടയാളമായ താമരയുണ്ട്.

വൈകുന്നേരം 6 മണിക്ക് ഉത്സവാന്തരീക്ഷത്തിൽ ക്ഷേത്രത്തിൽ ലക്ഷദ്വീപം തെളിഞ്ഞു. ഏഷ്യാബുക്ക് ഒഫ് വേൾഡ്  റെക്കാർഡ്സിലാണ് ഏകദേശം 12 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ മഹാശിവലിംഗം വിശ്വവിസ്മയമായി ഇടം പിടിച്ചത്. ലക്ഷദ്വീപത്തെത്തുടന്ന്  വൈദ്യുതി ദീപങ്ങളാൽ  അലങ്കരിച്ച മഹാശിവലിംഗത്തിന്റെ  അതിമനോഹരമായ രാത്രിക്കാഴ്ച കാണാൻ വൻ ജനാവലിയെത്തി. 

error: Content is protected !!