മോഹങ്ങൾ സഫലമാക്കും മോഹിനി ഏകാദശി
എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുന്ന മോഹിനി ഏകാദശി വൈശാഖ മാസത്തിലെ , മേടം – ഇടവത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്. ഭഗവാന്‍ ശ്രീ നാരായണൻ പാലാഴി മഥനത്തിൽ മോഹിനീ രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാൽ മോഹിനി ഏകാദശിയായി. 2020 മേയ് 4 തിങ്കളാഴ്ചയാണ് ഇത്തവണ മോഹിനി ഏകാദശി. സന്തോഷം, സമൃദ്ധി, മോഹസാഫല്യം, പാപമോചനം എന്നിവയ്ക്കും ഈശ്വരകൃപയ്ക്കുംമോഹിനി ഏകാദശി നാളിൽ മന:ശുദ്ധിയോടെ വ്രതശുദ്ധിയോടെ വിഷ്ണു ഭഗവാനെ ഉപാസിക്കണം.
എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠം ഏകാദശിവ്രതം എന്നാണ് വിഷ്ണുഭക്തരുടെ പ്രമാണം. ഇഹലോക സുഖവും പരലോക സുഖവും തരുന്ന വ്രതമാണിത്. മുരൻ എന്ന അസുര നിഗ്രഹത്തിന്വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശിയായത്. ദേവി ആവിർഭവിച്ച ദിവസം ഏകാദശിയായതിനാൽ ആ പേരു സ്വീകരിച്ചു. മുരനെ നിഗ്രഹിച്ചതിന് വരം ചോദിച്ച
ദേവിക്ക് വിഷ്ണു ഭഗവാനാണ് ആ തിഥി വരുന്ന ദിനങ്ങളിൽ സ്വന്തം പേരിൽ ഏകാദശിവ്രതം അനുവദിച്ചത്. മുരനെ വധിച്ചതിനാലാണ് ഭഗവാൻ മുരാരി എന്ന് അറിയപ്പെടുന്നത്.
ചാന്ദ്രമാസത്തിലെ ഇരുപക്ഷങ്ങളിലെയും പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുപക്ഷത്തിലേത് ശുക്ലപക്ഷ ഏകാദശി; ഗൃഹസ്ഥർ വെളുപക്ഷ ഏകാദശി നോൽക്കുന്നത് ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശി. ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 എണ്ണവും ആകാം. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഏകാദശിയിലാണെന്ന് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി, ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷം ഏകാദശി. ധനു, മകരം, മീനം, മേടം മാസങ്ങളിൽ ഒരു മാസം വേണം തുടർച്ചയായുള്ള ഏകാദശിവ്രതം തുടങ്ങാൻ .
ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നും ഭക്ഷിക്കാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. ഈ സമയത്ത് മഹാവിഷ്ണുവിന്റെ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധിയേകും. മേയ് 4 രാത്രി 12.57 മുതൽ രാവിലെ 11.23 വരെഹരിവാസരസമയമാണ്.
ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിവ്രതത്തിന് പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുണ്ടാക്കിയ ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലം എന്നിവ കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. അതിന് കഴിയാത്തവർ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. അടുത്ത ദിവസംതുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. ഈ ദിവസം വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. കഴിയുന്നത്ര തവണ ഓം നമോ നാരായണായ നമ: ജപിക്കണം.വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. ഇത്തവണ അതിന് കഴിയാത്തതു കൊണ്ട് വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.
മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് സുകൃതകരമാണ്. വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതമെടുക്കുന്നത് വളരെ നല്ലതാണ്
ഭദ്രാവതിയിലെ രാജാവായ ദ്യുതിമാൻ വഴിതെറ്റി ജീവിച്ച തന്റെ ഇളയ മകൻ ധൃഷ്ടബുദ്ധിയെ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്ത് വനത്തിൽ ഉപേക്ഷിച്ചെന്നും അവിടെ വച്ച് അവൻ പശ്ചാത്താപ വിവശനായി കൗണ്ഡിന്യമുനിയുടെ ഉപദേശപ്രകാരം മോഹിനീവ്രതമെടുത്ത് പാപമോചനം നേടി അച്ഛന്റെ അടുത്തെത്തി ഇഹ ലോക സുഖങ്ങൾ അനുഭവിച്ച ശേഷം വിഷ്ണു പദം പ്രാപിച്ചു എന്ന് കൂർമ്മപുരാണത്തിൽ ഒരു ഐതിഹ്യമുണ്ട്.
– വേണു മഹാദേവ്,+91 9847475559