മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പ് ; 15 ദേവതകളുടെ മൂലമന്ത്രവും ഫലവും
ഒരു ദേവനേയോ, ദേവിയെയോ സംബന്ധിച്ച ഏറ്റവും പ്രധാന മന്ത്രമാണ് മൂലമന്ത്രം. ഉപാസന സ്വീകരിക്കുന്ന വേളയിൽ ഗുരു ശിഷ്യന് പകർന്ന് നൽകുന്നത് ഇതാണ്. താന്ത്രികക്രിയകളിലും പൂജാകർമ്മത്തിലും എല്ലാം ഏറ്റവും പ്രധാനമാണ് മൂലമന്ത്രം. പൂജാവേളയിൽ നാം ധ്യാനിക്കുന്ന മൂർത്തിയുടെ പ്രത്യക്ഷരരൂപമാണിത്. ക്ഷേത്രങ്ങളിൽ തന്ത്രി മേൽശാന്തിക്ക് ഈ മൂലമന്ത്രം ഉപദേശിച്ചു കൊടുക്കുന്നതിൽ നിന്ന് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും:
ഗണപതി
ഓം ഗം ഗണപതയേ നമഃ
എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.
ശ്രീകൃഷ്ണൻ
ഓം ക്ലീം കൃഷ്ണായ നമഃ
കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും.
ശ്രീ മഹാദേവൻ
ഓം നമഃ ശിവായ
പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
ശ്രീ മഹാവിഷ്ണു
ഓം നമോ നാരായണായ നമഃ
കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും.
ശ്രീ അയ്യപ്പൻ
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ഭാഗ്യപുഷ്ടി, ദുരിതശാന്തി, തൊഴിൽ ക്ലേശങ്ങളിൽ നിന്നുള്ള മോചനം, ശനി ദോഷങ്ങൾ കാരണമുള്ള മംഗല്യ ദോഷപരിഹാരം എന്നിവയ്ക്ക് അയ്യപ്പ മൂലമന്ത്ര ജപം നല്ലതാണ്. കലിയുഗ ദോഷങ്ങളെല്ലാം തീർക്കുന്ന സ്വാമി അയ്യപ്പനെ ഈ മന്ത്രത്താൽ ഒരു മണ്ഡല കാലം, 41 ദിവസം തുടർച്ചയായി 108 തവണ ജപിച്ചാൽ ഫലം ലഭിക്കും.
ശ്രീരാമൻ
ഓം രാം രാമായ നമഃ
ദു:ശീലങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ല മന്ത്രജപം ഇതാണ്. ഭക്തിപൂർവ്വ മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രനെ ഉപാസിച്ചാൽ ജീവിതത്തിന് അടുക്കും ചിട്ടയും കൈവരും. ധർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കും. 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ ഫലം കണ്ടു തുടങ്ങും.
ശ്രീമുരുകൻ
ഓം വചത്ഭുവേ നമഃ
ധൈര്യവും വീര്യവും പാണ്ഡിത്യവും വർദ്ധിപ്പിക്കും ശ്രീമുരുക മൂലമന്ത്ര ജപം. പ്രണയത്തിലും ദാമ്പത്യത്തിലും സൗഖ്യം അനുഭവിക്കും. ജീവിത വിജയം കരസ്ഥമാക്കും. ചൊവ്വാദോഷ പരിഹാരത്തിന് അത്യുത്തമവുമാണ് ഇത്. 108 തവണ വീതം 41 ദിവസം തുടർച്ചയായി ജപിക്കണം.
ശ്രീ സ്വരസ്വതി
ഓം സം സരസ്വത്യൈ നമഃ
അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം
ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും.
ശ്രീപാർവ്വതി
ഓം ഹ്രീം ഉമായൈ നമഃ
ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർ ച്ചയായി 108 തവണ വീതം ജപിച്ചാൽ
കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്.
ശ്രീ മഹാലക്ഷ്മി
ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.
ശ്രീ നരസിംഹമൂർത്തി
ഔം ക്ഷ്രൗ നമഃ
ശത്രു ദോഷ പരിഹാരത്തിൽ നരസിംഹ മൂർത്തിയെ പോലെ ഇത്ര മേൽ ശക്തിയുള്ള മറ്റൊരു ദേവനില്ല. നമ്മൾ അനുഭവിക്കുന്ന മിക്ക ദുരിതങ്ങൾക്കും പിന്നിൽ ഒളിഞ്ഞോ തെളിഞ്ഞോ ഒരു എതിരാളി കാണും. ഈ ശത്രു ദോഷങ്ങളും ബാധകളും ദൃഷ്ടിദോഷങ്ങളും പരിഹരിക്കുന്നതിന് നരസിംഹ മൂർത്തിയുടെ മൂല മന്ത്രജപം സഹായിക്കും. തുടർച്ചയായി 21 ദിവസം 108 തവണ വീതം ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
ശ്രീ ഹനുമാൻ
ഓം ഹം ഹനുമതേ നമഃ
സർവ്വകാര്യ വിജയമാണ് ഹനുമാൻ മൂലമന്ത്ര ജപ
ഫലം. എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും. എന്തു കാര്യവും ഹനുമാന്റെ മൂല മന്ത്രം ജപിച്ച് ആരംഭിച്ചു നോക്കൂ, തീർച്ചയായും അതിൽ വിജയം വരിക്കും. ഭക്തരുടെ അനുഭവമാണിത്.
തുടർച്ചയായി 41 ദിവസം 108 തവണ ജപിക്കണം.
ശ്രീ ഭദ്രകാളി
ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
എപ്പോൾ വിളിച്ചാലും കാത്തരുളുന്ന ദേവിയാണ് ഭദ്രകാളി. വെറുതെ അമ്മേ എന്ന് മനം നൊന്ത് വിളിച്ചാൽ മക്കളെ എന്ന പോലെ അമ്മ രക്ഷിക്കും. ചൊവ്വാ ദോഷപരിഹാരത്തിനും ഭദ്രകാളിയുടെ മൂല മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും.
ശ്രീ ദുർഗ്ഗ
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
ദുർഗതി നാശിനിയാണ് ദുർഗ്ഗാ ഭഗവതി. ആപത്തുകൾ അകറ്റി വാത്സല്യപൂർവ്വം ഭക്തരെ കാത്തു രക്ഷിക്കുന്ന ശക്തി സ്വരൂപിണിയെ മൂലം മന്ത്രം കൊണ്ട് ഉപാസിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല.ചന്ദ്രഗ്രഹ ദോഷപരിഹാരത്തിനും
ദുർഗ്ഗാഭജനം ഉത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ ജപിക്കുക.
ശ്രീ നാഗരാജാവ്
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ സ്വാഹാ
നാഗദേവതകളെ ഭജിച്ചാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും.
മാതാപിതാക്കൾക്ക് മക്കളുടെ ക്ഷേമത്തിന് ജപിക്കാൻ
ഉത്തമാണ് നാഗരാജ മൂലമന്ത്രം. 108 തവണ വീതം രാവിലെ മാത്രം ഇത് ജപിക്കണം. നാഗശാപം മാറി ഇഷ്ട സന്താനലബ്ധിക്കും ഈ മന്ത്രജപം നല്ലതാണ്.
Story Summary: Importance of Moola Mantra Japam and Its Benefits