Friday, 22 Nov 2024
AstroG.in

മിഥുനം, കന്നി കൂറിനും ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രത്തിനും ഒരാഴ്ച കൂടി തേജോഹാനി

എസ്. ശ്രീനിവാസ് അയ്യര്‍

വിവിധ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം സംഭവിക്കും. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായി എങ്കിലും മങ്ങിപ്പോകും എന്നതാണ് അതിന്റെ ഫലശ്രുതി. ഇതിന്റെ മറ്റൊരു രൂപമാണ് ഗ്രഹയുദ്ധം എന്നത്. ഗ്രഹയുദ്ധം പഞ്ചതാരാഗ്രഹങ്ങള്‍ തമ്മിലാണ്. അതായത് ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവയില്‍ ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍. അവ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയില്‍ ഒരേ ഡിഗ്രിയില്‍, ഭാഗ എന്ന് പഴയ പദം, എത്തുമ്പോള്‍ അവക്കിടയില്‍ യുദ്ധം ഉണ്ടാകുന്നതായി ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഒരേഡിഗ്രി /ഒരേഭാഗ എന്നതിന് ‘സമലിപ്തത’ എന്നുപറയും. സമലിപ്തന്മാരായ ഗ്രഹങ്ങള്‍ക്കിടയിലാണ് അങ്കം. ഈ വര്‍ഷം, കൊല്ലവര്‍ഷം 1196 ല്‍ ഇത് നാലാം ഗ്രഹയുദ്ധമാണെന്ന് പഞ്ചാംഗം വ്യക്തമാക്കുന്നു. ഇടവം 15, മിഥുനം 29 എന്നീ ദിനങ്ങളിൽ രണ്ട് ഗ്രഹയുദ്ധങ്ങള്‍ കൂടി ഉണ്ടാകുമെന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം.

1196 മേടം 12 ന് ബുധ – ശുക്രന്മാര്‍ക്കിടയിലാണ് യുദ്ധം. അന്നത്തെ അതിരാവിലെയുള്ള ഗ്രഹസ്ഫുടം നോക്കാം. ബുധന്‍ മേടം രാശിയില്‍ 17 ഡിഗ്രി 41 മിനിറ്റില്‍ നില്‍ക്കുന്നു. ശുക്രന്‍ മേടം രാശിയില്‍ 18 ഡിഗ്രി 30 മിനിറ്റിലും. രണ്ടുപേരും ഒരേ ഡിഗ്രിയിലാണ്. ബുധനില്‍ നിന്നും 49 മിനിറ്റ് മാത്രം (മിനിറ്റിന് കല എന്ന് പഴയ പദം) അകലെയാണ് ശുക്രന്‍. (ഒരു ഡിഗ്രി എന്നത് 60 മിനിറ്റാണെന്ന് ഓര്‍ക്കുമല്ലോ?) രണ്ടു ഗ്രഹങ്ങളും മുന്നോട്ടു നീങ്ങുകയാണ്. അടുത്തദിവസം, മേടം 13 ന് പ്രഭാതത്തില്‍ ബുധസ്ഫുടം 19 ഡിഗ്രി 48 മിനിറ്റും ശുക്രസ്ഫുടം 19 ഡിഗ്രി 44 മിനിറ്റുമാണ്. ശുക്രനെ ബുധന്‍ 4 മിനിറ്റ് അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ ഇരുവരും അപ്പോഴും സമലിപ്തന്മാര്‍ തന്നെ! 14 ന് രാവിലെ ബുധസ്ഫുടം 21 ഡിഗ്രി 53 മിനിറ്റും ശുക്രസ്ഫുടം 20 ഡിഗ്രി 58 മിനിറ്റുമാണ്. ബുധന്‍ 55 മിനിറ്റ് അകലെയായി കഴിഞ്ഞെങ്കിലും അപ്പോഴും ഒരു ഡിഗ്രിക്കുള്ളില്‍ തന്നെ! 15 ന് പുലര്‍ച്ചെ ബുധസ്ഫുടം 23 ഡിഗ്രി 57 മിനിറ്റും ശുക്രസ്ഫുടം 22 ഡിഗ്രി 12 മിനിറ്റുമാണ്. ബുധന്‍ 1 ഡിഗ്രി 45 മിനിറ്റ് മുന്നിലെത്തിയിരിക്കുന്നു. അതോടെ യുദ്ധവും കഴിഞ്ഞു.

മിക്ക യുദ്ധങ്ങളിലും വിജയകിരീടം ചൂടുന്നത് ശുക്രനാണ്. ഇവിടെയും യുദ്ധവിജയി ശുക്രന്‍ തന്നെ! അതിന് ആചാര്യന്മാര്‍ ധാരാളം മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. വളരെ സങ്കീര്‍ണമായ വിഷയങ്ങളാണവ. യുദ്ധം 51 വിധത്തിലുണ്ടെന്നും അവ സൂര്യസിദ്ധാന്താദി ഗ്രന്ഥങ്ങളില്‍ നിന്നുമറിയേണ്ടതാണെന്നും ഓണക്കൂര്‍ ശങ്കരഗണകന്‍ ജ്യോതിഷനിഘണ്ടുവില്‍ (പുറം 227) എഴുതിയിരിക്കുന്നു.

ഗ്രഹയുദ്ധത്തില്‍ തോല്‍ക്കുന്ന ഗ്രഹം ദോഷപ്രദൻ ആണെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഇവിടെ തോറ്റോടി ബുധനാണ്. അല്ലെങ്കില്‍ തന്നെ ബുധന്‍ മേടമാസം പതിനെട്ടാം തീയതി വരെ മൗഢ്യത്തിലുമാണ്. ഇപ്പോള്‍ ഇരട്ടപ്രഹരത്തിലാണ് ബുധന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. അതിനാല്‍ ബുധന്റെ രാശികളായ മിഥുനം, കന്നി എന്നിവ ജന്മലഗ്‌നമായിട്ടുള്ളവര്‍ക്കും അവ ചന്ദ്രരാശി അഥവാ കൂറ് ആയിട്ടുള്ളവര്‍ക്കും ബുധന്റെ നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, രേവതി എന്നിവയില്‍ ജനിച്ചവര്‍ക്കും ബുധദശയോ ബുധാപഹാരമോ നടക്കുന്നവര്‍ക്കും ബുധന്റെ കാരകത്വത്തില്‍ വരുന്ന എഴുത്ത്, ഗണിതം, വാക്ക് എന്നിവകൊണ്ട് ഉപജീവനം നടത്തുന്ന അദ്ധ്യാപകര്‍, ദൈവജ്ഞര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും അടുത്ത ഒരാഴ്ച കൂടി തേജോഹാനിയും ആത്മഗ്ലാനിയും തുടരും. വാക്കുകള്‍ കരുതലോടെ ഉപയോഗിക്കുവാനും കണക്കുകൂട്ടലുകള്‍ പിഴക്കാതിരിക്കുവാനും ബന്ധങ്ങളില്‍ വിള്ളല്‍ വരാതിരിക്കുവാനും സര്‍വേശ്വരനോട് സര്‍വ്വത്മനാ പ്രാര്‍ത്ഥിക്കേണ്ട കാലമാണ് എന്നത് മറക്കരുത്. (ഇതിലെ ഗ്രഹസ്ഫുടാദികള്‍ക്ക് ചന്ദ്രാപ്രസ്സിന്റെ വലിയ പഞ്ചാംഗം അവലംബം). ജ്യോതിഷം ഗൗരവബുദ്ധ്യാ പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ലേഖകന്റെ ‘ജ്യോതിഷ ഗുരുനാഥന്‍’ എന്ന ഗ്രന്ഥം ഗുണം ചെയ്യും.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343

അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Combustion and Conjunction effects of Bhudha Graham

error: Content is protected !!