Sunday, 12 May 2024
AstroG.in

മാനസിക സംഘർഷവും വിഷാദരോഗവുംഅതിവേഗം അകറ്റാൻ എളുപ്പവഴികൾ

മംഗള ഗൗരി
മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തി, ശിവാംശമായ ഹനുമാൻ സ്വാമി എന്നിവരെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും ഭജിച്ചാൽ മാനസിക സംഘർഷം, വിഷാദരോഗം, നിരാശ, അലസത തുടങ്ങിയ വിഷമതകളിൽ നിന്നും അതിവേഗം മോചനം നേടാം. ഈ ദേവതകളുടെ ഇഷ്ട മന്ത്രങ്ങൾ ജപിക്കുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക തുടങ്ങിയവ അതിവേഗം ടെൻഷനും ഡിപ്രഷനും അകറ്റിയേക്കും. ആധുനിക കാലത്ത് ശാരീരിക രോഗങ്ങൾ പോലെ പ്രധാനമാണ് മാനസിക രോഗങ്ങൾ. എന്നാൽ പലരും മനസിനെ ബാധിക്കുന്ന അസുഖങ്ങൾ ഗൗരവമായി എടുക്കാറില്ല. വിഷാദരോഗം ആ രോഗിയെ മാത്രമല്ല ആ കുടുംബത്തെയും ചുറ്റുമുള്ളവരെയുമെല്ലാം തകർത്തു കളയും. അതിനാൽ രോഗിയെക്കാൾ അവരുടെ കൂടെ ജീവിക്കുന്നവർക്കാണ് വിഷാദരോഗ ചികിത്സയിൽ പ്രാധ്യാന്യം. അവർ കാട്ടുന്ന ക്ഷമയും ത്യാഗവും പക്വതയും പ്രാർത്ഥനയും രോഗിയെ പെട്ടെന്ന് പ്രശ്നത്തിൽ നിന്നും പുറത്തു കൊണ്ടുവരും. യഥാസമയം രോഗിക്ക് മരുന്നും പരിചരണവും നൽകുന്നതിനൊപ്പം ഈശ്വരീയമായ മാർഗ്ഗങ്ങൾ പിൻതുടരണം.

ഹനുമദ് പ്രീതി
കരുത്തിന്റെയും വീര്യത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് മാനസിക വിഷമതകളിൽ നിന്നും മോചനം നേടാനുള്ള എളുപ്പ വഴികളിൽ ഒന്നാണ്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കിട്ടിയാൽ അതിലൂടെ തന്നെ മാനസിക അസ്വസ്ഥതകൾ അകന്നു പോകും. ഇനി പറയുന്ന ഹനുമദ് ശ്ലോകം
രോഗിയുടെ കൂടെയുള്ളവരും രോഗിയും ദിവസവും രാവിലെയും വൈകിട്ടും 36 തവണ വീതം ജപിക്കണം. യാതൊരു പാർശ്വ ഫലങ്ങളും ദോഷവുമില്ലാത്തതാണ് മനോജവം എന്നു തുടങ്ങുന്ന പ്രാർത്ഥന.

ഹനുമദ് ശ്ലോകം
മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യുഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ചന്ദ്ര പ്രീതി
ഓ സം സോമായ നമ: എന്നതാണ് ചന്ദ്രന്റെ മൂലമന്ത്രം. ഈ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കണം.

ധന്വന്തരി പ്രീതി
ധന്വന്തരി മന്ത്രം പതിവായി ജപിക്കുകയാണ് മറ്റൊരു ഫല പ്രദമായ പ്രാർത്ഥനാ മാർഗ്ഗം. ഇത് എല്ലാ ദിവസവും രാവിലെ 108 തവണ ജപിക്കണം. രാവിലെയും വൈകിട്ടും ജപിക്കാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലതാണ്. വിഷ്ണു ഭഗവാന്റെ അംശാവതാരമാണ് ധന്വന്തരി മൂർത്തി.

ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ
ധന്വന്തരയേ
അമൃതകലശ ഹസ്തായ
സർവ്വാമയ വിനാശകായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ സ്വാഹ:

ചരട് , യന്ത്രം, വഴിപാടുകൾ
ഈ മൂർത്തികളുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കഴിവിനൊത്ത വിധം വഴിപാടുകൾ നടത്തുന്നതും ചരട് , യന്ത്രം തുടങ്ങിയവ ജപിച്ചു ധരിക്കുന്നതും കരുത്തും ആത്മവിശ്വാസവും മന:ശക്തിയും വർദ്ധിപ്പിക്കും. ധാരാളം പേരുടെ അനുഭവമാണിത്. ഹനുമാൻ സ്വാമിക്ക് വെറ്റില മാല, വെണ്ണ എന്നിവ സമർപ്പിക്കാം. അയ്യപ്പ സ്വാമിക്ക് പൂജകളും വഴിപാടുകളും നടത്തുന്നതും
നല്ല ഫലം ചെയ്യും. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് അയ്യപ്പസ്വാമിക്കുള്ള മുഖ്യ വഴിപാടുകള്‍.

Story Summary: Significance of simple but powerful devotional remedies for curing depression and other mental health problems

error: Content is protected !!