Saturday, 29 Jun 2024
AstroG.in

മിഥുനത്തിലെ ഐശ്വര്യപൂജ പെട്ടെന്ന് മംഗല്യഭാഗ്യം തരും; പൂജാവിധി ഇങ്ങനെ

ജോതിഷി പ്രഭാസീന സി പി

പൗർണ്ണമി നാളിൽ ദേവീ ക്ഷേത്രങ്ങളിൽ പതിവായി നടക്കുന്ന ഐശ്വര്യപൂജയെയാണ് പൊതുവേ വിളക്ക് പൂജയായി കരുതുന്നത്. ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ദാമ്പത്യ വിജയത്തിനും ഉത്തമമായ വിവാഹ ബന്ധം ലഭിക്കുന്നതിനുമെല്ലാം ഏറ്റവും ഫലപ്രദമായ പൂജയാണ്‌ ഐശ്വര്യപൂജ.

ഒരോ മാസത്തിലെയും വിളക്ക്പൂജയ്ക്ക് ലഭിക്കുന്ന ഫലങ്ങൾ വ്യത്യസ്തമാണ്. മിഥുനമാസത്തിലെ ഐശ്വര്യ പൂജയുടെ ഫലം മംഗല്യ ഭാഗ്യമാണ്. മിഥുനത്തിൻ വിളക്കു പൂജ ചെയ്താൽ തടസപ്പെട്ട വിവാഹം പെട്ടെന്ന് മംഗളകരമായി നടക്കും എന്ന് വിശ്വസിക്കുന്നു. 2024 ജൂൺ 21 വെള്ളിയാഴ്ചയാണ് മിഥുനത്തിലെ ഐശ്വര്യ പൂജ . അന്ന് സന്ധ്യയ്ക്ക് പൗർണ്ണമി പൂജയ്ക്ക് മുൻപ് വിളക്ക് പൂജ നടക്കും.

മേടമാസത്തിൽ വിളക്കുപൂജ ചെയ്താൽ കാർഷിക രംഗത്ത് പുരോഗതിയും നല്ല വിളയും ധാന്യസമൃദ്ധിയും വർദ്ധിക്കും. ഇടവത്തിൽ സാമ്പത്തിക മേന്മയുണ്ടാകും. കർക്കടകത്തിലെ പൂജാ ഫലം സർവ്വൈശ്വര്യമാണ്. ചിങ്ങത്തിൽ പുത്രലബ്ധിയും ഭാഗ്യവും കൈവരും. കന്നിയിൽ വാഹന യന്ത്ര ലാഭവും പശുക്കളിൽ ആദായ വർദ്ധനയും ഉണ്ടാകും. തുലാത്തിൽ ഭക്ഷണ ലാഭമാണ് ഫലം. വൃശ്ചികത്തിൽ കുടുംബത്തിൽ ഐക്യമുണ്ടാകും. ധനുവിൽ ഫലം രോഗവിമുക്തി. മകരത്തിൽ പരിശ്രമങ്ങൾ വിജയം കാണും. കുംഭത്തിൽ പാപങ്ങൾ അകന്നുമാറും. മീനത്തിൽ ധർമ്മവും സമാധാനവും നിലനിന്നു കാണും.

ഐശ്വര്യ പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി എന്നിവ അത്യാവശ്യമാണ്‌. തലേന്ന് ഒരിക്കൽ ഉൾപ്പെടെയുള്ള സാധാരണ നിഷ്ഠകളെല്ലാം പാലിച്ച് വ്രതം തുടങ്ങണം.
പൂജയ്ക്ക് മുൻപായി ആദ്യം പൂജ നടത്താനുളള സ്‌ഥലം വൃത്തിയാക്കി കളമിട്ട്‌ നിലവിളക്കുകള്‍ ഒരുക്കി വയ്ക്കണം. വിളക്കില്‍ ഭസ്‌മചന്ദനാദികള്‍ കൊണ്ട്‌ കുറിയിട്ട്‌ പൂചൂടി അലങ്കരിച്ചാണ് ഓരോ വിളക്കും
വയ്ക്കേണ്ടത്. ശേഷം എണ്ണയൊഴിച്ച്‌ ഓരോ വിളക്കിലും രണ്ടു തിരികള്‍ വീതമിടുക. വിളക്കുകളുടെ വരികള്‍ തമ്മില്‍ ചേരുന്ന മദ്ധ്യഭാഗത്ത്‌ ഒരു വലിയ നിലവിളക്ക്‌ വയ്‌ക്കണം. വാഴയിലയില്‍ നിവേദ്യപ്പായസം, അവല്‍, മലര്‍പഴം, കല്‍ക്കണ്ടം, വെറ്റില, ഭസ്‌മം, കളഭം എന്നിവ വയ്‌ക്കണം. ഒരു ഇലയില്‍ അര്‍ച്ചനയ്ക്ക് ഉള്ള പൂക്കളും കുങ്കുമവും തയ്യാറാക്കണം. ഒരു കിണ്ടി വൃത്തിയാക്കി വെളളം നിറച്ച്‌ വിളക്കിനടുത്ത്‌ വയ്‌ക്കണം. സാമ്പ്രാണിത്തിരി കൊളുത്തി വയ്‌ക്കണം. ഒരു ചെറിയ തട്ടത്തില്‍ ഭസ്‌മം വച്ച്‌ അതില്‍ കര്‍പ്പൂരം വയ്‌ക്കുക. കുളിച്ചു ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്‌മചന്ദനാദികള്‍ ധരിച്ചുവേണം പൂജ ചെയ്യുവാന്‍. ദീപത്തെ നമസ്‌കരിച്ച്‌ ഇലയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക. പൂജ നടത്തുന്ന ആചാര്യന്‍ പ്രധാന ദീപത്തിന്‌ (വലിയ വിളക്കിന്‌) മുന്നിലിരിക്കണം.

ശാന്തിമന്ത്രം, ഗണപതി സ്‌തുതി, ദേവീ സ്‌തുതികള്‍, ഗുരുസ്‌തുതി ഇവ നടത്തിയ ശേഷം ക്ഷേത്രത്തില്‍ നിന്നോ, പ്രധാന ചിത്രത്തിന്‌ മുന്നിലെ വിളക്കില്‍ നിന്നോ കൊണ്ടു വരുന്ന ദീപം പകർന്ന് പൂജയ്‌ക്കുളള പ്രധാന വിളക്ക്‌ ജ്വലിപ്പിക്കണം. അതില്‍ നിന്നും പകരുന്ന തിരി കൊണ്ട്‌ എല്ലാവരും അവരവരുടെ മുന്നിലുള്ള ദീപം കത്തിക്കണം.
ദീപം കത്തിക്കുന്ന സമയത്ത്‌ എല്ലാവരും അവരവരുടെ മുന്നിലുളള ദീപം തൊട്ടുവന്ദിച്ച്‌ ഭദ്രദീപസ്‌തുതി ചൊല്ലണം.
അതിനുശേഷം കലശപൂജയാണ്‌. കിണ്ടിയില്‍ നിറച്ചിരിക്കുന്ന ജലത്തില്‍ ഒരു നുള്ള്‌ അക്ഷതവും പുഷ്‌പവുമിട്ട്‌ വലതു കൈകൊണ്ട്‌ അടച്ചുപിടിച്ച് കൊണ്ട് താഴെപ്പറയുന്ന തീർത്ഥ മന്ത്രം ജപിക്കുക.

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി
തീര്‍ത്‌ഥേസ്‌മിന്‍ സന്നിധിം കുരു

തുടർന്ന് ഇതിൽ നിന്നും അല്‌പം തീര്‍ത്ഥം ഉളളം കൈയിലെടുത്ത്‌ കുടിക്കുക. തുടർന്ന് കൈ കഴുകിയിട്ട്‌ തീര്‍ത്ഥം പുഷ്‌പത്തിലും നിവേദ്യത്തിലും തളിക്കുക. എന്നിട്ടാണ് അര്‍ച്ചന ചെയ്യേണ്ടത്. ആദ്യം ധ്യാനം:

ഇതിന് ആദിപരാശക്തിയെ നന്നായി മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ താഴെപ്പറയുന്ന ധ്യാനശ്ലോകം ചൊല്ലുക.

ഓം പത്മാസനാം പത്മകരാം
പത്മമാലാവിഭൂഷിതാം
ക്ഷീരവര്‍ണ്ണസമം വസ്‌ത്രം
ദധാനാം ഹരി വല്ലഭാം

അതിനു ശേഷം മൗനമായി പരാശക്തിയെ സ്‌മരിക്കണം. ധ്യാനശേഷം അര്‍ച്ചന ചെയ്യണം. പെരുവിരലും മോതിര വിരലും കൊണ്ട്‌ പുഷ്‌പങ്ങളോ കുങ്കുമമോ എടുത്ത്‌ അര്‍ച്ചിക്കണം. ഇടതുകൈ നെഞ്ചോടു ചേര്‍ത്തുവച്ച്‌ ശ്രീലളിതാഷ്‌ടോത്തരാര്‍ച്ചനയിലെ ആദ്യത്തെ 54 നാമം പുഷ്‌പം കൊണ്ടും ബാക്കി നാമങ്ങൾ കുങ്കുമം കൊണ്ടും അര്‍ച്ചിക്കണം. പുഷ്‌പങ്ങളും കുങ്കുമവും എടുത്ത്‌ അര്‍ച്ചിക്കുമ്പോള്‍ നിലവിളക്കിന്റെ ചുവട്‌ അംബികയുടെ തൃപ്പാദങ്ങളായി സങ്കല്‌പിച്ച്‌ അവിടെ അര്‍ച്ചിക്കെണം. അര്‍ച്ചന അവസാനിക്കുമ്പോള്‍ അധികമുളള പുഷ്‌പത്തില്‍ കുറച്ചെടുത്ത്‌ നെഞ്ചോടു ചേര്‍ത്തുവച്ച്‌

നാനാവിധ മന്ത്രപരിമള
പത്രപുഷ്‌പാണി സമര്‍പ്പയാമി

എന്ന്‌ ജപിച്ച്‌ ദീപത്തിന്‌ ചുവട്ടില്‍ അര്‍പ്പിച്ച ശേഷം
ദേവീ സ്‌തുതികള്‍ ചൊല്ലണം. അതിനുശേഷം നിവേദ്യം സമര്‍പ്പിക്കണം.

സമര്‍പ്പണ മന്ത്രം
ഓം ബ്രഹ്‌മര്‍പ്പണം ബ്രഹ്‌മവീര്‍
ബ്രഹ്‌മാഗ്നൗ ബ്രഹ്‌മണാഹൃതം
ബ്രഹ്‌മൈവ തേനഗന്തവ്യം
ബ്രഹ്‌മ കര്‍മ്മ സമാധിന

ഒരുക്കി വച്ച നിവേദ്യം 6 പ്രാവശ്യമായി നിവേദിക്കുക. നിവേദ്യം വലതുകൈ വിരലുകളിൽ എടുക്കുന്നത് പോലെയും ഒരു കുഞ്ഞ്‌ മാതാവിനെ ഊട്ടുകയാണെന്ന ഭാവത്തോടെയും ഭക്‌തിയോടെ സാവധാനം മുദ്രകാണിച്ച്‌ നിവേദിക്കണം. ഓരോ തവണയും താഴെ പറയുന്ന മന്ത്രത്തിന്റെ ഓരോ വരി ചൊല്ലണം.

ഓം പ്രാണായ സ്വാഹ
ഓം അപാനായ സ്വാഹ
ഓം വ്യാനായ സ്വാഹ
ഓം ഉദാനായ സ്വാഹ
ഓം സമാനായ സ്വാഹ
ഓം ബ്രഹ്‌മണേ സ്വാഹ

നിവേദ്യം മാറ്റി അല്‌പം ജലംകൊണ്ട്‌ കൈ ശുദ്ധി വരുത്തുക. എല്ലാവരും നമസ്‌ക്കരിച്ച്‌ എഴുന്നേറ്റ്‌ ദീപാരാധന ചെയ്യണം. കര്‍പ്പൂരം കൈയിലെടുത്ത്‌ വിളക്കില്‍നിന്ന്‌ കത്തിക്കുക. ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയോ, അല്ലെങ്കില്‍ പ്രധാന പൂജാസ്‌ഥലത്ത്‌ ദീപാരാധന നടത്തുകയോ ചെയ്യുമ്പോള്‍ എല്ലാവരും കര്‍പ്പൂരം കത്തിച്ച്‌ വിളക്കിന്‌ മൂന്നുതവണ ആരതി ഉഴിയുക. എന്നിട്ട്‌ കര്‍പ്പൂരത്തട്ട്‌ തലയ്‌ക്കു മുകളില്‍
പിടിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ ചൊല്ലുക.

‘ജ്യോതി ജ്യോതി ജ്യോതി ജ്യോതി
ഓം ജ്യോതി ജ്യോതിബ്രഹ്‌മ ജ്യോതി
ഓം ജ്യോതി ജ്യോതി ആത്മ ജ്യോതി
ഓം ജ്യോതി ജ്യോതി പരം ജ്യോതി
ഓം ജ്യോതി ജ്യോതി സ്വയം ജ്യോതി ഓം

കര്‍പ്പൂരത്തട്ട്‌ താഴെവച്ച്‌ പൂവെടുത്തുഴിഞ്ഞ്‌ ദീപത്തിന്‌ ചുവട്ടിലിടുക. കര്‍പ്പൂരം വന്ദിച്ച്‌ അടുത്തുള്ളവർക്ക് കൊടുക്കുക. നമസ്‌ക്കരിച്ച്‌ പ്രദക്ഷിണം വയ്‌ക്കുക. മൂന്നു തവണ വരിയായി പ്രദക്ഷിണം കഴിഞ്ഞ്‌ സ്വന്തം സ്‌ഥാനത്തു വരുമ്പോള്‍ നമസ്‌ക്കരിച്ച്‌ മംഗളം ചൊല്ലി, ശാന്തി മന്ത്രങ്ങളും ചൊല്ലിയതിനു ശേഷം പൂക്കളെടുത്ത്‌ ജപിച്ച്‌ ദീപം കെടുത്തുക. പ്രസാദം അവരവര്‍ എടുക്കുക. കുങ്കുമം സൂക്ഷിച്ചുവച്ച്‌ നിത്യവും നെറ്റിയിൽ അണിയുന്നവര്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കും.

Story Summary: Significance, Benefits and Rituals of Vilakku Pooja (Iswarya Pooja)

ജോതിഷി പ്രഭാസീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!