Sunday, 22 Sep 2024
AstroG.in

മീനപ്പൂരത്തിന്റെ കഥയറിഞ്ഞാൽ മോഹസാഫല്യം കൂടെ വരും

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി


സതീവിയോഗ ശേഷം കാമവൈരിയായി മാറിയ ശിവന്റെ മനസ്സിൽ പാർവ്വതീ ദേവിയോട് ആദ്യമായി ഇഷ്ടം തോന്നിയ ദിവസമാണ് മീനപ്പൂരം. പ്രപഞ്ച സൃഷ്ടാക്കളായ ശിവപാർവ്വതിമാരുടെ ആദ്യ കൂടിച്ചേരലിന്റെ പുണ്യദിനം – മീനപ്പൂരം. ആ ഐതിഹ്യം ഇങ്ങനെ ചുരുക്കിപ്പറയാം :

ശിവനെ പതിയായി ലഭിക്കുന്നതിന് ഹിമവാന്റെയും മേനയുടെയും പുത്രിയായ പാർവ്വതി കഠിനമായ ത്യാഗങ്ങളാണ് അനുഷ്ഠിച്ചത്. നിരന്തരം പ്രാർത്ഥിച്ചും തപസ് ചെയ്തും തപോനിഷ്ഠനായ ശിവനെ പരിചരിച്ചും കാലങ്ങളോളം ദേവി കാനനത്തിൽ കഴിഞ്ഞു. എന്നാൽ സതീവിയോഗ ത്തോടെ ഉൾവലിഞ്ഞ ശിവൻ പാർവ്വതിയെ നോക്കുക പോലും ചെയ്തില്ല. എന്തു വന്നാലും താൻ തപസിൽ നിന്നുണരില്ല; പാർവതിയെ പത്‌നിയാക്കുകയോ ചെയ്യില്ല എന്ന നിശ്ചയത്തിലായിരുന്നു ഭഗവാൻ.

ഈ സമയത്താണ് ദേവന്മാരുടെ നിർദ്ദേശപ്രകാരം കാമദേവൻ ശിവന്റെ തപസ് മുടക്കാൻ എത്തിയത്. ശൂരപത്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരുടെ ഉപദ്രവം കാരണം പൊറുതി മുട്ടിയാണ് ദേവന്മാർ കാമദേവനെ അയച്ചത്. ശിവപുത്രന് മാത്രമേ തങ്ങളെ വധിക്കാനാവൂ എന്നായിരുന്നു അവർ നേടിയവരം. ഭഗവാൻ തപസിൽ നിന്നുണർന്ന് പാർവതിയെ വരിച്ചെങ്കിൽ മാത്രമേ ശിവപുത്ര ജനനം സാദ്ധ്യമാകൂ. ആ നിയോഗം ഏറ്റെടുത്തു വന്ന കാമൻ ശിവന്റെ മനസിളക്കാൻ കാമബാണം പ്രയോഗിച്ചു. പുഷ്പശരം ഏറ്റ ശിവൻ കോപിഷ്ഠനായി കാമനെ ദഹിപ്പിച്ചു. എന്നാൽ ബാണത്തിന്റെ ശക്തിമൂലം ശിവൻ പാർവ്വതിയിൽ പ്രണയപരവശനായി. കാമദേവന്റെ അഭാവം പ്രപഞ്ചത്തിൽ പ്രണയഭാവവും പ്രേമവും ഇല്ലാതാക്കും എന്ന പാർവ്വതിയുടെ അഭ്യർത്ഥന മാനിച്ച് ശിവൻ കാമദേവന് പുനർജന്മം നൽകി. പ്രപഞ്ചത്തിന് നഷ്ടമായ പ്രണയത്തെ ഈ രീതിയിൽ മടക്കി കൊണ്ടുവന്നതിന്റെയും, സ്ത്രീ പുരുഷ ബന്ധത്തിന്റെ ഉത്തമ മാതൃകകളായ ശിവ പാർവതി സംഗമത്തിന്റെയും, ആഘോഷമായി മാറി മീനപ്പൂരം.

അങ്ങനെ ഉമാമഹേശ്വരന്മാരുടെയും കാമദേവന്റെയും അനുഗ്രഹം നേടാൻ ഉത്തമായ ദിവസങ്ങളിൽ ഒന്നായി മീനപ്പൂരം മാറി. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ മോഹസാഫല്യം ഉറപ്പാണ്. പ്രത്യേകിച്ച് ഇഷ്ട വിവാഹം, പ്രണയ സാഫല്യം എന്നിവ സാക്ഷാത്കരിക്കാനാകും.

ഈ വർഷത്തെ മീനപ്പൂരം മാർച്ച് 27-ാം തീയതിയാണ്. തലേദിവസം വ്രതം തുടങ്ങാം. മത്സ്യമാംസാദി ത്യജിക്കുക, ശാരീരിക ബന്ധം ഒഴിവാക്കുക, ശിവ പാർവതി, കാമദേവ മന്ത്രങ്ങൾ ചൊല്ലുക എന്നിവ വ്രതത്തിന്റെ ഭാഗമാണ്. ശിവനെയും പാർവതിയെയും പ്രാർത്ഥിക്കുന്നതാണ് ആഗ്രഹ ലാഭത്തിന് ഏറ്റവും നല്ലത്. ശിവൻ കാമവൈരി ആണെങ്കിലും പാർവതിയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു എന്നാണ് വിശ്വാസം.

മീനപ്പൂരം തുടങ്ങി 7 മാസം പൂരം നക്ഷത്ര ദിവസം വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ ഏതൊരു ആഗ്രഹവും സാധിക്കും. ആർക്കും ആചരിക്കാവുന്നതാണ് മീനപ്പൂരവ്രതം. കന്യകമാർക്ക് നല്ല വിവാഹബന്ധം ലഭിക്കുന്നതിനും വിവാഹം കഴിഞ്ഞവർക്ക് നല്ല കുടുംബജീവിതം നിലനിർത്തുന്നതിനും പൂരം വ്രതമെടുക്കാം. പുരുഷന്മാർക്കും വ്രതം ആചരിക്കാം. മീനത്തിലെ പൂരം നാളിൽ പൂർത്തിയാകുന്ന രീതിയിൽ 3,5,7,9 ദിനങ്ങളായും മീനപ്പൂരവ്രത മെടുക്കാം. ചാണകം കൊണ്ടോ, മഞ്ഞൾക്കൊണ്ടോ മണ്ണ് കൊണ്ടോ കാമദേവരൂപം നിർമ്മിച്ച് മുറ്റത്ത് പവിത്രമായി സൂക്ഷിക്കണം. സുഗന്ധമാലകൾ, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിക്കണം. ചാണകം മെഴുകിയ മുറ്റത്ത് കാമദേവ വിഗ്രഹം വച്ച് ഓണത്തിന് പൂക്കളം ഇടുന്നപോലെ എന്നും പൂക്കളം ഒരുക്കാം. ഒരുദിവസം മാത്രമായും ഇത് ആചരിക്കാം. പൂരം നാളിൽ നാളികേരം, കദളിപ്പഴം, ശർക്കര, നെയ് എന്നിവ അരിപ്പൊടിയിൽ ചേർത്ത് പ്രത്യേകമായി അടയുണ്ടാക്കി കാമദേവന് നേദിക്കാം. പൂജാവിധി അറിയാത്തവർ ഇങ്ങനെ അടയുണ്ടാക്കി ഒരു തൂശനിലയിൽ വിളക്കിനു മുമ്പിൽ വച്ച് കാമദേവനെ പ്രാർത്ഥിച്ചാലും മതി.

തത്തയാണ് കാമദേവന്റെ വാഹനം. സുഗന്ധപുഷ്പ ഉദ്യാനമാണ് വാസസ്ഥാനം. യൗവനരൂപിയായ കാമദേവന്റെ ഒരു കയ്യിൽ കരിമ്പ് വില്ലും മറ്റേ കയ്യിൽ പുഷ്പനിർമ്മിതമായ അമ്പും ധരിച്ചിരിക്കുന്നു. വിഷ്ണുഭഗവാന്റെ അംശമായാണ് കാമദേവനെ സങ്കല്പിക്കുന്നത്. രതീദേവി പത്‌നി. മഞ്ഞപ്പട്ടുടുത്ത് ആകർഷണരൂപത്തിലും പച്ചപട്ടുടുത്ത് മോഹനരൂപത്തിലും ചുവന്നപട്ട് ഉടുത്ത് വശ്യരൂപത്തിലും പൂജിക്കാറുണ്ട്. കദളിപ്പഴം, തേൻ, പാൽപ്പായസം, പാൽ, പഴവർഗ്ഗങ്ങൾ എന്നിവ പ്രധാന നൈവേദ്യം.

പാർവ്വതീശമന്ത്രം

ഓം ഹ്രീം യോഗിന്യൈ
യോഗവിദ്യായൈ
സർവ്വസൂക്ഷ്മായൈ
ശാന്തി രൂപായൈ
ഹരപ്രിയംകര്യൈ
ഭഗമാലിന്യൈ
ശ്രീരുദ്രപ്രിയായൈ
ഹ്രീം ഹ്രീം നമ:

(ദാമ്പത്യവിജയത്തിനും ഇഷ്ടവിവാഹലബ്ധിക്കും ഏറ്റവും നല്ലതാണ് പാർവ്വതീശ മന്ത്രം. പൂരം നക്ഷത്ര ദിവസം തുടങ്ങി തുടർച്ചയായി 12 ദിവസം രാവിലെയും വൈകിട്ടും 84 തവണ വീതം ചൊല്ലുക. വിവാഹതടസം മാറി ഉത്തമബന്ധം ലഭിക്കും. ദാമ്പത്യജീവിതത്തിലെ കലഹം അതിജീവിക്കാനാകും. ചുവന്നവസ്ത്രം ധരിച്ച് മന്ത്രം ജപിക്കുക.)

ശ്വാരൂഢമോഹിനീമന്ത്രം

ഓം ഉത്തുംഗ തുരഗാരൂഢേ
കരോദ്യൽ പാശദണ്ഡിനീ
നരവംശമശേഷം മേ
വശമാനയ കാമദേ

(അത്ഭുതകരമായ വശ്യ ശക്തിക്ക് അശ്വാരൂഢമോഹിനീമന്ത്രം പൂരം നക്ഷത്ര ദിവസം തുടങ്ങി തുടർച്ചയായി ഒരു മാസത്തിൽ 18 ദിവസം വീതം 3 മാസം ചൊല്ലണം. 84 തവണ വീതം രാവിലെയും വൈകിട്ടും ചൊല്ലണം. പൂരം നാളിൽ ജപം തുടങ്ങണം. പ്രേമവിവാഹം സഫലമാകാനും ദാമ്പത്യവിഷയത്തിലെ കലഹമകലാനും സർവോപരി അത്ഭുതകരമായ വശ്യശക്തിക്കും ഈ മന്ത്രജപം പ്രയോജനപ്പെടും )

കാമദേവമൂലമന്ത്രം
ഓം ക്ലീം നമ: കാമദേവായ

(ആകർഷണവും വശ്യതയും ആഗ്രഹസാഫല്യവും കാംക്ഷിക്കുന്നവർ അത്ഭുതശക്തിയുള്ള കാമദേവ മൂലമന്ത്രം നിത്യേന 108 തവണ വീതം രാവിലെയും വൈകിട്ടും ചൊല്ലണം. ജപവേളയിൽ നെയ്‌വിളക്ക് തെളിച്ച് വയ്ക്കുന്നത് ഉത്തമം)

കാമദേവഗായത്രി
ഓം കാമദേവായ വിദ്മഹേ
പുഷ്പബാണായ ധീമഹേ
തന്നോനംഗ: പ്രചോദയാൽ

(അത്ഭുത വശ്യശക്തിയുള്ളതാണ് കാമദേവ ഗായത്രി. പൂരം നാളിൽ വ്രതമെടുത്ത് ഈ മന്ത്രം 108 പ്രാവശ്യം രണ്ടു നേരം ജപിക്കുക. പൂരം നാളിൽ തുടങ്ങി 41 ദിവസമോ 21 ദിവസമോ ചൊല്ലാം. ഏതൊരു വിഷയവും വിജയിക്കുന്നതിനു വേണ്ട പോസിറ്റീവ് ഊർജ്ജത്തിന് ഈ മന്ത്രം നല്ലതാണ്. കാര്യസിദ്ധിക്കും ഗുണകരം)

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Meenappuram: Significance, Myths and Rituals

error: Content is protected !!