മാനസിക വിഷമങ്ങളും ബാധകളും അകറ്റാൻ ഇതാ ജയ ഏകാദശി
ഗൗരി ലക്ഷ്മി
ജീവിത ദുരിതങ്ങൾക്ക് ഒരു പ്രധാന കാരണമായ ബാധോപദ്രവങ്ങളിൽ നിന്നും മോചനം നേടാനുതകുന്ന ഒന്നാണ് ജയ ഏകാദശി വ്രതാചരണം. മകരം – കുംഭം മാസങ്ങളിൽ വരുന്ന മാഘത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ജയ ഏകാദശിയായി ആചരിക്കുന്നത്. 2022 ഫ്രെബ്രുവരി 12 നാണ് ജയ ഏകാദശി. ഒരു വർഷം 24 മുതൽ 26 വരെ ഏകാദശികളുണ്ട്. ഇതിൽ ഒരോ ഏകാദശിക്കും ഒരോ പ്രത്യേകതകൾ കല്പിക്കുന്നു. ജയ ഏകാദശിക്കും സവിശേഷ പ്രാധാന്യമുണ്ട്. ജയ ഏകാദശി നാൾ വ്രതമെടുത്താൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത, പിശാചുകൾ ജയഏകാദശി നോറ്റ് പുണ്യം നേടുന്നവരെ ബാധിക്കില്ല എന്നാണ് വിശ്വാസം. ഭൂമി ഏകാദശി, ഭീഷ്മഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്ന ജയ ഏകാദശിവ്രതം ആചരിച്ചാൽ മാനസികമായ ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും.
ബാധ എന്ന് പറഞ്ഞാൽ ചില സമയത്ത് മനസിൽ നിറയുന്ന ദുർവിചാരങ്ങളാണ്. ചിന്തകളിൽ മായ വന്ന് മൂടുമ്പോൾ മനോമാലിന്യങ്ങൾ അധികരിക്കും. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും തെറ്റായ രീതിയിലും വിനാശകരമായും സമീപിക്കും. അശുഭചിന്തകൾ ശക്തമാകുമ്പോൾ എന്തിലും ദോഷങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കും. ഈ സമീപനം ബന്ധങ്ങളെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ശരിയായ രീതിയിൽ കാര്യങ്ങൾ കാണാൻ കഴിയാതെ വരുമ്പോൾ ഉത്തമമായ തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വരും. അല്ലെങ്കിൽ കർമ്മ വിമുഖത ശക്തമാകും. അന്തിമമായി ഇത് വ്യക്തിയുടെ നിലനില്പിനും പുരോഗതിക്കും തടസം ചെയ്യും. മനസും ശരീരവും ശുദ്ധമാക്കി നിഷ്ഠയോടെ ഈശ്വര ചിന്തയിൽ മുഴുകി വ്രതം ആചരിക്കുമ്പോൾ ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും സ്വയമറിയാതെ തന്നെ പുറത്തു വരാൻ സാധിക്കും.
പത്മപുരാണത്തിലും ഭവിഷ്യോത്തര പുരാണത്തിലും ജയഏകാദശി മാഹാത്മ്യം വർണ്ണിക്കുന്നുണ്ട്. എത്ര കടുത്ത പാപങ്ങളിൽ നിന്നു പോലും മോചനം നേടാൻ ഈ വ്രതം ഉത്തമമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളി ചെയ്തതായി പുരാണത്തിൽ പറയുന്നുണ്ട്. മാഘമാസം ശിവാരാധനയ്ക്കും പ്രധാനം ആയതിനാൽ ജയ ഏകാദശിവ്രതം ശിവഭക്തർക്കും വിഷ്ണുഭക്തർക്കും ഒരുപോലെ പ്രധാനമാണ്. അന്ന് ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. വിഷ്ണു അഷ്‌ടോത്തരം, വിഷ്ണു സഹസ്രനാമം ഇവ ജപിക്കുന്നതും നല്ലതാണ്.
ജയഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 13 ന് രാവിലെ പാരണ വിടാം.
ഗൗരി ലക്ഷ്മി,
+ 918138015500
Story Summary : Importance and Benefits of Jaya Ekadashi
Copyright 2021 Neramonline.com. All rights reserved