മേടപ്പത്തും വിദ്യാരംഭത്തിന് നല്ലത്
തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം ഭക്തിയും വിദ്യയും ശക്തമാകും. ഈ സദ്ഗുണങ്ങൾ ഇല്ലെങ്കിൽ ശത്രുസംഹാര ശേഷിയും ധനസമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമാണ്. വിജയദശമി ദിവസം രാവിലെ വിഘ്നേശ്വരനായ ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും, ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്. ഈ ദേവതകളെ പൂജിച്ച ശേഷം വിദ്യാരംഭം നടത്തണം.
വിജയദശമിക്കല്ലാതെയും ആദ്യാക്ഷരം കുറിക്കാം.
ശുഭമുഹൂർത്തമുള്ള ഏതു ദിവസവും എഴുത്തിനിരുത്താം. വിജയദശമി നല്ലതാണെന്നു മാത്രം. മിക്ക ആളുകളും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്. മൂന്നു വയസ്സായാലേ എഴുത്തിനിരുത്താവൂ. കന്നിമാസത്തിലോ തുലാത്തിലോ ആണ് സാധാരണ വിജയദശമി വരുന്നത്.
ഒരു ജാതകം പരിശോധിക്കുമ്പോൾ ആദിത്യനും വ്യാഴനും ചന്ദ്രനും ബുധനും നല്ല സ്ഥാനത്താണെങ്കിലേ നല്ല വിദ്യാഭ്യാസമുണ്ടാകൂ. അതുപോലെ വിദ്യാരംഭ മുഹൂർത്തത്തിലും ഗ്രഹങ്ങൾ നല്ല സ്ഥാനത്തായിരിക്കണം. അതിനാൽ മേടത്തിൽ ആദിത്യൻ ഉച്ചനായി വരുന്ന പത്താമുദയ ദിവസവും നല്ലതാണ്.
മുഹൂർത്തമനുസരിച്ച് അപ്പോഴും വിദ്യാരംഭം കുറിക്കാം. ഒരു ജാതകത്തിന്റെ 4, 11, 12 ഭാവങ്ങളെക്കൊണ്ടു വിദ്യാഭ്യാസ പുരോഗതിയും വസ്തു, ഗൃഹലാഭവും ചിന്തിക്കണം. 4, 9, 11 വിദ്യാഭ്യാസവും താമസസ്ഥലമാറ്റവും ചിന്തിക്കാം. 3, 8, 5 ഭാവങ്ങളെക്കൊണ്ട് വിദ്യാഭ്യാസം മതിയാക്കുന്നതും ചിന്തിക്കേണ്ടതാണ്.
ആരാണ് ആദ്യാക്ഷരം കുറിപ്പിക്കേണ്ടത്. അക്ഷരബന്ധവും ആത്മീയ ശുദ്ധിയുമുള്ള
മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ, ആചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമ്മികമായും ജീവിക്കുന്ന യോഗ്യരായവർ തുടങ്ങിയവരെക്കൊണ്ട് എഴുത്തിന് ഇരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. ആരായാലും കൈരാശി ഉള്ളവരെക്കൊണ്ടു മാത്രമേ വിദ്യാരംഭം കുറിക്കാവൂ.
ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. അതിനാൽ ഉത്തമ വ്യക്തികളെക്കൊണ്ടു മാത്രമേ തുടങ്ങിക്കാവൂ. കൈ പിടിച്ച് എഴുതിക്കണം; നാവിൽ സ്വർണം കൊണ്ട് എഴുതണം. ചെവിയിൽ മന്ത്രം ചൊല്ലിക്കൊടുക്കണം.
– വേണു മഹാദേവ്
+ 91 9847475559