യോനിപ്പൊരുത്തം ഉണ്ടെങ്കിൽ സുഖം, തൃപ്തി, അഭിവൃദ്ധി
കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോനിപ്പൊരുത്തം.
നക്ഷത്രങ്ങളെ സ്ത്രീയോനീ നക്ഷത്രങ്ങളെന്നും പുരുഷയോനി നക്ഷത്രങ്ങളെന്നും തിരിച്ചിട്ടുണ്ട്. സ്ത്രീ, സ്ത്രീയോനി നക്ഷത്രത്തിലും പുരുഷൻ പുരുഷ യോനി നക്ഷത്രത്തിലുമാണ് ജനിച്ചതെങ്കിൽ യോനിപ്പൊരുത്തം ഉത്തമാകും. . യോനിപ്പൊരുത്തം ഉണ്ടെങ്കിൽ വിധേയത്വവും ലൈംഗിക സംതൃപ്തിയും സുഖാനുഭവങ്ങളും സാമ്പത്തികാഭിവൃദ്ധിയുമാണ് ഫലം രണ്ടുപേരും സ്ത്രീ നക്ഷത്രത്തിലാണ് ജനിക്കുന്നതെങ്കിൽ മദ്ധ്യമമാണ് ഫലം. രണ്ടുപേരും പുരുഷ നക്ഷത്രത്തിലാണെങ്കിൽ ദോഷമാണ്. വിരുദ്ധ യോനികൾ തമ്മിൽ ചേർക്കപ്പെടുന്ന ദാമ്പത്യം കഷ്ടതരമായിരിക്കും.
നക്ഷത്ര വിഭജനം:
പുരുഷ യോനി | സ്ത്രീയോനി |
അശ്വതി | കാർത്തിക |
ഭരണി | രോഹിണി |
പൂയം | മകയിരം |
ആയില്യം | തിരുവാതിര |
മകം | പുണർതം |
ഉത്രം | പൂരം |
ചോതി | അത്തം |
വിശാഖം | ചിത്തിര |
തൃക്കേട്ട | അനിഴം |
മൂലം | അവിട്ടം |
പൂരാടം | ചതയം |
ഉത്രാടം | ഉത്തൃട്ടാതി |
തിരുവോണം | രേവതി |
പൂരൂരുട്ടാതി |
നക്ഷത്രങ്ങളിൽ നപുംസകം എന്നൊരു വിഭാഗം കൂടി ഉണ്ടെന്നും അഭിപ്രായമുണ്ട്. മകയിരം, മൂലം, ചതയം എന്നിവയാണ് അവ. സ്ത്രീ നക്ഷത്രത്തിൽ ജനിച്ച പുരുഷൻ നപുംസക നക്ഷത്രത്തിൽപ്പെട്ട സ്ത്രീയെയും, നപുംസക നക്ഷത്രത്തിൽ ജനിച്ച പുരുഷൻ പുരുഷ യോനിയിലോ നപുംസക യോനിയിലോ പെട്ട സ്ത്രീയെയും വിവാഹം കഴിക്കുന്നത് ശോഭനമല്ല.
ചിലർ മറ്റൊരു വിധത്തിലും യോനിപ്പൊരുത്തം നോക്കാറുണ്ട്. അതനുസരിച്ച് മകരം അവസാന പകുതിയും മീനവും പക്ഷിയോനികളാണ്. കർക്കടകവും വൃശ്ചികവും സർപ്പ യോനികളാണ്. മകരം ആദ്യപകുതി, ചിങ്ങം, മേടം, ഇടവം ഇവ പശുയോനികളും ബാക്കിയുള്ള മിഥുനം, കർക്കടകം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം അവസാനപകുതി, കുംഭം ഇവ നരയോനികളുമാണ്. ഇതനുസരിച്ച് സ്ത്രീപുരുഷന്മാർ ജനിച്ച കൂറുകൾ ഒരേ യോനിയിൽപ്പെട്ടതാകുന്നത് ഉത്തമം. പശുയോനിക്ക് സർപ്പ യോനിയും പക്ഷി യോനിയും ചേരില്ല. മനുഷ്യനും പശുവുമാണെങ്കിൽ മദ്ധ്യമം. മനുഷ്യ യോനിക്ക് പക്ഷി, മൃഗ യോനികൾ ഒരിക്കലും ചേർക്കരുത്.
നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന മൃഗങ്ങളെ കണക്കിലെടുത്തും യോനിപ്പൊരുത്തം കണക്കാക്കപ്പെടുന്നു. ഒരേ മൃഗ യോനിയിൽപ്പെട്ട ചേർച്ചയാണ് ഉത്തമം. ഉദാഹരണത്തിന്–അശ്വതിയും ചതയവും ഒരേ മൃഗത്തെ പ്രതിനിധാനം ചെയ്യുന്നു. അതിനാൽ ഈ നക്ഷത്രങ്ങൾ തമ്മിലുള്ള ചേർച്ച അനുകൂലമാകും. എന്നാൽ ആടും ആനയും തമ്മിലും നരിയും പശുവും തമ്മിലും കുതിരയും എരുമയും തമ്മിലും എലിയും പൂച്ചയും തമ്മിലും എലിയും പാമ്പു തമ്മിലും മാനും നായും തമ്മിലും ചേരില്ല.
നക്ഷത്രം | മൃഗയോനി |
അശ്വതി, ചതയം | കുതിര |
ഭരണി, രേവതി | ആന |
കാർത്തിക, പൂയം | ആട് |
രോഹിണി, മകയിരം | പാമ്പ് |
തിരുവാതിര, മൂലം | നായ് |
പുണർതം, ആയില്യം | പൂച്ച |
മകം, പൂരം | എലി |
ഉത്രം | ഒട്ടകം |
അത്തം, ചോതി | മഹിഷം |
ചിത്തിര | കടുവ |
അനിഴം, തൃക്കേട്ട | മാൻ |
പൂരാടം, തിരുവോണം | കുരങ്ങ് |
വിശാഖം | സിംഹം |
അവിട്ടം | എരുമ |
ഉത്രാടം | കാള |
പൂരൂരുട്ടാതി | മനുഷ്യസ്ത്രീ |
ഉത്തൃട്ടാതി | പശു |