രക്തചാമുണ്ഡി നട തുറന്നാൽ അതിവേഗം ദുരിതമോചനം
അത്ഭുത ഫലസിദ്ധിയേകുന്ന മറ്റെങ്ങുമില്ലാത്ത പ്രത്യേക വഴിപാടുള്ള സന്നിധിയാണ്തിരുവനന്തപുരം കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം. ഇവിടുത്തെ രക്തചാമുണ്ഡി നട തുറന്ന് മനമുരുകി അമ്മയോട് സങ്കടം പറഞ്ഞാൽ ക്ഷിപ്രവേഗത്തിൽ ദു:ഖ പരിഹാരമുണ്ടാകും. ആയിരമോ പതിനായിരമോ അല്ല ലക്ഷക്കണക്കിന് ഭക്തരുടെ അനേക വർഷമായുള്ള പ്രത്യക്ഷ അനുഭവമാണിത്.
നിരന്തരം പ്രാർത്ഥിച്ചിട്ടും അനേകമനേകം വഴിപാടുകൾ നടത്തിയിട്ടും ഫലം ലഭിക്കാത്ത എത്രയെത്ര ഭക്തരാണെന്നോ ഇവിടെയെത്തി നട തുറന്ന് പ്രാർത്ഥിച്ച് അതിവേഗംആഗ്രഹസാഫല്യം നേടുന്നത്.സത്യത്തിനു സാക്ഷിയായ ക്ഷേത്രം എന്ന പെരുമയുള്ള ഈ ദേവീ ക്ഷേത്രത്തിന്റെ ഐശ്വര്യം അനുനിമിഷം അഭിവൃദ്ധിപ്പെടുന്നു എന്നത് തന്നെയാണ് ഈ സന്നിധിയുടെ അതിശക്തമായ ചൈതന്യത്തിന്റെ പ്രത്യക്ഷോദാഹരണം.
സത്യത്തിനു സാക്ഷി എന്ന് ഈ ക്ഷേത്രത്തെ പ്രകീർത്തിക്കാൻ കാരണമുണ്ട്. രാജഭരണകാലത്ത് കരിക്കകത്തമ്മയുടെ തിരുനടയിൽ ആവലാതിക്കാരെയും പ്രതികളെയും കൊണ്ടുവന്ന്സത്യം ചെയ്യിച്ചായിരുന്നു പല കുറ്റകൃത്യങ്ങളും മോഷണങ്ങളും തെളിയിച്ചിരുന്നത്. ദാമ്പത്യ കലഹങ്ങളും ഭൂമി സംബന്ധമായ വ്യവഹാരങ്ങളും മറ്റുതരത്തിലെ കേസുകളുമായി കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി കഴിയുന്ന എത്രയോ ആളുകളാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെത്തി ദേവിയുടെ രക്ത കുങ്കുമ പ്രസാദം സ്വീകരിച്ചാണ് സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നത്.
പ്രധാനമായും തെളിയാത്ത കേസുകൾക്ക് തുമ്പുണ്ടാക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ചടങ്ങാണ് രക്തചാമുണ്ഡി നട തുറക്കൽ. പിന്നീട് കോടതി വ്യവഹാരം, ശത്രുദോഷം, ദൃഷ്ടിദോഷം, കൈവിഷം, ജാതകദോഷം, ചതി, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരമായും രക്തചാമുണ്ഡി നട തുറക്കാൻ തുടങ്ങി. ഇപ്പോഴും കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും പണമിടപാടുകളിലെ തർക്കങ്ങൾക്കും മോഷണങ്ങൾക്കും, പിടിച്ചുപറി, തട്ടിപ്പ്, ജോലി സംബന്ധമായ തടസങ്ങൾ, വസ്തു ഇടപാടുകളിലെ തർക്കം എന്നിവയ്ക്കും രക്തചാമുണ്ഡി നട തുറന്ന് പരിഹാരം കാണാൻ അനേകായിരം പേർ എത്തുന്നു; ഇപ്പോൾ 101 രൂപയാണ് നട തുറക്കുന്നതിന് ക്ഷേത്രത്തിൽ ഒടുക്കേണ്ടത്. ചില ദിവസങ്ങളിൽ ആയിരത്തിലേറെപ്പേർ ഇതിനായി ഇവിടെയെത്താറുണ്ട്.എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണി വരെയും വൈകിട്ട് 4.45 മുതൽ 6 വരെയുമാണ് മറ്റ് ക്ഷേത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത നടതുറപ്പ് ചടങ്ങ് നടക്കുന്നത്.രൗദ്രഭാവമാണ് രക്തചാമുണ്ഡിക്കെങ്കിലും മാതൃഭാവമുള്ള സ്‌നേഹദായിനിയുമാണ് അമ്മ; ക്ഷിപ്ര പ്രസാദിനിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡിയുടെ ചുവർ ചിത്രമാണ് ഈ നടയിൽ കുടികൊള്ളുന്നത്.
ശത്രുസംഹാരപൂജയാണ് ഇവിടെ പ്രധാനം. വിളിദോഷം മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങൾ, പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസങ്ങൾ, കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം, ശത്രുക്കൾ മുഖാന്തരം ഉണ്ടാകുന്ന ചതിപ്രയോഗങ്ങൾ എന്നിവയ്ക്ക് മുക്തി ലഭിക്കുന്നതിനുമാണ് ഈ പ്രത്യേക പൂജ നടത്തുന്നത്. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേർച്ചകളും, സ്വർണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങളും ആയുധങ്ങളും നടയ്ക്ക് വയ്ക്കുന്നവർ ധാരാളമുണ്ട്. ക്ഷേത്രത്തിൽ ഇതുപോലെ ആവശ്യപ്രകാരം മാത്രം തുറക്കുന്ന മറ്റൊരു നടകൂടിയുണ്ട്. ബാല ചാമുണ്ഡി നടയാണത്. സന്താന ദോഷങ്ങൾക്കും ബാലാരിഷ്ടതകൾക്കും കുട്ടികളുടെ വിദ്യാ തടസത്തിനും രോഗ ക്ലേശങ്ങൾക്കുമാണ് ബാലചാമുണ്ഡിയുടെ അനുഗ്രഹം പരിഹാരമാകുന്നത്.
– സരസ്വതി ജെ. കുറുപ്പ്
+91 90745 80476