മഹാസങ്കടങ്ങള്‍ വരെ വഴിമാറ്റി വിടും ഈ ദിവസങ്ങളിലെ ഗണേശോപാസന
ജോതിഷരത്നം വേണു മഹാദേവ്
ഗണപതി ഭഗവാന്റെ പ്രീതി നേടാൻ വിധിക്കപ്പെട്ട ദിനങ്ങളില്‍ ഏറ്റവും ശ്രേയസ്കരമാണ് ചതുര്‍ത്ഥി വ്രതം. എല്ലാ മാസത്തിലെയും 2 പക്ഷങ്ങളിലെ ചതുര്‍ത്ഥിയും ഗണേശപ്രീതിക്ക് ഗുണകരമാണ്. എല്ലാ മാസത്തെയും ചതുർത്ഥി ഗണപതി ഭഗവാന് വിശേഷമാണെങ്കിലും ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് അതിവിശേഷം. ഈ ദിവസമാണ് ഭഗവാന്റെ അവതാര ദിവസമായി ആഘോഷിക്കുന്നത്. ഭാദ്രപാദ മാസം (ചിങ്ങം) ശുക്ലപക്ഷത്തിലെ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. അന്ന് അത്തം നാളിൽ മദ്ധ്യാഹ്നത്തിൽ ചതുർത്ഥി തിഥി വരണം എന്നാണ് പ്രമാണം. അത്തമാണ് ഭഗവാന്റെ ജന്മനക്ഷത്രം. ഈ ദിവസം നടത്തുന്ന ഗണേശ പൂജകൾക്ക് അതിവേഗം ഫലം ലഭിക്കും എന്നാണ് വിശ്വാസം. ചതുര്‍ത്ഥി വ്രതം തന്നെ രണ്ടു തരത്തിൽ ഉണ്ട്. എല്ലാ മാസവും ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത് തടസങ്ങൾ അകലാൻ നല്ലതാണ്. വിഘ്ന വിനാശത്തിനും ഉദ്ദിഷ്ട കാര്യ സിദ്ധി നേടാനും ഈ വ്രതം നമ്മെ സഹായിക്കും.
വിഘ്നേശ്വരന് ഏറ്റവും പ്രിയപ്പെട്ട ചതുര്‍ത്ഥിവ്രതം എടുക്കുന്നവർ തലേദിവസം സന്ധ്യകഴിഞ്ഞ് അരിയാഹാരം ഒഴിവാക്കണം. ചതുര്‍ത്ഥിദിവസം ഒരിക്കലൂണ് ആകാം. ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും കറുകമാല ചാര്‍ത്തിക്കുന്നതും നാളികേരം ഉടയ്ക്കുന്നതും വളരെ ശ്രേയസ്കരം. ചതുര്‍ത്ഥി ദിവസം ചുവന്നവസ്ത്രം ധരിച്ച് ഗണപതി സ്തുതികൾ, മന്ത്രങ്ങൾ കഴിയുന്നത്ര തവണ പ്രാര്‍ത്ഥിക്കുക. പിറ്റേന്നാള്‍ വ്രതം മുറിക്കാം. സമുദ്രതീര്ത്ഥസ്നാനം, അന്നദാനം എന്നിവ വ്രതഫലം കൂട്ടും. 18 ചതുര്ത്ഥിവ്രതമെടുത്താല് ഏതൊരു മേഖലയിലെയും തടസ്സം നീങ്ങി അഭിവൃദ്ധിയുണ്ടാകും. ഗണപതിഹോമം, ഗണപതി ഭജനം എന്നിവ ക്ഷേത്രങ്ങളില്‍ നടത്തുന്നത് ഉത്തമം.
കറുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. ഈ വ്രതം സങ്കടങ്ങള്‍ക്കു പരിഹാരമുണ്ടാക്കും എന്നാണു വിശ്വാസം. പൗര്ണമിക്കു ശേഷം കറുത്തപക്ഷത്തില്‍ വരുന്ന സങ്കടഹര ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. സങ്കടചതുര്‍ത്ഥി ദിവസം അവല്, മലര്, അപ്പം, കൊഴുക്കട്ട എന്നിവ ഭഗവാന് നിവേദ്യമായി സമര്‍പ്പിക്കണം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നതും ഭഗവാന് കറുകമാല ചാര്‍ത്തി പ്രാർത്ഥിക്കുന്നതും അത്യുത്തമം. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതിനാണ് ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്. ഈ വ്രതമെടുക്കുന്നവർ നാരദപുരാണത്തിലുള്ള സങ്കട നാശന ഗണപതി സ്തോത്രം എന്ന് പ്രസിദ്ധമായ ശ്രീ ഗണേശ ദ്വാദശ നാമ സ്തോത്രം കഴിയുന്നത തവണ ജപിക്കുന്നത് ഉത്തമം.
സങ്കടനാശന ഗണപതി സ്തോത്രം
പ്രണമ്യ ശിരസാദേവം ഗൗരീപുത്രം
വിനായകം ഭക്ത്യാവ്യാസം സ്മരേന്നിത്യം ആയുഷ്കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം
(ഗൗരീ പുത്രനായി ഭക്തവത്സലനായി ദേവനായിരിക്കുന്ന വിനായകനെ ആയുസ്, കാമം, അർത്ഥം ഇതുകളുടെ സിദ്ധിക്കായി ശിരസുകൊണ്ട് പ്രണമിച്ചിട്ട് നിത്യവും സ്മരിക്കണം. 1 വക്രതുണ്ഡനെ, 2 ഏകദന്തനെ, 3 കൃഷ്ണ പിംഗാക്ഷനെ, 4 ഗജവക്ത്രനെ, 5 ലംബോദരനെ, 6 വികടനെ, 7 വിഘ്നരാജനെ, 8 ധൂമ്രവർണ്ണനെ, 9 ഫാലചന്ദ്രനെ, 10 വിനായകനെ, 11 ഗണപതിയെ, 12 ഗജാനനനെ. ഈ പന്ത്രണ്ടു നാമങ്ങളെയും നിത്യവും മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു വിഘ്ന ഭയവുമില്ലെന്ന് മാത്രമല്ല സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും. വിദ്യയെ ആഗ്രഹിക്കുന്നവന് വിദ്യയും ധനത്തെ ഇച്ഛിക്കുന്നവന് ധനവും പുത്രാർത്ഥിക്ക് പുത്രൻമാരും മോക്ഷാർത്ഥിക്ക് മുക്തിയും ലഭിക്കും. മുടങ്ങാതെ ജപിച്ചാൽ ആറുമാസം കൊണ്ട് സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും സംശയമില്ല. ഈ നാമങ്ങൾ എഴുതി ഗണപതി ക്ഷേത്രത്തിൽ ഭക്തിപൂർവ്വം സമർപ്പിക്കുന്നവർക്ക് ഗണേശപ്രസാദത്താൽ സർവ്വവിദ്യയും ഉണ്ടാകും.)
ജോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Importance and benefits of Ganesh Chaturthi vritham every month