Friday, 22 Nov 2024
AstroG.in

മൂകന്‍മാര്‍ക്കു പോലും ഐശ്വര്യവും വിദ്യയും പ്രദാനം ചെയ്യും മൂകാംബിക

ദക്ഷിണ കർണ്ണാടകയിലെ കൊല്ലൂരിൽ കുടജാദ്രിയുടെ മടിയിൽ, സൗപർണ്ണികയുടെ തീരത്ത് ജഗദാംബികയും വിദ്യാംബികയുമായ മൂകാംബികാ ദേവി കുടികൊള്ളുന്നു. ത്രിമൂർത്തികളും ആദിപരാശക്തിയും ഒറ്റചൈതന്യമായി ഇവിടെ വിരാജിക്കുന്നു.

വിദ്യാവിജയത്തിനും അഭീഷ്ടസിദ്ധിക്കും കലയിലും സാഹിത്യരംഗത്തും ശോഭിക്കുന്നതിനും അനേകായിരം ഭക്തരാണ് എന്നും മൂകാംബികയിൽ എത്തുന്നത്. പല പുരാണങ്ങളിലും മൂകാംബികാ ക്ഷേത്രമാഹാത്മ്യം വർണ്ണിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കൊല്ലൂർ കോലമഹർഷി തപസ്‌ ചെയ്ത സ്ഥലമായത് കൊണ്ട് ആദ്യം കോലാപുരമായി; പിന്നീട് കൊല്ലൂർ ആയി.
കംഹൻ എന്ന അസുരൻ മഹാസിദ്ധികൾക്കായി ശിവ ഭഗവാനെ തപസ്‌ ചെയ്തു. വരബലം സിദ്ധിച്ചാൽ കംഹൻ അജയ്യനാകുമെന്ന് മനസിലാക്കിയ പരാശക്തി അവനെ മൂകനാക്കി. അങ്ങനെ മൂകാസുരനായി. ദേവി പിന്നീട് ഘോരയുദ്ധം ചെയ്ത് മൂകാസുരനെ നിഗ്രഹിച്ചു. ദേവി അതോടെ മൂകാംബികയായി. അജ്ഞാനത്തിന്റെയും അന്ധകാരത്തിന്റെയും പ്രതീകമാണ് മൂകാസുരൻ. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന ദേവി എന്നു തന്നെയാണ് മൂകാംബികയുടെ ആന്തരാർത്ഥം.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി – ത്രിദേവീ ഐക്യരൂപിണിയാണ് മൂകാംബിക. അതിനാൽ മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തർക്ക് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. ശംഖചക്രാഭയാഭീഷ്ട ഹസ്തയായി, പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവ വിഷ്ണു ബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. മൂകന്‍മാര്‍ക്കു പോലും ഐശ്വര്യവും വിദ്യയും പ്രദാനം ചെയ്യും മൂകാംബിക. വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്. എന്നും അഞ്ച് പൂജ.

മൂകാംബികയുടെ മൂലസ്ഥാനം കുടജാദ്രിയാണ്. ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ഇടമാണ് കുടജാദ്രി. മൂകാംബികയിൽ നിന്നും 42 കിലോമീറ്ററുണ്ട്. ശങ്കരാചാര്യർ തപസിരുന്ന സർവ്വജ്ഞപീഠം ഇവിടെ കാണാം. സർവ്വജ്ഞപീഠത്തിൽ നിന്നും ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്റർ പോയാൽ ശിലാഗുഹയായ
ചിത്രമൂലയിൽ എത്തും. ഇതാണ് ശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലം. ഇവിടെ നിന്നാണ് സൗപര്‍ണ്ണിക ഉത്ഭവിക്കുന്നത്.

ഇടവ മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന അഷ്ടമി തിഥിയിലാണ് ദേവി മൂകാസുരനെ വധിക്കാൻ അവതരിച്ചത്. അന്ന് വിശേഷാൽ പൂജകൾ ഉണ്ട്. മീന മാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രം മുതൽ ഒൻപത് ദിവസമാണ് ഉത്സവം. എട്ടാം ദിവസമാണ് രഥോത്സവം. നവരാത്രികാലമാണ് അതിവിശേഷം. ഇക്കാലത്ത് വിദ്യാരംഭത്തിന് പതിനായിരങ്ങൾ വരുന്നു. ക്ഷേത്രത്തിന്റെ മുൻവശത്താണ് സരസ്വതീമണ്ഡപം. അവിടെ വിദ്യാരംഭം നടത്തുന്നു. ജന്മാഷ്ടമിയും പ്രധാനമാണ്. ക്ഷേത്ര സമീപത്തെ സൗപർണ്ണികയിൽ കുളിച്ച് ദർശനം നടത്തുന്നത് ഏറ്റവും ഉത്തമമാണ്.

ഭക്തർക്ക് താമസിക്കാനായി ക്ഷേത്രത്തിന്റെ അതിഥി മന്ദിരങ്ങളും ധാരാളം സ്വകാര്യ ഹോട്ടലുകളുമുണ്ട്. കേരളത്തിൽ നിന്നും പോകുന്നവർ മൂകാംബികാ റോഡ് ബൈന്ദൂരിലോ മംഗലാപുരത്തോ ട്രെയിൻ ഇറങ്ങണം. കൊങ്കൺ വഴി പോകുന്ന ചില ട്രെയിനുകൾ ബൈന്ദൂരിൽ നിറുത്തും. അവിടെ നിന്ന് 40 കിലോമീറ്ററുണ്ട്. മംഗലാപുരത്തു നിന്നും മൂന്നാല് മണിക്കൂർ റോഡ് യാത്ര വേണ്ടി വരും. രാവിലെ 5 മുതൽ ദർശനമുണ്ട്. ഉച്ചയ്ക്ക് 1.30ന് നട അടയ്ക്കും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 9 വരെ ദർശനമുണ്ട്.

മൂകാംബിക മൂലമന്ത്രം
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
ധ്യാനശ്ലോകം
പത്മാസനസ്ഥാമിക്ഷ ചാപാം
കുസുമ ശരസൃണീ
പത്മയുഗ്മാക്ഷ മാലാ
വിദ്യാപാശാൻ ദധാനാം
കുചഭാരവിന മന്മഥയവല്ലീം
ത്രിനേത്രാം രക്താം രക്താംഗരാഗാംബര
കുസുമയുതാം സുപ്രസന്നാനനാബ്ജാം
ത്രൈലോക്യ ക്ഷോഭ ദാത്രീം മുനിവിബുധനതാം
ദേവതാംതാം നമാമി.

അർത്ഥം: താമരപ്പൂവിൽ ആസനസ്ഥ ആയിരിക്കുന്നവളും കരിമ്പുവില്ല്, പുഷ്പാസ്ത്രം, തോട്ടി, രണ്ടു താമരപ്പൂക്കൾ, രുദ്രാക്ഷമാല, പുസ്തകം, കയറ് എന്നിവയെ എട്ട് തൃക്കൈകളിലായി ധരിച്ചിരിക്കുന്നവളും സ്തനങ്ങളുടെ ഭാരംകൊണ്ട് നമ്രയായിത്തീർന്ന, കൃശമായ അരക്കെട്ടോടുകൂടിയവളും ത്രിനയനയും ചുവന്നനിറത്തിലുളള ശരീരകാന്തിയോടു കൂടിയവളും അതേ നിറത്തിലുളള കുറിക്കൂട്ട്, വസ്ത്രം, പുഷ്പങ്ങൾ ഇവയെല്ലാം അണിഞ്ഞിരിക്കുന്നവളും പ്രസന്നമായ മുഖ പത്മത്തോട് കൂടിയവളും മൂന്നു ലോകത്തെയും വിഭ്രമിപ്പിക്കുന്നവളും മഹർഷിമാരാലും ദേവന്മാരാലും നമസ്ക്കരിക്കപ്പെടുന്നവളും ആയ ദേവിയെ ഞാൻ നമസ്ക്കരിക്കുന്നു.

(കൊല്ലൂർ മൂകാംബികാ സരസ്വതി മണ്ഡപത്തിലെ ധ്യാനശ്ലോകം)
Story Summary: Significance of Mookambika Devi


error: Content is protected !!