Monday, 30 Sep 2024
AstroG.in

മൂകാംബികയുടെ ശക്തിയും ചൈതന്യവും വിളംബരം ചെയ്യുന്ന മഹാരഥോത്സവം

പ്രദീപ് ഉഷസ്

ആണ്ടുത്സവമായ കൊല്ലൂർ മഹാരഥോത്സവത്തിന് മൂകാംബികാദേവി ഒരുങ്ങി. മീനമാസത്തിൽ, പൗർണ്ണമിയുടെ തലേന്ന് കൊടിയേറി ഏപ്രിൽ 5 വരെ നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാൾ, ഏപ്രിൽ 3 ശനിയാഴ്ചയാണ് പ്രസിദ്ധമായ മഹാരഥോത്സവം നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 1 : 04നാണ് രഥാരോഹണം നടക്കുക. വെെകിട്ട് 5 മണിക്ക് ദേവിയുടെ പുറത്തെഴുന്നള്ളത്തായ ബ്രഹ്മരഥോത്സവം തുടങ്ങും. കൊടിയേറ്റ ദിവസമൊഴികെ ആറു ദിവസങ്ങളിലും ദേവി പുറത്ത് എഴുന്നെള്ളും എന്നതാണ് ഈ ഉത്സവകാലത്തെ പ്രധാന വിശേഷം. ഓരോ ദിവസവും ഓരോ വാഹനങ്ങളിലേറിയാകും ദേവിയുടെ പുറത്തെഴുന്നെള്ളിപ്പ്. മയൂരാരോഹണം, ഡോലാരോഹണം, ഋഷഭാരോഹണം, ഗജാരോഹണം, സിംഹാരോഹണം എന്നീ ഭാവങ്ങളിലാണീ എഴുന്നെള്ളിപ്പ്. ഏഴാം ഉത്സവദിനത്തിലാണ് മഹാരഥോത്സവമെന്ന ബ്രഹ്മരഥോത്സവം നടക്കുന്നത്. അത്യപൂർവ്വമായ ഈ ചടങ്ങിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കൊല്ലൂരിൽ എത്തുക. നവരാത്രി രഥോത്സവനാളുകളിൽ നാലമ്പലത്തിനുള്ളിൽ മാത്രമാണ് രഥം വലിക്കുന്നതെങ്കിൽ മഹാരഥോത്സവ വേളയിൽ ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് ഒരു കിലോമീറ്ററിൽ റോഡിലൂടെ രഥം ഉരുളും. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച്, മംഗളാരതികളാൽ സമൃദ്ധമായ രഥോത്സവം നയനാനന്ദകരവും അനുഗ്രഹദായകവും ആണ്. രഥത്തിൽ നിന്നും നാണയങ്ങൾ, വെള്ളി വിഗ്രഹങ്ങൾ, ലോക്കറ്റുകൾ, ലോഹങ്ങളിൽ പണിതീർത്ത ദേവീ രൂപങ്ങൾ എന്നിവയെല്ലാം ഭക്തർക്കിടയിലേക്ക്, പൂജാരിമാർ വാരിവിതറും. അത് ലഭിക്കുന്നത് വലിയ ഐശ്വര്യമായി ഭക്തർ കരുതുന്നു. രഥോത്സവം കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് ഓക്കുളി ഉത്സവം നടക്കും. സൗപർണ്ണികയിലെ നീരാട്ടാണ് ഇത്. അത് കഴിഞ്ഞ ശേഷം ദേവി, ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നെള്ളും. ദേവിയുടെ ശക്തിയും ചൈതന്യവും വിളംബരം ചെയ്യുന്ന അപൂർവ്വ കാഴ്ച കൂടിയാണിത്. സിംഹാരോഹിണി ആയി ദേവി എഴുന്നള്ളുന്നു എന്നാണ് സങ്കൽപ്പം. ശക്തിനിറഞ്ഞ് തുളുമ്പുന്ന സിംഹത്തിന് മേലേറി ദേവി സഞ്ചരിക്കും പോലെ അതിവേഗത്തിൽ കുതിച്ചോടിയാണ് തിരിച്ച് എഴുന്നെള്ളത്ത്. ആറാട്ട് കഴിഞ്ഞ് രാത്രി 12 ന് ശേഷമാണ് സൗപർണ്ണികയിൽ നിന്നുള്ള മടക്കം. ആറാട്ടിനുശേഷം പുറത്തെ ഓലക മണ്ഡപ ത്തിൽ ആണ് ദേവിയുടെ വിശ്രമം. പിറ്റേന്ന് അതിരാവിലെ ദേവി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. തുടർന്ന് സരസ്വതി മണ്ഡപത്തിലെ പൂജകൾക്കും ചണ്ഡികാ ഹോമത്തിനും ശേഷം ഏപ്രിൽ 5 ന് രാവിലെ 9.30 ന് കൊടിയിറങ്ങുന്നതോടെ, പൂർണ്ണ കുംഭാഭിഷേകത്തോടെ മഹാരഥോത്സവം സമാപിക്കും.

മഹാരഥോത്സവത്തിലെ ഭക്തജനങ്ങളുടെ പങ്കാളിത്തവും ജനകീയതയും എടുത്തുപറയേണ്ടതാണ്. ഉത്സവനാളുകളിൽ കുന്ദാപുര താലൂക്കിലെ കരക്കാർക്ക് ഓരോരോ അവകാശങ്ങളുമുണ്ട്. അതെല്ലാം അവർ അണുകിട വ്യത്യാസമില്ലാതെ അനുഷ്ഠിക്കുന്നു. ക്ഷേത്രത്തിൽ നിന്ന് ദേവി പുറത്തേക്കെഴുന്നെള്ളുന്നത് നാടിന്റെയും നാട്ടാരുടെയും ക്ഷേമ ഐശ്വര്യങ്ങൾ നേരിട്ട് അറിയാനാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.

വാസ്തുശിൽപ്പ ഭംഗിയും നിർമ്മാണവൈദഗ്ദ്ധ്യവും ഒത്തു ചേർന്ന രഥമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. വിജയനഗര സാമ്രാജ്യകാലഘട്ടത്തിൽ നിർമ്മിച്ചതാണ് ഈ മനോജ്ഞരഥമെന്നാണ് ചരിത്രരേഖകൾ പറയുന്നത്. മൂകാംബിക ദേവി മലയാളികൾക്ക് അമ്മയാണ്. അറിവിന്റെ, ഐശ്വര്യത്തിന്റെ, ആരോഗ്യത്തിന്റെ സംരക്ഷകയായ അമ്മ. മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി ഭാവങ്ങൾ സമന്വയിച്ച് ഏകഭാവത്തിലാണ് അമ്മ അനുഗ്രഹിക്കുന്നത്. മഹാകാളിയായി ആരോഗ്യവും മഹാലക്ഷ്മിയായി സമ്പദ്‌സമൃദ്ധിയും മഹാസരസ്വതിയായി ജ്ഞാനവും മൂകാംബികാദേവി പകർന്നു നൽകുന്നു. നിത്യവും രണ്ടുനേരം ഇവിടെ അന്നദാനമുണ്ട്. സാധാരണ എണ്ണായിരം വരെ ആളുകളാണ് അന്നദാനത്തിൽ പങ്കെടുക്കുക. ഉത്സവ കാലത്ത് ഇത് ഇരുപതിനായിരത്തിൽ പുറത്താണ് പതിവ്. മൂകാംബികാ ക്ഷേത്രവും ശങ്കരാചാര്യരും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. പല പൂജകളുടെ പേരിൽ ഭക്തരെ കബളിപ്പിക്കുന്നവർ ക്ഷേത്രപരിസരത്തുണ്ട്. അവരുടെ കെണികളിൽ ഭക്തർ പെട്ടുപോകരുത്. ക്ഷേത്രത്തിലെ പല പൂജകളും പ്രസാദങ്ങളും പുറത്ത് നടത്താം എന്ന് പറഞ്ഞാണ് ഭക്തരെ സ്വാധീനിക്കുന്നത്. എന്നാൽ ക്ഷേത്രത്തിലെ ഒരു പ്രസാദവും പുറത്ത് ലഭിക്കില്ല; ഒരു ഹോമവും പുറത്ത് നടത്തില്ല. ഇടനിലക്കാരുടെ സഹായമില്ലാതെ തൊഴാനും പൂജ നടത്താനുമെല്ലാമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. ചുറ്റമ്പലത്തിൽ പ്രസാദവിതരണം ചെയ്യാൻ അഞ്ച് കൗണ്ടറുകളുണ്ട്. വഴിപാടുകൾക്കും താമസത്തിനും ഓൺലൈൻ സംവിധാനവും ഉപയോഗിക്കാം.

ശരീരശുദ്ധി, മനഃശുദ്ധി, ആഹാരശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നിവയെല്ലാം ഏറെ പ്രധാനമാണ്. നിർമ്മലമായ ആത്മീയശുദ്ധിയോടെ എന്തും അമ്മയ്ക്കു മുന്നിൽ നമുക്ക് ഇറക്കിവയ്ക്കാം. അത് നമ്മെ സമാശ്വസിപ്പിക്കുകതന്നെ ചെയ്യും. കാത്തരുളുകതന്നെ ചെയ്യും. കേരളത്തിൽനിന്നുള്ള തീർത്ഥാടകർക്ക് മംഗളൂരു വഴി ‌കൊല്ലൂരിലെത്താം. കേരളത്തിൽ നിന്നും ധാരാളം ട്രെയിനുകൾ ഉണ്ട്. കൊങ്കൺ റെയിൽവേ റൂട്ടിൽ ബൈന്ദൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങണം. ബൈന്ദൂർ ഇപ്പോൾ മൂകാംബികാറോഡ് റെയിൽവേ സ്‌റ്റേഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബൈന്ദൂരിനു പുറമെ കുന്താപുരവഴിയും കൊല്ലൂരിലെത്താം. ബൈന്ദൂർ റെയിൽവേ സ്‌റ്റേഷനടുത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്. ഇവിടെ നിന്നും മൂകാംബികാ ക്ഷേത്രത്തിലേക്ക് ബസ് ലഭിക്കും. കൂടാതെ ബൈന്ദൂർ സ്‌റ്റേഷനടുത്തു നിന്ന് ടാക്‌സി ഏതു സമയത്തും ലഭ്യമാണ്. കേരളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി. ക്ഷേത്രത്തിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്നുമുണ്ട്. മൂകാംബികാ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ലളിതാംബിക, ജഗദംബിക എന്നീ ഗസ്റ്റ് ഹൗസുകളും ഡോർമിറ്ററി സൗകര്യവുമുണ്ട്. പുറമെ നിരവധി സ്വകാര്യ ടൂറിസ്റ്റ് ഹോമുകളും ക്ഷേത്രപരിസരത്തുണ്ട്. കൂടാതെ ക്ഷേത്രപൂജാരിമാരായ അഡിഗമാരുടെ വീടുകളിലും ആശ്രമങ്ങളിലും താമസസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും. ശ്രീമൂകാംബികാക്ഷേത്രം: 08254 258521, 258221, 258328

പ്രദീപ് ഉഷസ്‌ ,

+91 8848291057

Story Summary: Maha Rathotsava:
The Annual Car Festival of Kollur Sri Mookambika Temple,

kollurmookambika.org
Email:eosmtkollur@gmail.com

error: Content is protected !!