Monday, 23 Sep 2024
AstroG.in

മീനം, മേടമാസത്തിൽ 24 ദിവസം ശബരിമല ദർശനം

മീനമാസത്തിൽ 16 ദിവസവും  മേടത്തിൽ എട്ടു ദിവസവും ഭക്തർക്ക് ശബരിമല ശ്രീ അയ്യപ്പ ദർശനം ലഭിക്കും. മീന മാസ പൂജകൾക്ക് ക്ഷേത്രനട മാർച്ച് മാസം 13 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. അഞ്ചു ദിവസത്തെ പൂജകൾ കഴിഞ്ഞ്  മാര്‍ച്ച് 18 ന് രാത്രി അടയ്ക്കുന്ന നട ഉത്സവത്തിന് മാര്‍ച്ച് 28 ന് വൈകുന്നേരം വീണ്ടും തുറക്കും. ഏപ്രില്‍  7 നാണ്  ആറാട്ട്. ഏപ്രില്‍ 10 മുതല്‍ 18 വരെ  മേടമാസ പൂജകൾക്കും വിഷുവിനുമായി നട തുറന്നിരിക്കും. 

കഴിഞ്ഞ വർഷത്തെ ഉത്സവബലി

മാർച്ച് 13ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയാണ്   ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുക. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല.       

മാര്‍ച്ച് 14 നാണ് മീനം ഒന്ന്. അന്ന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും.5.15ന് നെയ്യഭിഷേകം ആരംഭിക്കും.നട തുറന്നിരിക്കുന്ന  എല്ലാ  ദിവസവും ഗണപതിഹോമം,  നെയ്യഭിഷേകം, ഉഷപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താ‍ഴപൂജ തുടങ്ങിയവ ഉണ്ടാകും. 

കഴിഞ്ഞ വർഷത്തെ ആറാട്ട്

മാര്‍ച്ച് 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ മീനമാസ പൂജകൾക്ക്പരിസമാപ്തിയാകും. ശേഷം ശബരിമല ഉത്രം ഉല്‍സവത്തിനായി  തിരുനട മാര്‍ച്ച് 28 ന് വൈകുന്നേരം 5 ന് തുറക്കും.

മാര്‍ച്ച് 29 ന് രാവിലെ 9.15 നാണ് കൊടിയേറ്റ്. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകളും പൂജയും നടക്കുക.

ഏപ്രില്‍ 6 നാണ് പള്ളിവേട്ട ആനപ്പുറത്തെ‍ഴുന്നെള്ളിപ്പ്.

ഏപ്രില്‍ 7ന് രാവിലെ ആറാട്ട് പുറപ്പാട്.  തുടര്‍ന്ന് പമ്പാനദിയില്‍ ആറാട്ട് പൂജയും മഹാആറാട്ടും നടക്കും.ഉല്‍സവ ദിവസങ്ങളില്‍ എല്ലാ ദിവസും സന്നിധാനത്തെ സ്റ്റേജില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികളും അരങ്ങേറും.

സ്റ്റേജില്‍ കലാപരിപാടികള്‍ നേര്‍ച്ചയായി നടത്താന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാരും കലാസമിതികളും വിശദ വിവരങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആന്‍റ് ശബരിമല, പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.

ഏപ്രില്‍ 7 ന് രാത്രി പത്തിന് ഹരിവരാസനം പാടി നടഅടച്ചാല്‍ പിന്നെ വിഷുവിനായി ക്ഷേത്ര നട തുറക്കുന്നത് ഏപ്രില്‍ 10 ന് ആയിരിക്കും.

ഏപ്രില്‍ 10 മുതല്‍ 18 വരെ മേടമാസ പൂജകളുടെ ഭാഗമായി തിരുനട തുറന്നിരിക്കും. ഈ ദിവസങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകും.

ഏപ്രില്‍ 14 ന് ആണ് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം.ഏപ്രില്‍ 18 ന് ഹരിവരാസനം പാടി രാത്രി 10മണിക്ക് നടഅടക്കും. ഇടവ മാസപൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്നത് മെയ് 15 നാണ്.കുംഭമാസ പൂജകള്‍ക്കായി നടതുറന്ന സമയത്ത് ശബരിമലയില്‍ വന്‍ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്.

മീനമാസ പൂജകളുടെ സമയത്തും ഉത്രം ഉല്‍സവ നാളുകളിലും ശബരീശ ദര്‍ശനത്തിനായി പതിനായിരക്കണക്കിന് അയ്യപ്പഭക്തരായിരിക്കും ശബരിമല സന്നിധാനത്ത് എത്തിച്ചേരുക.

– സുനില്‍ അരുമാനൂര്‍

error: Content is protected !!