മോഹിനി ഏകാദശി വ്യാഴാഴ്ച; നോറ്റാൽ സന്തോഷം, സമൃദ്ധി, മോഹസാഫല്യം
ജ്യോതിഷരത്നം വേണു മഹാദേവ്
വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശി ഭക്തരെ സകല പാപങ്ങളിൽ നിന്നും കരകയറ്റും. പാലാഴി മഥന വേളയിൽ മഹാവിഷ്ണു മോഹിനീ രൂപമെടുത്തത് ഈ ദിനത്തിലായതിനാൽ ഇത് മോഹിനി ഏകാദശിയായി. മേയ് 12 വ്യാഴാഴ്ചയാണ് ഇത്തവണ മോഹിനി ഏകാദശി. വിഷ്ണു പ്രീതിക്ക് ഏറെ വിശേഷപ്പെട്ട വ്യാഴാഴ്ച വരുന്നതിനാൽ ഈ ഏകാദശി നോറ്റാൽ അതി വേഗം ഫലസിദ്ധി ലഭിക്കും. സന്തോഷം, സമൃദ്ധി, മോഹസാഫല്യം, പാപമോചനം എന്നിവയ്ക്കും ഈശ്വരകൃപയ്ക്കും മോഹിനി ഏകാദശി നാളിൽ മന:ശുദ്ധിയോടെ വ്രതശുദ്ധിയോടെ വിഷ്ണു ഭഗവാനെ ഉപാസിക്കണം.
വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി എന്ന് വിഷ്ണു ഭക്തർ വിശ്വസിക്കുന്നു. ഇഹ ലോക സുഖവും പരലോക സുഖവും തരുന്ന വ്രതമാണിത്. ചാന്ദ്ര മാസത്തിലെ 2 പക്ഷങ്ങളിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. ഓരോ അമാവസിയും പൗർണ്ണമിയും കഴിഞ്ഞ് ഇത് വരും. വെളുപക്ഷത്തിലെ ശുക്ലപക്ഷ ഏകാദശി ഗൃഹസ്ഥർ നോൽക്കുന്നത് ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശിയാണ്. ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 എണ്ണവും ആകാം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി, ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷം ഏകാദശി. തുടർച്ചയായി ഏകാദശിവ്രതം അനുഷ്ഠിച്ച് തുടങ്ങാൻ ആഗ്രഹിക്കുന്നവർ മേടം, ധനു, മകരം, മീനം, മാസങ്ങളിൽ ഒരു മാസം തിരഞ്ഞെടുക്കണം. മേടം, കർക്കടകം രാശിക്കാരായ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതമെടുക്കുന്നത് വളരെ നല്ലതാണ്.
ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും വരുന്ന ഹരിവാസരമാണ് ഏകാദശി അനുഷ്ഠാനത്തിലെ സുപ്രധാന വേള. ഈ സമയത്ത് ഒന്നും ഭക്ഷിക്കാതെ വിഷ്ണു ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യം ഭൂമിയിൽ ഈ സമയത്ത് വളരെ കൂടുതൽ അനുഭവപ്പെടും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനത്തിന് പരിപൂര്‍ണ്ണ ഫലസിദ്ധിയാണ് ആചാര്യന്മാർ വിധിച്ചിരിക്കുന്നത്. മേയ് 12 പകൽ 12: 56 മുതൽ രാത്രി 12:25 വരെ ഹരിവാസരസമയമാണ്.
ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിക്ക് പ്രധാനമാണ്. ഈ ദിനങ്ങളില്‍ ഒരു നേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് പഴങ്ങളും ഫലവർഗ്ഗങ്ങളും ഗോതമ്പിലുണ്ടാക്കിയ ലളിതാഹാരവും കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ചും വ്രതമെടുക്കാം. അതിന് കഴിയാത്തവർ ലളിതാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. ദ്വാദശി ദിവസം രാവിലെ തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. വ്രത ദിവസങ്ങളിൽ വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. ഓം നമോ നാരായണായ നമ: കഴിയുന്നത്ര തവണ ജപിക്കണം.വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. അല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കണം. പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.
ജ്യോതിഷ രത്നം വേണു മഹാദേവ്,
+91 9847475559
Story Summary: Significance of Mohini Ekadashi of Vishakha Masam