Wednesday, 18 Dec 2024
AstroG.in

മാളികപ്പുറത്ത് പട്ടും താലിയും ചാർത്തിയാൽ വിവാഹം; നാളികേരം ഉരുട്ടിയാൽ ശത്രുദോഷം തീരും

പുതുമന മനുനമ്പൂതിരി, മാളികപ്പുറത്തെ ഭഗവതിസേവ

അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെ തൊഴുത് പ്രദക്ഷിണം വച്ചു കഴിയുമ്പോഴാണ്  ഒരോരുത്തരും ശബരിമല തീർത്ഥാടനം പൂർത്തിയാക്കുന്നത്. എന്നാൽ മിക്കവർക്കും ശക്തിസ്വരൂപിണിയും ജഗദീശ്വരിയുമായ മാളികപ്പുറത്തമ്മയുടെ സന്നിധിയിലെ  ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെക്കൂടാതെ  കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്.  രണ്ടു വർഷം മുൻപ് മാളികപ്പുറം മേൽശാന്തിയായിരുന്ന ചങ്ങനാശേരി തുരുത്തി പുതുമന ഇല്ലത്ത് മനുനമ്പൂതിരി മാളികപ്പുറത്തെ പ്രത്യേകതകൾ പറയുന്നു:

പുതുമന മനുനമ്പൂതിരി, മാളികപ്പുറത്തെ നവഗ്രഹ പൂജ

മാളികപ്പുറത്തെ പ്രധാന വഴിപാടുകൾ ?

മാളികപ്പുറത്തമ്മയ്ക്ക്  പുഷ്പാഞ്ജലി, പായസം, പട്ട്ചാർത്തുക, ത്രിമധുരം, പട്ടും താലിയും നടയ്ക്കു വയ്ക്കുക എന്നിവ പ്രധാന വഴിപാടുകളാണ്.  കൊച്ചുകടുത്തസ്വാമിക്ക്  ഉടയാടചാർത്തുകയാണ്  പ്രധാനം. നാഗദൈവങ്ങൾക്ക് മഞ്ഞൾപ്പൊടി അഭിഷേകവും മലദൈവങ്ങൾക്ക് വറപൊടി നിവേദ്യവും പ്രധാനമാണ്. നവഗ്രഹങ്ങൾക്ക് നവഗ്രഹപൂജയും പുഷ്പാഞ്ജലിയും വിശേഷമാണ്.

വഴിപാടുകളുടെ ഫലസിദ്ധി എന്താണ്?

മാളികപ്പുറത്തമ്മയ്ക്ക്  പട്ടും താലിയും ചാർത്തുന്നത് വിവാഹ തടസം നീങ്ങുന്നതിനും പെട്ടെന്നുള്ള മംഗല്യസിദ്ധിക്കും ഇഷ്ടവിവാഹത്തിനും ഏറ്റവും നല്ലതാണ്. മലദൈവങ്ങളുടെ വഴിപാട് ശാപദോഷം, ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവ മാറ്റുന്നതിനാണ്. നാഗശാപം, ത്വക്‌രോഗം എന്നിവ മാറാൻ  നാഗദൈവങ്ങൾക്ക് വഴിപാട് നടത്തണം. നവഗ്രഹ പൂജ കാലദോഷം, തടസം എന്നിവ മാറ്റും. മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്നത് ശത്രുദോഷം, കാലദോഷം, ദൃഷ്ടിദോഷം എന്നിവയ്ക്ക് പരിഹാരമാണ്.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ എന്തൊക്കെയാണ് ചിട്ടകൾ?
രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകം അലങ്കാരം, ഗണപതിഹോമം. 7 മണിക്ക് ഉഷപൂജ 11 മണിക്ക് ഉച്ച പൂജ 1 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് നട തുറക്കും. 6.45 ന് ദീപാരാധന, 7 ന് ഭഗവതിസേവ 8 ന് അയ്യപ്പസന്നിധിയിലേക്ക് പോയി കിഴിപ്പണം സമർപ്പിക്കും. തുടർന്ന് തന്ത്രിയെ കണ്ട് ഭഗവതി സേവയുടെ പ്രസാദം നൽകണം. അതാത്  ദിവസത്തെ ഓരോ കാര്യങ്ങളും തന്ത്രിയുമായി ചർച്ച ചെയ്യുന്ന പതിവുമുണ്ട്. ക്ഷേത്രത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അതാത് ദിവസം തന്നെ തന്ത്രിയുമായി ആലോചിച്ച് ചെയ്യണം.   9 മണിക്ക് അത്താഴപൂജകഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും. മണ്ഡലകാലത്തും വിശേഷപൂജാദിവസങ്ങളിലും സമയം മാറും. മണ്ഡലകാലത്ത് വെളുപ്പിന് 3 മണിക്ക് നട തുറന്ന് ഉച്ചക്ക് 2 മണിക്ക് അടയ്ക്കും. ഉച്ചക്ക് 3 ന് തുറന്ന് തന്ത്രി 11 ന് അടയ്ക്കും. രാത്രി അയ്യപ്പ സന്നിധിയിലെപ്പോലെ മാളികപ്പുറത്തും ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുന്നത്.

നടയടഞ്ഞ് കിടക്കുമ്പോൾ എന്തായിരുന്നു മേൽശാന്തിയുടെ ദിനചര്യ ?

രാവിലെ കുളിച്ച് നിത്യകർമ്മം ഉപാസന എന്നിവയ്ക്കു ശേഷം അയ്യപ്പസന്നിധിയിൽ വച്ച് ഗണപതി ഹോമം നടത്തും. വീണ്ടും ഉപാസനകൾ ജപം, നമസ്‌കാരം എന്നിവ ചെയ്യും. വൈകിട്ട്  5 മണിയോടെ കുളിച്ച് സന്ധ്യാവന്ദനവും ഉപാസനകളും ചെയ്യും. 

(എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം, പമ്പാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, ചങ്ങനാശേരി കാവിൽ ഭഗവതിക്ഷേത്രം, മങ്കൊമ്പ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ ശാന്തിയായിരുന്നിട്ടുണ്ട് പുതുമന മനുനമ്പൂതിരി. മൊബൈൽ: + 91 94470 20655) 

error: Content is protected !!