Friday, 22 Nov 2024
AstroG.in

മീനത്തിലെ ഷഷ്ഠി വെള്ളിയാഴ്ച ; ഇങ്ങനെ ഭജിച്ചാൽ ആഗ്രഹസാഫല്യം

മംഗളഗൗരി
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മീനത്തിലെ ഷഷ്ഠി നാളില്‍ വ്രതം അനുഷ്ഠിച്ച് ശിവനെയും മുരുകനെയും പൂജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം കൈലാസ പ്രാപ്തിയാണ് ഫലം പറക്കുന്നത്. 2024 മാർച്ച് 15 നാണ് ഈ ഫല്‍ഗുണ ഷഷ്ഠി. തിഥി സമയം: മാർച്ച് 14 രാത്രി 11:31 മുതൽ 15 ന് രാത്രി 10:15 വരെ)

ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്തുള്ളവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠിവ്രതം നോൽക്കുന്നത് ഉത്തമമാണ്. പഞ്ചമി മുതൽ വ്രതമെടുത്ത് ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തി ഉച്ചയ്ക്ക് ഷഷ്ഠി പൂജ തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദ്യച്ചോറും കഴിച്ചാണ് സാധാരണ വ്രതം പൂർത്തിയാക്കുന്നത്. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതിയും ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ഭജനം ഉത്തമ പരിഹാരമാണ്. രോഗദുരിതശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും ഇത് പെട്ടെന്ന് ഫലം തരും.
പെട്ടെന്നുള്ള ഫലസിദ്ധിയാണ് മുരുകപ്രാർത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമാണ്. പാർവ്വതീപരമേശ്വരന്മാരുടെ വത്സല പുത്രനാണ് മുരുകൻ. ദോഷദുരിതങ്ങൾ കൊണ്ടോ, ആരോഗ്യവിഷയങ്ങൾ കാരണമോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് മുരുകപ്രീതിയാൽ അത്ഭുതഫലം ലഭിക്കും. ഇഷ്ടസന്താനലബ്ധിക്ക് ഏറെ ഗുണകരമാണ് മുരുകഭജനം. ഷഷ്ഠിവ്രതമെടുക്കുന്നവർ ഭഗവന്റെ മൂലമന്ത്രം, അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം , സുബ്രഹ്മണ്യ ഗായത്രി, ഓം ശരവണ ഭവഃ തുടങ്ങിയവ ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്.

മൂലമന്ത്രം
ഓം വചദ്ഭുവേ നമ:
ഓം ഷൺമുഖായ നമ:

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

ശ്രീമുരുകനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. ശ്ലോകത്തിന്റെ അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമ വർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ധ്യാനിക്കുന്നു.

സുബ്രഹ്മണ്യ പഞ്ചരത്നം

Story Summary : How to observe Shasti Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!