Friday, 20 Sep 2024
AstroG.in

മീനത്തിൽ 2 തവണ ഭരണി വ്രതം; തട‌സങ്ങൾ അകറ്റി ഐശ്വര്യം തരും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ദുഷ്ടർക്ക് ഭയങ്കരിയും ശിഷ്ടർക്ക് വശ്യയുമായ ഭദ്രകാളിയെയാണ്
ഭരണി വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത്. ജഗദംബികയായ ആദിപരാശക്തിയുടെ വ്യത്യസ്തമായ പല ഭാവങ്ങളിൽ അതിപ്രശസ്തവും ശക്തിവിശേഷമേറിയതുമാണ് ഭദ്രകാളീ ഭാവം. ഈ ഭാവത്തിൽ വേണം ഭരണിവ്രതം
അനുഷ്ഠിക്കുന്നവർ ദേവിയെ പൂജിക്കേണ്ടത്.

ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വരുന്നവരും ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടും യാതൊരു പ്രയോജനവും ഇല്ലാത്തവരും ഇന്നോളം
യാതൊരുവിധ സുഖവും സന്തോഷവും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സങ്കടപ്പെട്ടു കഴിയുന്നവരും ഭദ്രകാളി
ദേവിയെ ഭജിച്ചാൽ അത്ഭുതകരമായ ചില മാറ്റങ്ങൾ അതിവേഗം സംഭവിക്കും. അതിന് ഏറ്റവും നല്ലതാണ് ഭരണി നക്ഷത്രത്തിലെ പ്രാർത്ഥനയും വ്രതവും. വ്രതം നോറ്റാലും ഇല്ലെങ്കിലും ഈ ദിവസം കാളീ ക്ഷേത്രത്തിൽ
ദർശനം നടത്തുന്നതും വഴിപാട് കഴിപ്പിച്ച് പ്രാർത്ഥിക്കുന്നതും കാളി സ്തുതികളും മന്ത്രങ്ങളും
ജപിക്കുന്നതും സദ് ഫലങ്ങൾ നൽകും. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും നിരാശ ബാധിച്ചവർക്കും തീർച്ചയായും ഇതിലൂടെ കാര്യസിദ്ധിയും വിജയവും നേടാനാകും.

മീനഭരണി രണ്ടുതവണ
എല്ലാ മാസത്തെയും ഭരണി ഭദ്രകാളിയെ ഭജിക്കാൻ ഉത്തമമാണെങ്കിലും മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ഭദ്രകാളീപ്രീതി നേടാൻ ഏറ്റവും ഫലപ്രദമാണ്. ഈ വർഷത്തെ മകരഭരണിയും കുംഭഭരണിയും കഴിഞ്ഞു. മീനഭരണിയാകട്ടെ രണ്ടുതവണ വരുന്നുണ്ട്. മാർച്ച് 14, ഏപ്രിൽ 10 തീയതികളിൽ. ഇതിൽ രണ്ടാമത്, ഏപ്രിൽ 10 ബുധനാഴ്ച വരുന്ന ഭരണിയാണ് പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി. അന്നാണ് ശാർക്കര ആറാട്ടും കൊല്ലങ്കോട് തൂക്കവും മറ്റും നടക്കുന്നത്. എങ്കിലും ഈ രണ്ടു ദിവസവും വ്രതം പാലിക്കുന്നത് ഏറ്റവും നല്ലതാണ്. ഈ പുണ്യദിനങ്ങളിൽ ചെയ്യുന്ന കാളീ പ്രീതികരമായ അനുഷ്ഠാനങ്ങൾക്കും വഴിപാടുകൾക്കും അതിവേഗം
ഫലം ലഭിക്കും.

ഭരണി വ്രതചര്യ
ഭരണി നാളിൽ ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കാം. ഉച്ചക്ക് ഭഗവാന് നിവേദിച്ച ശേഷം ഊണ് കഴിക്കുന്നത് ഏറെ ഉത്തമം. വ്രതം കഴിഞ്ഞാൽ പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം പൂർണ്ണമായോ ജപസമയത്ത് മാത്രമായോ ധരിക്കണം. പുല, വാലായ്മ, മാസാശുദ്ധി എന്നിവയുള്ളവർ വ്രതമെടുക്കാൻ പാടില്ല. രണ്ട് നേരവും നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.

ഇഷ്ടകാര്യലബ്ധിക്ക് മൂലമന്ത്രജപം
ഭരണി നാളിൽ പ്രത്യേകിച്ച് മീനം, മകരം, കുംഭം ദിവസങ്ങളിൽ രണ്ട് നേരവും കുളിച്ച് ഭദ്രകാളി മൂലമന്ത്രം ജപിക്കണം. ദേവിയുടെ ഏറ്റവും ശക്തിയുള്ളതും, അത്ഭുതശക്തിയുള്ളതുമായ മൂലമന്ത്രമാണ്
ജപിക്കേണ്ടത്. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മൂലമന്ത്രം 48 പ്രാവശ്യം രണ്ട് നേരം ജപിക്കണം. കാര്യവിജയത്തിന് ശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതം നീക്കാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്. 12,21,41 തുടങ്ങിയ ദിവസം ജപിക്കാം. മാർച്ച് 14 ന്
ഭരണിനാളിൽ തുടങ്ങി ഏപ്രിൽ 10 ഭരണി നാൾ വരെ ജപിക്കുന്നത് ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്.

കാളി സ്തുതികൾ ജപിക്കാം
കുടുംബദേവതയായി കാളിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശികളിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ചൊവ്വ ഒൻപതിൽ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികക്കുറിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി നക്ഷതങ്ങളിൽ ജനിച്ചവർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവർക്ക് കാളീപ്രീതി ക്ഷിപ്രഫലം നൽകും. ഇവർ നിത്യവും ഭദ്രകാളിയുടെ ധ്യാനം, അഷ്ടോത്തരം ഭദ്രകാളിപ്പത്ത്
എന്ന കാളി സ്തുതി എന്നിവ ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും. ഒപ്പം കാളിയുടെ വിവിധ പ്രാർത്ഥനാ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്.

ധ്യാനം
ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
2
നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ

ഭദ്രകാളിപ്പത്ത്

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655

Story Summary: Significance and Benefits of Bharani Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!