Thursday, 21 Nov 2024
AstroG.in

മൂകാംബിക തന്നെ ചോറ്റാനിക്കര ദേവിയും; എന്നും ദേവിക്കിവിടെ രണ്ട് അഭിഷേകം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കുംഭത്തിലെ മകം തൊഴലിലൂടെ വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ക് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആചാരമുണ്ട്. ദേവിക്ക് എന്നും ഇവിടെ 2 തവണ അഭിഷേകമുണ്ട്. രാവിലെ പതിവ് അഭിഷേകം നടക്കും. മലർനിവേദ്യം കഴിഞ്ഞ് വീണ്ടും അഭിഷേകം നടക്കും. ഈ ആചാരത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ:

പണ്ട് വെട്ടിക്കാട്ടിരി എന്ന ഇല്ലത്തെ ഗുപ്തൻ നമ്പൂതിരി തൃപ്പക്കോടത്ത് ക്ഷേത്രത്തിൽ കഥകളി കാണുന്നതിന് രാത്രിയിൽ യാത്ര തിരിച്ചു. വഴിവച്ച് ഒരു യക്ഷി വേഷം മാറി ഒരു സുന്ദരിയായി നമ്പൂതിരിയോടൊപ്പം കൂടി. കാണാതായ ഭർത്താവിനെ തേടി കഥകളി നടക്കുന്ന സ്ഥലത്തേക്ക് പോകുകയാണ് താനെന്ന് സുന്ദരി നമ്പൂതിരിയോട് പറഞ്ഞു. യാത്രമധ്യേ കയ്യിലുള്ള ദേവീ മാഹാത്മ്യം ഗ്രന്ഥം ഗുരുനാഥനെ ഏൽപ്പിക്കുവാനായി ഗുപ്തൻ നമ്പൂതിരി കോശാപ്പിള്ളി മനയിൽ കയറി. ആ ഗ്രന്ഥം ഏൽപ്പിച്ചപ്പോൾ കൂടെ വന്നത് ഒരു മനുഷ്യസ്ത്രീ അല്ലെന്നും രക്തദാഹിയായ ഒരു യക്ഷിയാണെന്നും ദേവീ മാഹാത്മ്യം ഗ്രന്ഥം കയ്യിലുണ്ടായിരുന്നതിനാലാണ് ഇതുവരെ യക്ഷി ഉപദ്രവിക്കാതിരുന്നതെന്നും ഗുരുനാഥൻ ഗുപതൻ നമ്പൂതിരിക്ക് ബോദ്ധ്യമാക്കിക്കൊടുത്തു. പുറത്തിറങ്ങിയ ഗുപ്തൻ ഭീകരരൂപിണിയായ യക്ഷിയെ കണ്ട് ഭയന്നു. ഗുരുനാഥൻ ജപിച്ച് കൊടുത്ത പന്ത്രണ്ട് കല്ലുകളുമായി നമ്പൂതിരി തിരിഞ്ഞു നോക്കാതെ ഉടൻ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് ഓടി. യക്ഷി അടുത്ത് എത്തുമ്പോൾ ഓരോ കല്ലുകൾ യക്ഷിക്ക് നേരെ എറിഞ്ഞാൽ മതി എന്നാണ് കോശാപ്പള്ളി പറഞ്ഞത്. അപ്രകാരം ചെയ്തു. കല്ലുകൾ തീർന്നിട്ടും ചോറ്റാനിക്കര എത്തിയില്ല. പരിഭ്രന്തനായ നമ്പൂതിരി അടുത്ത കണ്ട പള്ളിപ്പുറത്ത് മനയിൽ കയറി കുളിച്ച് കൊണ്ടിരുന്ന കാരണവരോട് രക്ഷിക്കണേയെന്ന് യാചിച്ചു. മഹായോഗിയായിരുന്ന അദ്ദേഹം കയ്യിലിരുന്ന തോർത്ത് നമ്പൂതിരിക്ക് നൽകി ചോറ്റാനിക്കരയിലേക്ക് പറഞ്ഞയച്ചു. തപസ്വിയായ പള്ളിപ്പുറത്തിന്റെ തോർത്ത് കയ്യിലുണ്ടായിരുന്നതു കൊണ്ട് യക്ഷിക്ക് നമ്പൂതിരിയെ ഉപദ്രവിക്കാൻ സാധിച്ചില്ല. നമ്പൂതിരി ചോറ്റാനിക്കരയിൽ എത്തിയതും പള്ളിപ്പുറത്ത് നമ്പൂതിരി പറഞ്ഞത് പ്രകാരം വിഴുപ്പ് തോർത്ത് പുറത്ത് കളഞ്ഞ് ക്ഷേത്രത്തിനകത്ത് കയറാൻ തുടങ്ങി. ഈ അവസരം നോക്കി യക്ഷി നമ്പൂതിരിയുടെ കാലിൽ പിടിച്ചു. ഒരു കാൽ മതിലകത്തും ഒരു കാൽ യക്ഷിയുടെ കയ്യിലുമായി നമ്പൂതിരി ദേവിയെ വിളിച്ച് കരഞ്ഞു.

ശ്രീകോവിലിൽ നിന്നും ഭക്തവത്സലയായ ദേവി വാളുമായി പാഞ്ഞെത്തി യക്ഷിയെ വധിച്ചു. അല്പസമയം കഴിഞ്ഞ് ശ്രീകോവിലിൽ ചെന്ന ശാന്തിക്കാരൻ ദേവിയുടെ ഉടയാടയിൽ രക്തം കണ്ട് ഭയന്നു. അപ്പോൾ ഉടയാട മാറ്റി വീണ്ടും അഭിഷേകം ചെയ്ത് പൂജ തുടർന്ന് കൊള്ളൂ എന്ന് ഒരു അശരീരി കേട്ടു. അങ്ങനെയാണ് ഇവിടെ രണ്ടു പ്രാവശ്യം അഭിഷേകം ഉണ്ടായത്. യക്ഷി വധത്തെ അനുസ്മരിച്ച് ഇന്നും ചടങ്ങ് തുടർന്നു വരുന്നു.

കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രത്തിന് ഉത്സവം സമാപിക്കുന്ന സന്നിധിയാണ് ചോറ്റാനിക്കര ക്ഷേത്രം. ഉത്സവത്തിന്റെ ഒരോ ദിവസവും ആറാട്ട് നടക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഫെബ്രുവരി 18 മുതൽ 27 വരെയുള്ള ഉത്സവത്തിന്റെ ഏഴിനാണ് മകം തൊഴൽ. 2024 ഫെബ്രുവരി 24, ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ മകം ദർശനം ഉണ്ട്.
ഈ ദിവസമാണ് വില്വമംഗലം സ്വാമി ക്ഷേത്രത്തിൽ എത്തിയതെന്നും ചോറ്റാനിക്കര അമ്മ വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിച്ചതെന്നും വിശ്വസിക്കുന്നു. ആ സങ്കല്പത്തിലാണ് മകം തൊഴൽ ആഘോഷിക്കുന്നത്. സരസ്വതിദേവിയുടെ സാന്നിദ്ധ്യമാണ് ചോറ്റാനിക്കര ക്ഷേത്രത്തിൻ്റെ മറ്റൊരു പെരുമ. മൂകാംബികയിലെ കുടജാദ്രിയിൽ തപസ്‌ ചെയ്ത് ശങ്കരാചാര്യ സ്വാമികൾ സരസ്വതിദേവിയെ പ്രത്യക്ഷപ്പെടുത്തിയപ്പോൾ സ്വാമികൾക്കൊപ്പം സരസ്വതി ദേവിയും ഇവിടേക്ക് വരാമെന്ന് സമ്മതിച്ചു. എന്നാൽ യാത്രയ്ക്കിടയിൽ ഒരിക്കലും തിരിഞ്ഞുനോക്കരുത് എന്ന നിബന്ധന ദേവി വച്ചു. അപ്രകാരം യാത്ര ചെയ്ത് ചോറ്റാനിക്കരയിൽ എത്തിയപ്പോൾ ദേവിക്ക് ഈ പുണ്യപ്രദേശം വളരെ ഇഷ്ടപ്പെട്ടു. പിന്നാലെ വന്നു കൊണ്ടിരുന്ന ദേവിയുടെ ചിലങ്കശബ്ദം കേൾക്കാതെയായപ്പോൾ വാക്ക് മറന്ന് ശങ്കരാചാര്യർ തിരിഞ്ഞു നോക്കി. വ്യവസ്ഥപ്രകാരം ദേവി ചോറ്റാനിക്കരയിൽ വാസം ഉറപ്പിച്ചു.

അങ്ങനെ സാക്ഷാൽ മൂകാംബികയിലെ സരസ്വതി ചോറ്റാനിക്കരയമ്മയിൽ ലയിച്ചതായി വിശ്വസിക്കുന്നു. എന്നാൽ രാവിലെ മൂകാംബികാ ഭഗവതി ശിവേലിവരെ സരസ്വതിയായി ഇവിടെ കുടിക്കൊള്ളുന്നു. അത് കഴിഞ്ഞ് മൂകാംബികയിൽ പോകുന്നു എന്ന് വിശ്വാസം. തന്മൂലം ചോറ്റാനിക്കര ദർശനം മൂകാംബിക ക്ഷേത്ര ദർശനം പോലെ പ്രാധാന്യമുള്ളതായി കരുതുന്നു. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ എല്ലാ പൂജകർമ്മങ്ങളും ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയതാണ് എന്ന് പറയപ്പെടുന്നു.

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
    +91 094-470-20655

Story Summary: Chottanikkara Bhagavathy Temple

Copyright 2024 Neramonline.com. All rights reserved


error: Content is protected !!