Monday, 7 Oct 2024
AstroG.in

യുവതികൾക്കും കയറാവുന്ന 18 പടികളുള്ള പുത്തൻ ശബരിമല

ശബരിമല കഴിഞ്ഞാല്‍ 18 പടികളുള്ള ഒരു അയ്യപ്പക്ഷേത്രം കൂടി  പത്തനംതിട്ടയിലുണ്ട്.  പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഐതിഹാസികമായ ചിരിത്രം വിളിച്ചോതുന്നു ‘പുത്തന്‍ ശബരിമല’ എന്ന് അറിയപ്പെടുന്ന ആ ക്ഷേത്രം റാന്നിക്കടുത്ത് അയിരൂരിലാണ് ഇത്.

മണികണ്ഠന്‍ പുലിപ്പാല്‍ അന്വേഷിച്ച് എത്തുകയും പരമശിവന്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത വനപ്രദേശമായിരുന്ന ഇവിടം പിന്നീട് പുത്തന്‍ ശബരിമല എന്നറിയപ്പെടുകയായിരുന്നു.
ശബരിമലയിലെ എല്ലാ ആചാര അനുഷ്ഠാനങ്ങളും അതേപടി പിന്‍തുടരുന്ന ക്ഷേത്രമാണ് ഇത്.  എന്നാല്‍ ഏത്  പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇവിടെ വിലക്കില്ല എന്നതാണ് പ്രത്യേകത. എന്നാൽ  ഒരു കാര്യത്തിൽ  നിബന്ധനയുണ്ട്. പതിനെട്ടാംപടി ചവിട്ടിയാണ് ക്ഷേത്ര ദർശനം നടത്തേണ്ടതെങ്കിൽ യഥാർഥ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ഇവിടെയും പാലിക്കണം.  പിടകൾ ചവിട്ടികയറണെങ്കിൽ ശബരിമലയിലേതുപോലെ തന്നെ 41 ദിവസത്തെ വ്രതവും ഇരുമുടിക്കെട്ടും നിർബന്ധം തന്നെയാണ്.
ശബരിമല ക്ഷേത്രത്തോട് സാദൃശ്യം പുലര്‍ത്തുന്ന പുത്തന്‍ ശബരിമല ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം.  41 ദിവസം വ്രതം നോക്കി ഇരുമുടികെട്ടുമേന്തി പതിനെട്ടാംപടി കയറി എത്തുമ്പോള്‍ പുത്തന്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനം ലഭിക്കും.

യഥാര്‍ത്ഥ ശബരിമലയിലെപോലെ തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്.  കൂടാതെ പതിനെട്ട് പടികളും അതെ അളവിലും വീതിയിലും തന്നെ നിര്‍മ്മിച്ചിരിക്കുന്നു.  മാളികപ്പുറത്തമ്മയും വാവരു സ്വാമിയും കറുപ്പായി അമ്മയും, വലിയ കടുത്തസ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തന്‍ ശബരിമലയില്‍ ചൈതന്യം ചൊരിഞ്ഞ് അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.  കന്നി രാശിയില്‍ ഗണപതിയും, കുംഭരാശിയില്‍ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാര്‍ത്ഥ ശബരിമലപോലെ തന്നെയാണ് ഇവിടെയുള്ളത്.

കൃഷ്ണശിലയിൽ നിര്‍മ്മിച്ച 18 പടികള്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.  ആനയുടെയും പുലിയുടെയും കല്ലില്‍ കൊത്തിയ രൂപങ്ങളും പടികളില്‍ ഏറ്റവും താഴെയായി കാണാം. 
പുലിപ്പാല്‍ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്ന്യാസിമാര്‍ അദ്ദേഹത്തിന്റെ പാദുകങ്ങള്‍ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണ് വിശ്വാസം.

പിന്നീട് ക്ഷേത്രം നിര്‍മ്മിക്കുകയും ആരാധന  തുടരുകയുമായിരുന്നു.  ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കി പണിത് പുനഃപ്രതിഷ്ഠ നടത്തി.  കൂടുതൽ ആളുകൾ പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ ക്ഷയിച്ചു.  പിന്നീട് 1940 കളിലാണ് ക്ഷേത്ര നവീകരണം നടന്നത്.  കാടു പിടിച്ച് കിടന്ന ക്ഷേത്രവും പരിസരവും വെട്ടി തെളിച്ച് എടുത്തു. 
1999-ലായിരുന്നു ഇവിടെ പുനഃപ്രതിഷ്ഠ നടന്നത്.  നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതം നോക്കാന്‍ കഴിയാത്തവര്‍ക്കും ഋതുമതികളായ സ്ത്രീകള്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.  പതിനെട്ടാംപടി ചവിട്ടാതെയാണ് ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെ ഇവര്‍ പ്രവേശിക്കേണ്ടതും, അയ്യപ്പസ്വാമിയെ തൊഴേണ്ടതും.

ശബരിമലയിലെ പോലെ മകരവിളക്കിന് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം.  മകരവിളക്കിന് അവസാനിക്കുന്ന വിധത്തിൽ 10 ദിവസമാണ് ഉത്സവം. അപ്പവും അരവണയുമാണ് ഇവിടെ പ്രസാദം.  നെയ്യഭിഷേകം തന്നെയാണ് പ്രധാന വഴിപാട്.  തിരുവല്ലയില്‍ നിന്ന് 21 കിലോമീറ്ററും, റാന്നിയില്‍ നിന്ന് 10 കിലോമീറ്ററും സഞ്ചരിച്ചാല്‍ അയ്യപ്പസ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന പുത്തന്‍ ശബരിമല ക്ഷേത്രത്തില്‍ എത്തിച്ചേരാം.

– പി.കെ. സുനില്‍കുമാര്‍, 
+919447359322

error: Content is protected !!